ശ്രീ
സുഭാഷിതരത്നാകരം.
ഒന്നാം പ്രകരണം.
അതിഥി സൽക്കാരം.
ബാലനോ വൃദ്ധനായോനോ യുവാവോ ഗൃഹമെത്തിയാൽ
പരിചിൽ സൽക്കരിക്കേണം; ഗുരുവാണു ഗൃഹാഗതൻ.
ഗേഹത്തിൽ വന്നവൻതന്നെ വെറുപ്പിച്ചിട്ടയപ്പവൾ
അവന്നു പുണ്യമേകീട്ടു താൻ ഗ്രഹിക്കുന്നു ദുഷ്കൃതം.
ശത്രുവും തൻഗൃഹേ വന്നാൽ വഴിപോൽ സൽക്കരിക്കണം
മുറിക്കുന്നവനും വൃക്ഷം തണലേകുന്നതില്ലയോ?
അതിത്വം.
അതിദാനാൽ ബദ്ധൻ ബലി;
യതിലോഭത്താൽ സുയോധനൻ നഷ്ടൻ;
അതികാമാൽ പൌലസ്ത്യൻ
ഹതനായ്,——-തി സർവ്വദിക്കിലും, വർജ്യം.
അന്തഃകരണം. (സ്വ)
ഈശ്വരാജ്ഞകളെന്തെല്ലാമെന്നതാർക്കറിയാം ഭുവി
എന്നുള്ള സംശയം തെല്ലും തോന്നീടരുതു ചൊല്ലുവൻ.
അകൃത്യം ചെയ് വതിന്നായിത്തുനിയുന്ന ദശാന്തരേ
'അരുതെ'ന്നൊരു ശബ്ദം തന്നുള്ളിൽനിന്നുളവായ് വരും,
അന്തഃകരണമെന്നത്രേയിതിൻ നാമം ധരിക്കണം;
ഉള്ളിൽ വാഴുന്നൊരീശൻ്റെ യാജ്ഞയാണിതു നിണ്ണയം.
ഈശവിശ്വാസമുണ്ടായാലിതുണ്ടായ് സ്ഥിരമായ് വരും;
ഇതിനെ സ്വീകരിക്കായ്കിലിതു മെല്ലേ കുറഞ്ഞുപോം.
അമരക്കാരനില്ലാത്ത കപ്പലെന്ന കണക്കിനേ
നിരാശ്രയതമസ്സിങ്കൽ മഗ്നനാം പുരുഷൻ തദാ.