ചിന്ത, ബോധം, വിചാരവികാരങ്ങൾ മുതലായവയൊക്കെ തികച്ചും സ്വതന്ത്രങ്ങളായ, ഭൗതികലോകവുമായി ബന്ധമില്ലാത്ത കാര്യങ്ങളാണെന്നും ജീവൻ എന്ന പ്രതിഭാസം തന്നെയും അനിർവചനീയവും ഭൗതികേതരവും ആയ ഒരു ശക്തിവിശേഷം ആണെന്നും ഉള്ള ചിന്താഗതി ഉറച്ചുവന്നു.
കഴിഞ്ഞ, രണ്ടുമൂന്നു നൂറ്റാണ്ടുകളിലുണ്ടായ ശാസ്ത്രത്തിന്റെ വളർച, അബദ്ധജടിലമായ ഈ ചിന്താഗതിയെ സാരമായി പിടിച്ചു കുലുക്കി. ആദ്യം മതപുരോഹിതന്മാരാൽ നിശിതമായി എതിർക്കപ്പെട്ടുവെങ്കിലും അവസാനം ഡാർവിന്റെ പരിണാമവാദം ശാസ്ത്രലോകത്തിൽ സാമാന്യം അംഗീകരിക്കപ്പെട്ടു. മാർക്സിന്റെയും എംഗൽസിന്റെയും വൈരുധ്യാത്മകഭൗതികവാദം സ്രഷ്ടാവായ ഈശ്വരനെ കാലഹരണപ്പെടുത്തി; ആശയത്തിന്റെ സ്വാതന്ത്ര്യത്തെ പരിമിതപ്പെടുത്തി. ആധുനിക ജീവശാസ്ത്രം ഈ സിദ്ധാന്തങ്ങൾക് വർധമാനമായ തെളിവുകൾ നൽകി. പക്ഷേ, ചൂഷണത്തിൽ, അതായത് പരുക്കനായി പറകയാണെങ്കിൽ ഒരാളുടെ തലച്ചോറ് ആസൂത്രണം ചെയ്ത പ്രവൃത്തി മറ്റൊരാളുടെ കൈകളെക്കൊണ്ട് ചെയ്യിക്കുകയും അതിന്റെ ഫലം സ്വന്തമാക്കുകയും ചെയ്യുന്ന ഏർപാടിൽ, അധിഷ്ഠിതമായ സമൂഹങ്ങൾക് ശാസ്ത്രത്തിന്റെ ഈ മുന്നേറ്റം ഒരു ഭീഷണിയായിത്തീർന്നു. ശാസ്ത്രത്തെ വളച്ചൊടിക്കാനും ദുർവ്യാഖ്യാനം ചെയ്യാനും അവർ നിർബന്ധിതരായി. ചിലർ ശാസ്ത്രത്തെത്തന്നെ ചോദ്യം ചെയ്യാനും തുടങ്ങി.
ശാസ്ത്രം പുരോഗമിക്കുന്നതനുസരിച്ച് മനുഷ്യർ ചോദിക്കുന്ന ചോദ്യങ്ങളുടെ എണ്ണം സീമാതീതമായി പെരുകിവന്നു. ഭൗതികശാസ്ത്രങ്ങളുടെയും ജീവശാസ്ത്രങ്ങളുടെയും മുന്നണിയിൽ എത്തിയ ശാസ്ത്രജ്ഞർ വർധമാനമായ രീതിയിൽ വ്യാപിക്കുന്ന ചക്രവാളം കണ്ട് അമ്പരന്നു. മുമ്പെന്നത്തെക്കാളും കൂടുതൽ ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ ഇന്ന് മനുഷ്യന്റെ മുമ്പിലുണ്ടെന്ന നിലവന്നു. അറിഞ്ഞതിനെക്കാൾ കൂടുതൽ അറിയാത്തതിനെപ്പറ്റിയുള്ള ബോധം പല ശാസ്ത്രജ്ഞരെയും സ്തംഭനാവസ്ഥയിൽ എത്തിച്ചു. 'അറിയുക' എന്ന പ്രക്രിയയെപ്പറ്റി ശരിയായ ബോധം ഇല്ലാതിരുന്നതിനാൽ, കയ്യിന്റെയും കണ്ണിന്റെയും തലച്ചോറിന്റെയും ഭാഷയുടെയും കൂട്ടായ, ചുറ്റുമുള്ള പ്രകൃതിയുടെ മേലുള്ള പ്രവർത്തനവും പ്രതിപ്രവർത്തനവും അതിന്റെ ചരിത്രപരമായ വളർചയുടെ അടിസ്ഥാനത്തിൽ മനസിലാക്കാൻ കഴിയാതിരുന്നതിനാൽ, ശാസ്ത്രം ഒരു പ്രതിസന്ധിയിൽ എത്തിയിരിക്കുന്നതായി പല ശാസ്ത്രജ്ഞരും ആക്രോശിച്ചു. ഭൗതികവാദത്തിന്റെ നിഷേധമായി ആശയവാദികൾ ഇതിനെ വ്യാഖ്യാനിച്ചു. മനസിന്റെ, ആശയത്തിന്റെ, കേവലസ്വാതന്ത്ര്യവും അധ്വാനിക്കുന്ന കൈകളെ ചൂഷണം ചെയ്യാനുള്ള അതിന്റെ അവകാശവും അവർ ഉയർത്തിപ്പിടിച്ചു. തലച്ചോറിന്റെ പ്രവർത്തനങ്ങളിൽ ഇനിയും അറിയാതെ കിടക്കുന്ന നിയമങ്ങൾ ഇതിന്റെ പ്രമാണങ്ങളായി അവർ ഉദ്ഘോഷിച്ചു. സ്വത്തുണ്ടാക്കാനും സുഖിക്കാനും ചൂഷണം അതിനുള്ള ഉപാധിയായി സ്വീകരിക്കാനുമുള്ള അവകാശം മൗലികമാണെന്ന് അവർ അംഗീകരിച്ചു. ചൂഷണാധിഷ്ഠിതമായ മുതലാളിത്ത സമൂഹം അതിന്റെ അന്തിമമായ ആശയസമരം ആരംഭിക്കുകയാണ്. എന്നാൽ വൈരുധ്യാതമക ഭൗതികവാദികൾക്ക് പ്രകൃതി-