Jump to content

താൾ:Sarada.djvu/39

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

രാ :- യാതൊരു രസക്കേടുമില്ല. കൃഷ്ണനുണ്ണി എജമാനൻ വളരെ സ്വഭാവഗുണമുള്ളാളാണ്. അതി ദയാലുവും നിർമ്മലമനസ്സുമാണ് വലിയ ഒരു കാർയ്യസ്ഥനല്ല. എന്നാൽ അദ്ദേഹത്തിന്റെ സ്വഭാവം കൊണ്ട് ഒരു മനുഷ്യനും അദ്ദേഹത്തോടു മുഷികയില്ല. അതികോപിയായ വലിയച്ചനും അതിദുഷ്ടനായ രാഘവനുണ്ണി എജമാനനും മറ്റു എടത്തിലുള്ള എല്ലാവരും കൃഷ്ണനുണ്ണി എജമാനനോട് ഒരുപോലെ താല്പർയ്യമായിട്ടാണ്. ഒരാളോടും അദ്ദേഹം ശണ്ഠയ്ക്കു പോവാറില്ല. സ്വഭാവം ഇങ്ങനെ നന്നായിട്ട് ഞാൻ മറ്റൊരാളെ കണ്ടിട്ടില്ല.

ശ :- എന്താണ് എന്നോട് പറവാൻ പറഞ്ഞയച്ച വിവരങ്ങൾ.

രാ :- അതൊ, പറയാം. ശാരദ എന്ന കുട്ടി എഴുത്തിൽ കണ്ടപ്രകാരം സത്യമായി കല്യാണിഅമ്മയുടെ മകളാണെങ്കിൽ നിശ്ചയമായി എടത്തിലെ സന്തതിയാണ്. എടത്തിൽ നിന്ന് അവളെ രക്ഷിക്കേണ്ടതുമാണ്. എന്നാൽ വലിയച്ചൻ അതിന്ന് സ്വന്തമനസ്സാലെ സമ്മതിക്കുന്നത് പ്രയാസമാണ്. രാമൻമേനോൻ എന്താണ് എനി ചെയ്‌വാൻ വിചാരിക്കുന്നത് എന്നുള്ളതിനെപ്പറ്റി വിവരമായി എജമാനനെ ഗൂഢമായി അറിയിക്കേണമെന്നും എജമാനന്നു കുട്ടിയെ ഒന്നു കാണേണമെന്ന് വളരെ ആഗ്രഹമുണ്ടെന്നും അദ്ദേഹത്തിനാൽ കഴിയുന്ന സഹായം എല്ലാം ചെയ്യുമെന്നും പറഞ്ഞു

ശ :- കൃഷ്ണനുണ്ണി എജമാനന്നു കുട്ടിയോട് ഇത്ര പ്രീതി തോന്നിയതു ശാരദയുടെ ഭാഗ്യവിശേഷം തന്നെ. ഞാൻ വിവരങ്ങൾ എല്ലാം എന്റെ എജമാനനെ അറിയിക്കാം. എനി ഞങ്ങൾ പ്രവർത്തിക്കുന്നതെല്ലാം കൃഷ്ണനുണ്ണി എജമാനനെ ഗൂഢമായി അറിയിച്ചിട്ടല്ലാതെ ചെയ്കയില്ല എന്ന് അവിടെ ധരിപ്പിക്കണം. പാർപ്പിന്റെ കാർയ്യം ഉറച്ചാൽ ആ വിവരവും അറിയിക്കാം.

ശങ്കരനും രാമനും പിന്നെയും വൈത്തിപ്പട്ടരെ കുറിച്ചും മറ്റും എടത്തിലെയും മറ്റും വർത്തമാനങ്ങളെക്കുറിച്ചും തമ്മിൽ ഉണ്ടായ സംഭാഷണം കഴിയുമ്പോഴേക്കു പ്രഭാതമായി. ശങ്കരൻ യാത്രപറഞ്ഞ് ഉടനെ പുറപ്പെടുകയും ചെയ്തു.

രാമപുരം പ്രദേശത്ത് എത്തിയപ്പോൾ രണ്ടുമൂന്നു നാഴിക പുലർന്നിരിക്കുന്നു. വൈത്തിപ്പട്ടർ കാണിച്ചുകൊടുത്ത അരയാൽ ചുവട്ടിൽ ഒരു നാഴികയോളം താമസിച്ചു. പട്ടരെ കണ്ടില്ല. ശങ്കരൻ അവിടെ നിന്നും പോന്നു. പരിയാരം എന്നു പേരായ കടവു കടക്കുമ്പോഴേ പതിനൊന്നു മണി കഴിഞ്ഞിരിക്കുന്നു. ഉറക്കും , വിശപ്പും ക്ഷീണവും ശങ്കരനെ അസാമാന്യമായി ബാധിച്ച് നടപ്പാൻ ഒരു നിവൃത്തിയും.

"https://ml.wikisource.org/w/index.php?title=താൾ:Sarada.djvu/39&oldid=169843" എന്ന താളിൽനിന്ന് ശേഖരിച്ചത്