Jump to content

താൾ:Sarada.djvu/18

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വൈ:-കുട്ടിക്കു് എത്ര വയസ്സായി?

കൃ:-പത്തു പതിനൊന്നായി. കല്യാണിഅമ്മയെപ്പോലെ തന്നെയാണു് കണ്ടാൽ.

വൈ:-നീ വാ. ഞാനും വരാം. ഞാൻ അദ്ദേഹത്തിനെ ഒന്നു കണ്ടു കളയാം.

കൃ:-നിങ്ങളെ വിളിക്കാൻ പറഞ്ഞു മൂപ്പരു്. ഒന്നിച്ചു കൂട്ടിക്കൊണ്ടു വരാഞ്ഞിട്ടു് ശങ്കരമേനോനോടു ശണ്ഠയിട്ടു.

വൈത്തിപ്പട്ടരു് "അങ്ങിനെയൊ" എന്നു ചോദിച്ചു. മനസ്സിനു ഓരോ സ്തോഭങ്ങൾ ഉണ്ടാവുമ്പോൾ ഒക്കെയും ഓരോ സർപ്പദൃഷ്ടി ഇട്ടുംകൊണ്ടും രാമൻ മേനോന്റെ കയ്യിലുള്ള പണത്തിന്റെ സ്ഥിതിയെയും മറ്റും ഓർത്തുകൊണ്ടും സത്രത്തിലേക്കായി വേഗം നടന്നു.

സത്രത്തിൽ ചെന്നു കയറുമ്പോൾ രാമൻ മേനോൻ സത്രത്തിലെ കോലായിൽ ഒരു പരവതാനിയിൽ തന്റെ മകളോടു കൂടി ഇരിക്കുന്നതു കണ്ടു. രാമൻമേനോൻ കണ്ടാൽ നല്ല സുമുഖനാണെന്നു മുമ്പു പറഞ്ഞിട്ടുണ്ടല്ലോ. ഇപ്പോൾ ഏകദേശം അൻപതു വയസ്സായിരുന്നുവെങ്കിലും തൽക്കാലമായി ഉണ്ടായ കഠിന വ്യസനത്താൽ ഉള്ള ക്ഷീണമല്ലാതെ ദേഹകാന്തിക്കു് അശേഷം കുറവു വന്നിട്ടില്ല. ഈ രാമന്മേനോൻ വളരെ നിർമ്മലമായ മനസ്സുള്ളാളായിരുന്നു. നല്ല ബുദ്ധിമാനും ആയിരുന്നു. എന്നാൽ ചിലപ്പോൾ മനസ്സിന്റെ നൈർമ്മല്യതയുടെ ആധിക്യത്താൽ സാമർത്ഥ്യക്കുറവു് വാക്കുകളിലും പ്രവൃത്തികളിലും വന്നുപോകാറുണ്ടു്. ഇംഗ്ലീഷ് സാമാന്യം നല്ലവണ്ണം സംസാരിക്കാം. വടക്കുരാജ്യത്തു് അധികം കാലം താമസിച്ചതിനാൽ ഹിന്തുസ്ഥാനി, മാറാട്ടി, ബങ്കാളി മുതലായ ഭാഷകൾ അദ്ദേഹത്തിനു വിശേഷമായി സംസാരിക്കാം. പലേ രാജ്യങ്ങളിലും സഞ്ചരിച്ചു് ഇദ്ദേഹത്തിനു നല്ല അറിവും വെളിവും വിശാലതയും ഉണ്ടായിരുന്നു.

വൈത്തിപ്പട്ടരു് സത്രത്തിന്റെ കോലായിൽ കയറി രാമന്മേനോന്റെ സമീപത്തിൽ എത്തി. ശാരദ ഈ മരണദേവതയുടെ സ്വരൂപം കണ്ടു് ഒന്നു ഞെട്ടി. അച്ഛന്റെ അടുക്കലേക്കു കുറെക്കൂടി അടുത്തു ഇരുന്നു. പട്ടരു് അടുക്കെ എത്തിയപ്പോൾ രാമന്മേനോൻ കണ്ടു തിരിച്ചറിഞ്ഞു. "അവിടെ ഇരിക്കിൻ സ്വാമി" എന്നു പറഞ്ഞു.

വൈത്തിപ്പട്ടരു് അവിടെ ഇരിക്കാതെ മാറത്തു് ഒന്നു തല്ലി കഠിനമായി ഒരു സർപ്പദൃഷ്ടി ഇട്ടു. എന്നിട്ടു് ഒരു നിലവിളി. അതു കഴിഞ്ഞശേഷം.

"https://ml.wikisource.org/w/index.php?title=താൾ:Sarada.djvu/18&oldid=169819" എന്ന താളിൽനിന്ന് ശേഖരിച്ചത്