Jump to content

താൾ:Sarada.djvu/17

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നിന്നിരുന്ന കൃഷ്ണനെ വിളിച്ചു് "നീ ഓടിപ്പോയി നോക്കു്, വൈത്തിപ്പട്ടർ ആ കടവിൽ എങ്ങാനും ഉണ്ടായിരിക്കും. ഉണ്ടെങ്കിൽ നിന്റെ ഒന്നിച്ചു കൂട്ടിക്കൊണ്ടുവാ. വേഗം വരണം." എന്നു പറഞ്ഞയച്ചു.


കൃഷ്ണൻ ഓടിപ്പോയി. കുറെ ഓടിയപ്പോൾ വൈത്തിപ്പട്ടർ അഭിമുഖമായി വരുന്നതു കണ്ടു.


വൈ:-എന്താണു കൃഷ്ണാ? കല്യാണിയമ്മ മരിച്ചുപോയി ഇല്ലേ? ആ സ്ത്രീയുടെ കയ്യിൽ കുറെ പണ്ടങ്ങൾ ഉണ്ടായിരുന്നതു് എല്ലാം പോയോ, അല്ല രാമൻ മേനോൻ വശം ഉണ്ടോ?


കൃ:-പണ്ടങ്ങൾ ഒന്നും പോയിട്ടില്ല.എജമാനന്റെ പക്കൽ വളരെ പണ്ടങ്ങൾ അതു കൂടാതെ ഉണ്ടല്ലോ. സ്വാമി പോന്നതിൽപ്പിന്നെ യജമാനൻ വളരെ പണം സമ്പാദിച്ചു വലിയ കോപ്പുകൂട്ടിയിരിക്കുന്നു. നാട്ടിൽ പോയി വീടും മറ്റും അതികേമമായി പണിയിച്ചുതാമസിക്കണം എന്നതായിരുന്നു വിചാരം. അപ്പോഴേക്കു് അമ്മ മരിച്ചു. എനി അങ്ങോട്ടു പോകുന്നുവോ എന്നറിഞ്ഞിട്ടില്ല. എനിക്കു് എന്റെ വീട്ടിൽ പോയാൽ കൊള്ളാമായിരുന്നു. സ്വാമി അല്ലേ എന്നെ ഈ കുടുക്കിൽ ആക്കിവെച്ചതു്. എനിയെങ്കിലും പറഞ്ഞു് വല്ലതും വാങ്ങിത്തന്നു് എന്നെ നാട്ടിലേക്കു് അയച്ചുതന്നാൽ നന്നായിരുന്നു.


വൈ:-എന്താണു് നല്ല കോപ്പുണ്ടോ. എത്ര ഉറുപ്പികയ്ക്കു ആസ്തി ഉണ്ടാവും. എല്ലാം കയ്യടക്കമായി കൂടെത്തന്നെ കൊണ്ടുനടക്കുന്നുവോ?


കൃ:-ഒക്കെ കയ്യിൽതന്നെ. നോട്ടായിട്ടും പണമായിട്ടും പണ്ടമായിട്ടും അമ്പതു് അറുപതിനായിരം ഉറുപ്പിക കയ്യിൽ ഉണ്ടു്. അതുകൂടാതെ വളരെ പണം പലിശയ്ക്കു കൊടുത്തിട്ടുമുണ്ടു്. വടക്കു് ഓരോ കച്ചേരികളിലും പലിശയ്ക്കു കൊടുത്തിട്ടുമുണ്ടു്. മൂപ്പർക്കു കണ്ണിൽ ദീനമാണു്. കണ്ണിന്നു നല്ല കാഴ്ചയില്ല.


വൈ:-സത്യമായിട്ടു് അമ്പതു് അറുപതിനായിരം ഉറുപ്പിക കയ്യിലുണ്ടോ?


കൃ:-ഉണ്ടു്. സംശയമില്ല. ഒരു പെൺകുട്ടിയുണ്ടു്. ശാരദ എന്നാണു പേരു്.


വൈ:-കണ്ണിനു് ഉപദ്രവം നന്നെ ഉണ്ടോ. ആളെ കണ്ടാൽ അറികയില്ലെ?


കൃ:-ആളെ അടുത്തു കണ്ടാൽ സാമാന്യം തിരിയും. ദൂരത്തു് ഉള്ളതു് യാതൊന്നും കാണുകയില്ല. നടക്കുന്നതു വടി കുത്തീട്ടാണു്. സകല കാര്യങ്ങളും ശങ്കരമേനോനാണു നടത്തുന്നതു്. പണവും മറ്റും ശങ്കരമേനോനാണു് സൂക്ഷ്മം.

"https://ml.wikisource.org/w/index.php?title=താൾ:Sarada.djvu/17&oldid=169808" എന്ന താളിൽനിന്ന് ശേഖരിച്ചത്