Jump to content

താൾ:Sarada.djvu/20

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഭർത്താവു വരണ്ടെ. ഈ പൊട്ടരാജ്യത്ത് ഇരുന്ന് ഇതെല്ലാമങ്ങിനെ നിവൃത്തിക്കും. ഉടനെ നാട്ടിലേക്കു പോകണം. അതിനു സംശയമുണ്ടോ.

രാ:- ഏതു നാട്ടിലേയ്ക്ക് , നാട് ഏതാണ് , ഞങ്ങൾക്ക് ഇപ്പോൾ പ്രത്യേകതയുള്ളത് , അതു പറയിൻ.

വൈ:- മലയാളരാജ്യംതന്നെ. പൂഞ്ചോലക്കര എടത്തിലേക്ക് ഇപ്പോൾ പോവണമെന്നു ഞാൻ പറയുന്നില്ല. എജമാനന്റെ നാട്ടിലേക്കും പോവരുതെ ? തൽക്കാലം എന്റെ ഗൃഹത്തിൽതന്നെ താമസിക്കാമല്ലോ. എന്റെ രാജ്യത്തു പോയിട്ടു പിന്നെ വിചാരിച്ചു നിശ്ചയിച്ചു ശാരദയുടെ നാട്ടിലേക്കൊ യജമാനന്റെ നാട്ടിലേക്കോ പോവാമല്ലോ.

രാ:-പൂഞ്ചോലക്കര എടത്തിലേക്കു പോയാൽ എന്താണു വിരോധം. ശാരദയുടെ വീട് അല്ലേ അത് ?

വൈ:-അതെ എജമാനനെ. അതെ. ശാരദയുടെ വീടു തന്നെ എന്നാൽ ആ തരത്തിലുള്ളവരെല്ലാം വളരെ വികൃതികളാണ്.

ഇതു പറഞ്ഞപ്പോൾ രാമൻമേനോൻ പതുക്കെ ഇരുന്ന ദിക്കിൽ നിന്ന് എഴുന്നേറ്റു ശങ്കരനെ വിളിച്ചു ശാരദയ്ക്കു ഭക്ഷണം കൊടുപ്പാൻ കല്പിച്ചു. "ഞാൻ വേഗം ഇദ്ദേഹത്തിനെ അയച്ചു വരാം. മകളെ അമ്മു ഊണു കഴിച്ചോളു " എന്ന ശാരദയോടു പറഞ്ഞ് അകത്തേക്കയച്ചശേഷം പട്ടരോടുകൂടി സത്രത്തിലെ മുറ്റത്തിറങ്ങി ഒരു വൃക്ഷത്തണലിൽ രണ്ടുപേരും കൂടി പോയി നിന്നു.

രാ:- ഞാൻ പൂഞ്ചോലക്കര എടത്തിലുള്ള വർത്തമാനങ്ങൾ എന്റെ ഭാര്യ ചില സമയങ്ങളിൽ പറഞ്ഞറിഞ്ഞതല്ലാതെ വേറെ യാതൊന്നും അറിയില്ല. കല്യാണി ആ ദിക്കുവിട്ടു പോന്നിട്ടു തന്നെ ഇപ്പോഴെയ്ക്ക് പതിനഞ്ചു പതിനാറു കൊല്ലങ്ങളായി. എനിക്കു എടത്തിലെ ഇപ്പോഴത്തെ സ്ഥിതിയെയും വർത്തമാനങ്ങളേയും കുറിച്ചു വിവരമായി അറിവാൻ ആഗ്രഹമുണ്ട്. വിവരമായി പറയിൻ , കേൾക്കട്ടെ.

വൈ:- വിവരമായി പറയാം. എജമാനൻ കല്പിച്ച പ്രകാരം പറയാം. ഞാൻ പൂഞ്ചോലക്കര എടത്തിലുള്ള ഉണ്ണിമാരെപ്പോലെ തന്നെ ആ എടത്തിൽ വളർന്ന ഒരുവനാണ്. എന്നെപ്പോലെ അവരുടെ വർത്തമാനം നിശ്ചയമുണ്ടായിട്ട് ആരും ഇല്ല. എജമാനനവർകളുടെ ഭാര്യയോടുകൂടി ഞാൻ പുറപ്പെട്ടു പോന്നതുവരെ എനിക്ക് ആവരുടെ ചോറായിരുന്നു പൂഞ്ചോലക്കര എടത്തിൽ ഞാൻ കാണുന്ന കാലം.

രാ:- അത്ര പഴയ കഥ വേണ്ട , ഇപ്പോഴത്തെ സ്ഥിതി കേട്ടാൽ മതി.

"https://ml.wikisource.org/w/index.php?title=താൾ:Sarada.djvu/20&oldid=169823" എന്ന താളിൽനിന്ന് ശേഖരിച്ചത്