Jump to content

താൾ:Sarada.djvu/14

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അവിടെ പാർക്കരുതെ. അതിനെ എന്താണു വിരോധം. അല്ലെങ്കിൽ അച്ഛ്ന്റെ വീട്ടിൽ നുമ്മൾക്കു രണ്ടാൾക്കും കൂടെ പോയി താമസിക്കരുതെ. എവിടെയായാലും എനിക്ക് അച്ഛ്ന്റെ കൂടെ താമസിക്കണം. അതു മാത്രമെ ആഗ്രഹമുള്ളു.

രാമൻമേനോൻ കുട്ടിയുടെ വാക്കുകൾ കേട്ടു സന്തോഷിച്ചു. പിന്നെയും ദീർഘാലോചനയിലായി. ഇങ്ങനെ രാമേശ്വരത്തിൽ രാമൻമേനോൻ ആലോചനയിൽതന്നെ ദിവസങ്ങൾ കഴിക്കുന്ന കാലം ഒരു ദിവസം ശങ്കരൻ ഒരു തെരുവിൽക്കൂടി നടക്കുമ്പോൾ ദൈവഗത്യാ ഒരു പട്ടരെ കണ്ടെത്തി. അയാളുടെ മുഖം മുൻപു കണ്ട് നല്ല പരിചയമുള്ളതുപോലെ തോന്നി. ശങ്കരൻ കുറെ അടുത്തു ചെന്നു കുറെക്കൂടെ സൂക്ഷിച്ചുനോക്കി.

ശങ്കരൻ:- സ്വാമീ, നിങ്ങളുടെ പേരു വൈത്തിപ്പട്ടർ എന്നല്ലേ?

വൈ : - എന്താണു ശങ്കരാ; നീ എങ്ങിനെ ഇവിടെ എത്തിച്ചേർന്നു. കല്ല്യണിയമ്മയും രാമൻമേനോനും ഏതു രാജ്യത്താണു. ഇപ്പോൾ രാമൻമേനോൻ പണം കുറെ സമ്പാദിച്ചുവോ? നീ എന്തിനു അവരെ വിട്ടുപോന്നു. നിനക്കു സമ്പാദ്യം വല്ലതും ഉണ്ടായോ?

ശ:- അമ്മ മരിച്ചുപോയി. ഇന്നേക്കു ഇരുപതു ഇരുപത്തഞ്ചു ദിവസം മുമ്പെ ഇവിടെ വച്ചു തന്നെയാണു മരിച്ചത്. എജമാനൻ ഇവിടെ ഉണ്ടു. ഇതാ ആ കാണുന്ന സത്രത്തിൽ ഒരു സ്ഥലം ഒഴിച്ചു വാങ്ങി പാർക്കുന്നു. അദ്ദേഹത്തിനു കല്യാണിഅമ്മയിൽ ഉണ്ടായ ഒരു മകളും കൂടെ ഉണ്ട്. നിങ്ങൾക്കു എജമാനനെ കാണണ്ടേ?

ഈ വൈത്തിപ്പട്ടരെ കുറിച്ചു ഈ കഥയിൽ എനി പലേ സ്ഥലങ്ങളിലും ചില മുഖ്യമായ സംഗതികളെ സംബന്ധിച്ചു പറയേണ്ടി വരുന്നതിനാൽ ഇയ്യാളുടെ സ്ഥിതിയെ കുറിച്ചു അല്പം ഇവിടെ പ്രസംഗിക്കേണ്ടി വന്നിരിക്കുന്നു.

ഇയാൾ ചെറുപ്പം മുതൽ പുഞ്ചോലക്കര എടത്തിലെ ഒരു ആശ്രിതനായിരുന്നു. തെക്കൻ ചരക്കു കച്ചോടത്തിലും മറ്റും ഒരു നാലഞ്ചായിരം ഉറുപ്പികയുടെ സ്വത്ത് സമ്പാദിച്ചിരിക്കുന്നു. അങ്ങിനെ ഇരിക്കുമ്പോഴാണു ഇയാൾ കല്യാണി അമ്മയുടെ ആവശ്യപ്രകാരം ആ അമ്മയുടെ കൂടെ കാശിക്കു ചാടിപ്പോയത്. കൂടെപ്പോയതു ദ്രവ്യാഗ്രഹത്തിന്മേലാണു. പക്ഷെ തന്റെ ആലോചനകൾ സഫലമായിട്ടില്ല. രാമൻമേനോനും കല്യാണിഅമ്മയും ഭാര്യാഭർത്താക്കന്മാരുടെ നിലയിൽ ആയി കുറെ കഴിഞ്ഞശേഷം ഇയാൾ മടങ്ങി സ്വരാജ്യത്തിലേക്കു തന്നെ പോന്നു. മടങ്ങിവന്നശേഷം പൂഞ്ചോലക്കര എടത്തിലും

"https://ml.wikisource.org/w/index.php?title=താൾ:Sarada.djvu/14&oldid=169775" എന്ന താളിൽനിന്ന് ശേഖരിച്ചത്