താൾ:Sarada.djvu/13

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഞാൻ കണ്ടെത്തിയതു്. അതു മുതൽ ഉള്ള വിവരങ്ങൾ നിന്നോടു ഞാൻ പറഞ്ഞിട്ടുണ്ടല്ലോ. ഇങ്ങനെയാണു് എന്റെ വർത്തമാനം മകളെ.

ശരദ ഈ വിവരങ്ങളെല്ലാം വളരെ ശ്രദ്ധയോടും ക്ഷമയോടും കേട്ടു് ഒടുവിൽ ഒരു മന്ദഹാസത്തോടുകൂടി ഇങ്ങിനെ പറഞ്ഞു.

"എന്നാൽ അച്ഛനേയും എന്നെയും നുമ്മടെ നാട്ടുകാർ ഇപ്പോൾ അറിവാൻ പ്രയാസം തന്നെ. നുമ്മൾ അവിടെ പോയിട്ടു് എന്തു ചെയ്യും. ഈ ശങ്കരൻ നുമ്മളുടെ കൂടെ എപ്പോൾ വന്നുകൂടി അച്ഛാ. ശങ്കരനെ അച്ഛനും അമ്മയും സ്വന്തം മകനെപ്പോലെ കൊണ്ടുനടക്കുന്നുവല്ലോ. അവൻ നുമ്മളുടെ ആരാണു്."

രാ:- ശങ്കരൻ. അവനു് എട്ടു് ഒമ്പതുവയസ്സു പ്രായമായപ്പോഴേ എനിക്കു തിരുവനന്തപുരത്തിൽവെച്ചു് പരിചയമാണു്. അവൻ തിരുവനന്തപുരം രാജ്യക്കാരനാണു്. നല്ല ഒരു തറവാട്ടിൽ ഉള്ള കുട്ടിയാണു്. ബഹുബുദ്ധിമാനാണു്. അവനു് വീട്ടിൽ നല്ല കോപ്പുണ്ടു്. ചിത്രമെഴുത്തിൽ ഭ്രമിച്ചു് എന്റെ കൂടെ ചാടിപ്പോന്നതാണു്. പിന്നെ ഇതുവരെ എന്നെ വിട്ടിട്ടില്ല. എനിക്കും കല്യാണിക്കും ശങ്കരനെ നിന്നെപ്പോലെ താല്പര്യമാണു്. എന്റെ കുട്ടിയോടു് എന്നോളം വാത്സല്യമുണ്ടു് ശങ്കരനു്. അവനോടും അങ്ങോട്ടും എന്റെ കുട്ടി അതുപോലെ സ്നേഹമായിരിക്കണം. ശങ്കരൻ അതിബുദ്ധിമാനാണു് മകളെ. ഇംഗ്ലീഷ് അവൻ താനെ പഠിച്ചു കുറെ വില്പത്തി ഉണ്ടു്. ചിത്രം സാമാന്യം നല്ലവണ്ണം എഴുതാൻ അറിയാം. വടക്കൻ ഭാഷകൾ പലതും ഞാൻ സംസാരിക്കുന്നതിലധികം നല്ലവണ്ണം സംസാരിക്കും. നമ്മൾക്കു ശങ്കരൻ വലിയ ഒരു സ്നേഹിതനും കൂറുള്ളവനും ആണു് മകളെ. അവൻ അതിബുദ്ധിമാനാകയാൽ അവന്റെ സ്നേഹത്തിനു നമ്മൾ വലിയ വില കൊടുക്കേണ്ടതാണു്. എന്റെ മകൾക്കു് എല്ലാവരുടേയും വിവരങ്ങൾ മനസ്സിലായല്ലോ. എനി ഞാൻ എന്റെ മകളോടും ഒരു കാര്യം ചോദിക്കട്ടെ. അതിനു് ഉത്തരം പറയണം. എന്റെ മകൾക്കു നമ്മുടെ സ്വന്തം നാട്ടിൽ പോകണമെന്നോ അതല്ല, ഈ ദിക്കിൽ എങ്ങാൻ തന്നെ പാർക്കണമെന്നോ ആഗ്രഹം.

ശാ:-അച്ഛനു എങ്ങിനെയാണു് ഇഷ്ടം എന്നുവച്ചാൽ അങ്ങിനെ തന്നെയാണു് എന്റെ ഇഷ്ടവും. അച്ഛൻ എവിടെ പാർക്കുന്നുവോ അവിടെ പാർക്കാനാണു് എനിക്കും ആഗ്രഹമുള്ളതു്.

എന്നാൽ അച്ഛനു യാതൊരു സഹായവുമില്ലാതെ ഇവിടെ പാർക്കുന്നതിനേക്കാൾ നല്ലതു് എനി നുമ്മളുടെ രാജ്യത്തേക്കുതന്നെ പോവുന്നതല്ലേ എന്നു് എനിക്കു തോന്നുന്നു.എനിക്കു വീടുണ്ടെങ്കിൽ നുമ്മൾക്കു്

"https://ml.wikisource.org/w/index.php?title=താൾ:Sarada.djvu/13&oldid=169764" എന്ന താളിൽനിന്ന് ശേഖരിച്ചത്