Jump to content

താൾ:VairudhyatmakaBhowthikaVadam.djvu/50

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു



പൂർണമായോ, അവിടവിടെയായോ കേട് സംഭവിക്കുകയും ചെയ്യാം. നോബൽസമ്മാനം നേടിയ ലോകപ്രസിദ്ധനായ ഒരു ഭൗതികശാസ്ത്രജ്ഞനായിരുന്നു ലെവ്മദവിദോവിച്ച് ലൻദാവ്. ഒരു മോട്ടോർ അപകടത്തിൽപെട്ട് അദ്ദേഹത്തിന്റെ തലച്ചോറിനും മറ്റു പല ഭാഗങ്ങൾക്കും സാരമായ കേടുപറ്റി. ലോകത്തിന്റെ എല്ലാം ഭാഗങ്ങളിൽ നിന്നും പ്രസിദ്ധരായ ഡോക്ടർമാർവന്ന് പലവട്ടം നിന്നുപോയ അദ്ദേഹത്തിന്റെ ഹൃദയത്തെ ഓരോ സമയത്തും നടത്തിച്ചു; ധമനികളിൽ കൂടെ രക്തം ഒഴുകി; കഴിച്ച ഭക്ഷണം ആമാശയത്തിൽ വെച്ച് ദഹിപ്പിക്കപ്പെട്ടു... ഇവയുടെയെല്ലാം പ്രവർതനത്തെ നിയന്ത്രിക്കുന്ന തലച്ചോറിന്റെ ആ ഭാഗം പ്രവർതിച്ചുകൊണ്ടിരുന്നു. അങ്ങനെ അദ്ദേഹം പിന്നെയും ഒമ്പതുകൊല്ലത്തിലേറെ 'ജീവിച്ചു'. പക്ഷേ, അദ്ദേഹത്തിന്റെ തലച്ചോറിന്റെ മറ്റൊരുഭാഗം അപകടത്തിന്റെ ഫലമായി കേടുവന്നിരുന്നു. അത് നേരെയാക്കാൻ ഡോക്ടർമാർക്ക് കഴിഞ്ഞില്ല. അതിനാൽ തുടങ്ങിവച്ചിരുന്ന ഗവേഷണങ്ങൾ പൂർതിയാക്കാനോ എഴുതാൻ തുടങ്ങിയിരുന്ന ഗ്രന്ഥങ്ങൾ മുഴുമിപ്പിക്കുവാനോ ലൻദാവിന് കഴിഞ്ഞില്ല. കാരണം തലച്ചോറിന്റെ ഒരു ഭാഗം നശിച്ചതുതന്നെ. അപ്പോൾ ഈ 'ഗവേഷണപ്രതിഭ'ക്ക് അടിസ്ഥാനം തലച്ചോറാണ്, മറ്റൊന്നുമല്ല എന്ന് വ്യക്തമാകുന്നുണ്ടല്ലോ. തലച്ചോറിന് തകരാറ് പറ്റി എപ്പോഴും ചിരിച്ചുകൊണ്ടോ, കരഞ്ഞ്കൊണ്ടോ അക്രമങ്ങൾ കാട്ടിക്കൊണ്ടോ ഒക്കെ ഇരിക്കുന്ന ഭ്രാന്തന്മാരെയും, തലച്ചോറിൽ തന്നെ വന്ന മറ്റു ചില തകരാറു കൊണ്ട് 'കുട്ടിത്തം വിടാത്ത മുട്ടൻ' മാരെയും എല്ലാം നാം കണ്ടിട്ടുണ്ട്. തലച്ചോറിന്റെ ചിലഭാഗങ്ങളെ കൃത്രിമമായി ഉത്തേജിപ്പിച്ച് സന്തോഷം, ഭയം, സങ്കടം മുതലായ വികാരങ്ങൾ മനുഷ്യരിൽ ഉളവാക്കാമെന്നും ശാസ്ത്രം തെളിയിച്ചിട്ടുണ്ട്.

ഭയം, സങ്കടം, സന്തോഷം മുതലായ വികാരങ്ങളുടെയും ഗവേഷണപ്രതിഭാദി കഴിവുകളുടെയും എല്ലാം ആസ്ഥാനം, ഭൗതികമായ അടിസ്ഥാനം തലച്ചോറ് എന്ന പദാർഥമാണ്. ഒരു പ്രത്യേകതരം പദാർഥം തന്നെയാണിത്. അതിന്റെ കഴിവുകൾ, അദ്ഭുതകരങ്ങളുമാണ്. ഇത്തരം ഗുണധർമ്മങ്ങൾ ഈ പദാർഥത്തിന് ലഭിച്ചതെങ്ങനെയെന്ന് കുറെക്കൂടി വിശദമായി നമുക്ക് പരിശോധിക്കാം. പക്ഷേ, ഒരു കാര്യം സമ്മതിച്ചേ തീരു. തലച്ചോറ് എന്ന പദാർഥമില്ലെങ്കിൽ ഇപ്പറഞ്ഞ കഴിവുകൾ, സാമാന്യമായി പറഞ്ഞാൽ 'ബോധം' ഉണ്ടായിരിക്കുന്നതല്ല. തലച്ചോറിന്റെ ഭൗതികമായ (ശരീരശാസ്ത്രപരമായ) പ്രവർതനങ്ങളെ അടിസ്ഥാനമാക്കിയല്ലാതെ ബോധത്തെപ്പറ്റി മനസിലാക്കാൻ നമുക്ക് സാധിക്കയില്ല. തലച്ചോറിൽ സ്ഥിതിചെയ്യാത്ത, ഭൗതികേതരമായ ഒരു ബോധത്തെപ്പറ്റി പറയുന്നത് നിരർഥകമാണ്. എന്നാൽ ഇതേമാതിരിതന്നെ അർഥശൂന്യമാണ് ബോധമെന്ന് പറയുന്നത് ഒരു തരത്തിലുള്ള പദാർഥം ആണെന്ന ഉപരിപ്ലവഭൗതികവാദികളുടെ അഭിപ്രായവും. ലിവറിൽനിന്ന് (പിത്താശയത്തിൽ നിന്ന്) പിത്തനീർ ഊറിവരും പോലെ ഒരു സ്രവമത്രെ ബോധം! ശുദ്ധമേ അബദ്ധം. മനുഷ്യന്റെ ബോധം ഒരു പദാർഥമല്ല. അങ്ങേയറ്റം വികാസം പൂണ്ട ഒരു പദാർഥത്തിന്റെ, തലച്ചോറിന്റെ ഒരു വിശേഷഗുണധർമം മാത്രമാണത്.

51
"https://ml.wikisource.org/w/index.php?title=താൾ:VairudhyatmakaBhowthikaVadam.djvu/50&oldid=172092" എന്ന താളിൽനിന്ന് ശേഖരിച്ചത്