ക :- മലയാളത്തിൽ ഈ പുസ്തകം ഇല്ലേ ?
രാ :- ഉണ്ട് എന്റെ കൈവശം ഇല്ല.
കണ്ടൻമേനോനു് ഈ സംവാദം അത്ര രസിച്ചില്ല. താൻ പഴയ ഒരു മനുഷ്യൻ തന്നെ. എന്നാലും ഒരു വസ്തുവെക്കുറിച്ചെങ്കിലും സിവിൽ വ്യവഹാരസംബന്ധമായി അറികയില്ലെന്ന് ഈ ചെറുപ്പക്കാരായ വക്കീൽമാർക്ക് ഇത്ര ക്ഷണത്തിൽ മനസ്സിലാവുന്നതും അതിനെ പുറത്താക്കുന്നതും തനിക്ക് പരമസങ്കടമായിട്ടുള്ള ഒരവസ്ഥയായിരുന്നു. തന്റെ അപ്പോഴത്തെ പണമില്ലാത്ത സ്ഥിതിയേയും മറ്റും ക്ഷണത്തിൽ ഓർമ്മ വന്നു. താൻ കാർയ്യങ്ങളിൽ പണ്ടത്തെപ്പോലെ വാദിക്കുമാറില്ല. എന്നാലും ഇത്ര ലഘുവായ ഒരു സംഗതിയിന്മേൽ തന്നെ നിന്ദിച്ചു പറഞ്ഞുവല്ലോ . ഹാ , കഷ്ടം . ദൈവം ഓരോരോ കാലത്തിന്റെ അവസ്ഥയ്ക്കനുസരിച്ച് ഓരോരുത്തനെ ശിക്ഷിക്കുകയും ചെയ്യുന്നതാണ് എന്നുറച്ച് ഉടനെ അവിടെ നിന്ന് പോവാൻ സമ്മതം ചോദിച്ചു.
രാ :- അപ്പോഴേക്കു പോവാൻ ബദ്ധപ്പാടായോ ? ഇന്ന് ഇവിടെ ഊണു കഴിച്ച് രാത്രി ഇവിടെ കെടക്കാമല്ലോ ?
ക :- അല്ല എനിക്ക് അസാരം ബദ്ധപ്പാടുണ്ട്. എനിക്ക് ഒന്നു വക്കീൽ ശാമുമേനോന്റെ അടുക്കെ പോവേണ്ട ആവശ്യമുണ്ട്.
രാ :- എന്നാൽ അത്രെ വേണ്ടു. അങ്ങിനെയാവട്ടെ.
ക :- അന്യായഹർജി എഴുതുന്നതു നാളെ ആക്കാം. അതിന്നായി ഞാൻ ഇങ്ങോട്ടു വരാം.
രാ :- അങ്ങിനെയാവട്ടെ.
വക്കീൽ ശാമുമേനോനെക്കുറിച്ച് എന്റെ വായനക്കാർ ഈ പുസ്തകത്തിന്റെ ആറാം അദ്ധ്യായത്തിൽ വായിച്ചിട്ടുണ്ടായിരിക്കാം. ഈ ശാമുമേനോൻ പൂഞ്ചോലക്കര എടത്തിൽ ഏകദേശം ഒരു ആശ്രിതനെപ്പോലെ ആയിരുന്നു എന്നും അറിഞ്ഞിരിക്കാം. ഇയാളും കണ്ടന്മേനോനുമായി പഴെ ചങ്ങാതിമാരായിരുന്നു. തൽക്കാലം ശാമുമേനോനെ കാണേണമെന്ന് ഒരു താല്പർയ്യം ഉണ്ടായത് എന്തുകൊണ്ടായിരുന്നു എന്ന് എനി പറയാന പോകുന്ന കഥയിൽനിന്ന് അറിയാവുന്നതാണ്. പിന്നെ കണ്ടൻമേനോൻ വടിയും , കുടയും ചെരുപ്പമായി ശാമുമേനോന്റെ വീട്ടിൽ ചെന്നു. ശാമുമേനോൻ കുശലപ്രശ്നങ്ങൾ കഴിഞ്ഞ ഉടനെ വന്നതു വല്ല വിശേഷസംഗതി ഉണ്ടായിട്ടോ എന്നു ചോദിച്ചു.