താൾ:Sarada.djvu/35

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


കൃ :- ഒന്നും ചോദിച്ചില്ല. തന്നെ കണ്ട വിവരം ആരോടും പറയണ്ട എന്നു മാത്രം പറഞ്ഞു. എടത്തിലേക്കു എന്താണ് വരാത്തത് എന്നു ചോദിച്ചതിനു വരേണ്ട കാലമാവുമ്പോൾ വരും , ഇപ്പോൾ വരുന്നില്ലായെന്നും പറഞ്ഞു.

രാ :- എനി ഇതിൽ സംശയമുണ്ടോ.

അ :- രാഘവൻ പറഞ്ഞതു ശരിയാണെന്നു എനിക്കും തോന്നുന്നു. പക്ഷെ ആ പട്ടരെ ഇപ്പോൾത്തന്നെ ആളയച്ചു വരുത്തിയാലൊ.

രാ :- വരട്ടെ - വരട്ടെ - ബദ്ധപ്പെടേണ്ട. പട്ടരെ എപ്പോഴെങ്കിലും വരുത്താം. പണം കൊടുത്താൽ ആ കള്ളൻ എന്തും ചെയ്യും. അയാളെ സ്വാധീനമാക്കാൻ ഒരു പ്രയാസവുമില്ല. എന്നാൽ ആയാൾ ഈ കാർയ്യത്തിൽ എന്തൊക്കെയാണ് വൈഷമ്യങ്ങൾ പ്രവർത്തിച്ചിരിക്കുന്നത് എന്ന് അന്വേഷിച്ചറിഞ്ഞ് ഈ കാർയ്യത്തിന്റെ അവസ്ഥപോലെ വേണ്ടത് ചെയ്യാം.

ശ :- ഇപ്പോൾ ഉണ്ണി കേൾപ്പിച്ചതു ശരിയാണ്. അങ്ങിനെ തന്നെയാണ് പ്രവർത്തിക്കേണ്ടത് എന്നും എനിക്കും തോന്നുന്നു.

അ :- ഈശ്വരോ രക്ഷതു. പണ്ടുപണ്ടുള്ള കാരണവന്മാരെല്ലാവരും അവരുടെ കാലം മാനമായി തന്നെ കഴിച്ചുപോയി. നുമ്മളുടെ കാലത്ത് ഇങ്ങിനെ ഒരു അവമാനം വരാൻ യോഗമുണ്ടെങ്കിൽ നിവൃത്തിയില്ലല്ലോ. രാഘവൻ പറഞ്ഞതു ശരിയാണെങ്കിൽ ആ കള്ളപ്പട്ടരെ ഉടനെ സ്വാധീനമാക്കി ഈ സംഗതിയെപ്പറ്റി പുറത്തേക്കു ഒരു ശബ്ദത്തിന്ന് എടകൊടുക്കാതെ കഴിക്കുന്നതല്ലെ നല്ലത് എന്ന് എനിക്കു തോന്നുന്നു.

രാ :- കല്പിച്ചത് ശരി തന്നെ. പുറത്തേക്കു ഒരു ശബ്ദത്തിന് എട വരാതെ കഴിക്കുന്നതു തന്നെയാണാവശ്യം. എന്നാൽ വൈത്തിപ്പട്ടര് എന്തൊക്കെയാണ് ഇതിൽ പ്രവർത്തിച്ചിരിക്കുന്നത് എന്നും ഈ എഴുത്ത് അയച്ച വിദ്വാൻ ആരാണെന്നും മറ്റുമുള്ള വിവരങ്ങൾ സൂക്ഷ്മമായി അറിഞ്ഞശേഷം വൈത്തിപ്പട്ടരെ വരുത്തിയാൽ മതി എന്ന് എനിക്കു തോന്നുന്നു.

അ :- അങ്ങനെയാവട്ടെ. ഉണ്ണിയുടെ ആലോചനപോലെ ചെയ്തോളു. നമുക്ക് അവമാനമൊന്നും വരരുത്. അത്രമാത്രമേ ആഗ്രഹമുള്ളു.

എന്നും പറഞ്ഞു ദീർഘത്തിൽ ഒന്നു നിശ്വസിച്ചുംകൊണ്ട് ഭക്ഷണത്തിനായി അച്ചൻ അകായിലേക്ക് പോവുകയും ചെയ്തു.

"https://ml.wikisource.org/w/index.php?title=താൾ:Sarada.djvu/35&oldid=169839" എന്ന താളിൽനിന്ന് ശേഖരിച്ചത്