കയ്യിൽ വീണപ്പോൾ സന്തോഷം അധികമായി ഉണ്ടായി. ഇങ്ങിനെ തന്നതിന്ന് എന്താണ് ശങ്കരനോട് ഉപചാരമായി പറയേണ്ടത് എന്ന് ഓർത്തുംകൊണ്ടു ശങ്കരന്റെ മുഖത്തേക്കു നോക്കി വെടിപ്പായി ഒരു മന്ദഹാസം ചെയ്തു. മലയാളം ഒരു വാക്കുപോലും ശരിയായി പറയാൻ ഇദ്ദേഹത്തിനു ശീലമില്ല. എങ്കിലും ശങ്കരൻ ചെയ്ത ഈ ഉചിതകർമ്മത്തെക്കുറിച്ച് അഭിനന്ദിച്ച് ഒരു വാക്കു പറയണമെന്ന് എമ്പ്രാനു അത്യാഗ്രഹം ഉണ്ടായതിനാൽ കർണ്ണാടകം തന്നാൽ കഴിയുന്നേടത്തോളം മലയാളമാക്കി ഇങ്ങനെ പറഞ്ഞു.
എ :- നീനു ബഹള ബുദ്ധിമന്ത, രസിക നാനു ഉപവാസയിട്ടാലും നിവേദ്യ നിനഗുകൊടുത്ത ബെഗസ്താനമാഡിബാ നാനു മലയാളിക്ക ബന്തു എരഡു തിങ്കളുമാത്ര ആയിത്തപ്പാ നിന്മ മലയാളബായ നനഗു തെളിവതല്ലപ്പാ.
ശങ്കരൻ കുളിച്ചുവരുമ്പോഴേക്കു വാതിൽമാടത്തിൽ ഒരു ഭാഗത്തി ഒരു തേക്കിലയിൽ ഒരു പട നിവേദ്യച്ചോറും ഉപകരണമായി കുറെ ഉപ്പും പച്ചമുളകും സംഭാരവും എമ്പ്രാൻ തെയ്യാറാക്കി വെച്ചിരിക്കുന്നു. ശങ്കരൻ ഉടനെ ഭക്ഷണത്തിനു ഇരുന്നു. അപ്പോഴേക്കു ക്ഷേത്രത്തിലെ കഴകക്കാരന വാർയ്യർ കടന്നു വന്നു. "ആരാണ് പുതിയ വഴിപോക്കൻ" എന്നു എമ്പ്രാനോടു ചോദിച്ചുംകൊണ്ട് ശങ്കരൻ ഉണ്ണുന്ന സ്ഥലത്തിനു സമീപം ചെന്ന് ഇരുന്നു.
കഴകക്കാരൻ ശങ്കുവാർയ്യർ കുറെ പ്രായം ചെന്ന സുശീലനായ ഒരു മനുഷ്യനാണ്. ശങ്കരന്റെ മുഖത്തേക്കു സൂക്ഷ്മമായി നോക്കിക്കൊണ്ടിരുന്നു. ഒരു നാലഞ്ചു നിമിഷം നോക്കിക്കൊണ്ടിരുന്ന ശേഷം.-
ശങ്കുവാർയ്യർ :- ശങ്കരനോട്-മുമ്പെ ഞാൻ എവിടെയോവെച്ചു ഒരു പ്രാവശ്യം കണ്ടതായി എനിക്കു നല്ല ഓർമ്മ തോന്നുന്നു. എവിടെ വച്ചാണെന്ന് ഓർത്തുനോക്കീട്ടു ലേശം തോന്നുന്നില്ല.
ശ :- എനിക്കും കണ്ടതുപോലെ തോന്നുന്നു.
ശങ്കു :- എവിടെയാണ് ദിക്ക്.
ശ :-ദിക്കോ- പറയാം (എന്നു പറഞ്ഞ് ഒന്നു ചിറിച്ചു ) എന്റെ ദിക്കു പൂർവ്വം തിരുവനന്തപുരത്താണ്. ഇപ്പോൾ പ്രത്യേകം ദിക്ക് ഒന്നുമില്ല. സഞ്ചാരിയായി കാലം കഴിക്കുന്നു.
ശങ്കു :- കാശിക്കു പോയിട്ടുണ്ടോ ?
ശ :- ഉണ്ട്. കാശിയിൽ ഒന്നുരണ്ടു സംവത്സരം താമസിച്ചിട്ടുണ്ട്.