താൾ:Sarada.djvu/40

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഇല്ലാതെ ആയി. കടവു കടന്ന് ഒരു മൂന്നു നാഴിക തെക്കോട്ടു നടന്ന ശേഷം വഴിക്കു സമീപം ഒരു തേക്കിൻകാട്ടിന്റെ ഉള്ളിൽ ഒരു ക്ഷേത്രത്തെ കണ്ട് അങ്ങോട്ടു നടന്നു ക്ഷേത്രത്തിൽ എത്തിയപ്പോൾ അവിടം നിർജ്ജനമായിട്ടാണു കണ്ടത്. മൂന്നേമുക്കാൽ ഭാഗവും കുറ്റിക്കാടുകൾ നിറഞ്ഞ് ഇടിഞ്ഞു പൊളിഞ്ഞുകിടക്കുന്ന ഒരു കളവും പുല്ലും കാടും നിറഞ്ഞുനിൽക്കുന്ന ഒരു തറയോടുകൂടിയ ഒരു അരയാലും മുട്ടിനുമീതെ കാടുനിറഞ്ഞുനിൽക്കുന്ന തിരുമുറ്റത്ത് ഒരാൾക്കു സന്ധിച്ചു നടക്കാൻ മാത്രം വിസ്താരത്തിൽ വാതിൽ മാടത്തിലേക്കു ഒരു വഴിയും കണ്ടു. ക്ഷേത്രവളപ്പു മുഴുവനും അതിദീർഘങ്ങളായി നിൽക്കുന്ന തേക്കുവൃക്ഷങ്ങളാൽ നിറയപ്പെട്ടിരുന്നു. ശങ്കരൻ തിരുമുറ്റത്തുള്ള വഴിയിൽക്കൂടെ വാതിൽമാടത്തിന്റെ വാതുക്കൾ എത്തി. അകത്തേക്കു നോക്കിയപ്പോൾ രണ്ടു മൂന്നു സംവത്സരമായി ഓല മാറ്റിക്കെട്ടാതെയുള്ള പുരയോടുകൂടിയ ഒരു മണ്ഡപവും വാതിൽ പകുതി അടഞ്ഞുനിൽക്കുന്ന ഒരു ശ്രീകോവിലും അതിന്റെ അകത്തു വളരെ ക്ഷീണിച്ചു കത്തുന്ന ഒരു ദീപത്തേയും കണ്ടു. അമ്പലത്തിൽ ആൾ ഉണ്ടായിരിക്കുമെന്നു നിശ്ചയിച്ചു. ശങ്കരൻ ഉച്ചത്തിൽ ഹേ, അമ്പലത്തിൽ ആരാണ് ഒന്നു പുറത്തേക്കു വരണേ എന്നു പറഞ്ഞു. അപ്പോൾ തിടപ്പള്ളിയിൽനിന്നു വെളുത്തു തടിച്ച ഒരു കൂറ്റൻ തുളു എമ്പ്രാൻ പുറത്തേക്കു ചാടി വന്നു.

എമ്പ്രാൻ :- ആറു ദെവസ്താനത്തില് ബായിടുന്നു. നീനു ഗജപോക്കിരി , യമ്പളത്തില് ബായിഡാവോ , നിനഗു എന്തുവേണം.

ശ :- അങ്ങുന്നെ എനിക്ക് അമ്പലത്തിൽ ഒരു വഴിപാട് കഴിക്കാനുണ്ട്. അതു കഴിച്ച് ഭക്ഷണം കഴിച്ചു പോണം. അതിനു തരമാവുമോ എന്നു അറിഞ്ഞില്ല.

എ :- ദുഡ് നീനു നന്ന കയ്യിലെ കൊട്ടരെ. ബാളിബാഡുരാത്തിരി ഗയക്കും. ഇല്ല ബഹു ദുർബിച്ച ദിക്കു അപ്പാ നായി അക്കി നി ബെദ്യബച്ചതെ ഉള്ളു. അതു നാനു അരഗു കൊടലിക്കില്ല.

ശങ്കരൻ ഉടനെ ഒരു ഉറുപ്പിക എടുത്ത് എമ്പ്രാനു വെച്ചുകാണിച്ചുംകൊണ്ട് ഇതാ അങ്ങുന്നേ എനിക്ക് ഒരു ഉരി ഉണക്കൽ അരി ചോറുമാത്രം കിട്ടിയാൽ മതി. അതു തരാതെ കഴികയില്ല. ഞാൻ ക്ഷണം കുളിച്ചു വരാം എന്നു പറഞ്ഞു.

എമ്പ്രാൻ മയാളത്തിൽ വന്നിട്ട് കഷ്ടിച്ച് ഒരു രണ്ടുമാസമായിട്ടെ ഉള്ളു. ഒന്നായി അറയ്ക്കാലുറുപ്പികയിൽ കവിഞ്ഞ ദക്ഷിണയോ വഴിപാടോ ഇതേവരെ കയ്യിൽ വീണിട്ടില്ലാ. ഒന്നായി ഒരുറുപ്പിക.

"https://ml.wikisource.org/w/index.php?title=താൾ:Sarada.djvu/40&oldid=169845" എന്ന താളിൽനിന്ന് ശേഖരിച്ചത്