താൾ:Sangkalpakaanthi.djvu/70

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ലതാഗീതം

പ്രേമത്തിൻസുരഭിലസ്വപ്നങ്ങൾ ചിന്നിച്ചിന്നി-
ക്കോമളവസന്തമേ, വന്നാലും , വന്നാലും നീ !
തിങ്ങിടും വികാരത്തിൻജൃംഭണത്തിനാലൊച്ച
പൊങ്ങിടുന്നില്ലല്ലോ, ഞാനെന്തു ചെയ്യട്ടേ നാഥാ !
അങ്ങയെ ദൂരത്തെങ്ങോ കണ്ടപ്പോഴേക്കുന്തന്നെ-
യിങ്ങിതാ , പുളകത്താൽ മൊട്ടിടാൻ തുടങ്ങീ ഞാൻ !
അവിടുന്നിനിയെങ്ങാനെന്നടുത്തെത്തിപ്പോയാ-
ലമിതോന്മദത്താലെൻകാലുറയ്ക്കാതായാലോ !

കണ്ടിട്ടുണ്ടവിടുത്തെപ്പലപ്പോഴും ഞാനിപ്പൂ-
ച്ചെണ്ടണിത്തോപ്പിൽ,ക്കൊച്ചുകുരുന്നായിരുന്നപ്പോൾ
അന്നെന്നെക്കറയറ്റ വാത്സല്യം വഴിയുന്ന
കണ്ണിനാൽ നോക്കും നോട്ടമിപ്പോഴും ഞാനൊർക്കുന്നു
കാണാറുണ്ടാ നോട്ടത്തിലെന്നും ഞാനൊരു നേർത്ത
വേണുഗാനത്തിൽപ്പൊതിഞ്ഞുള്ളതാമേതോ നാകം.
ആ നാകം സ്വാർത്ഥത്തിന്റെ ധൂമിക മൂടീടാത്ത-
താണെന്നു കാണാമാർക്കുമൊറ്റനോട്ടത്തിൽത്തന്നെ !
അപ്പൊഴൊക്കെയും , ഞാനൊരോമനത്താൽപര്യത്തിൻ-
സ്വപ്നപ്പൂഞ്ചിറകടിച്ചെങ്ങോട്ടോ പറന്നുപോം !
എന്താണെന്നറിയുവാൻ കഴിയാത്തേതോ സുഖ-
ചിന്തയിലലിഞ്ഞലിഞ്ഞിരിക്കും ഞാനെപ്പോഴും !
എന്നൊടൊട്ടനുഭാവം കാണിച്ചുകൊണ്ടന്നെല്ലാം
നിന്നിടാറുണ്ടെൻമുന്നിലാർദ്രയാം വസുമതി
പ്രാണനാ പ്രേമാമൃതമാദ്യമായ് നുകരുമ്പോൾ
കാണുന്നതെല്ലാം തോന്നും കവിതാമയമായി !

സങ്കല്പം, നേർത്ത മൂടൽമഞ്ഞിനാൽ മൂടപ്പെട്ട-
തെങ്കിലു,മെനിക്കായി മറ്റൊരുലോകം നല്കി.
അതിൽ ഞാനെന്നെത്തന്നെ നിശ്ശേഷം മറന്നേ , തോ
കൊതിതൻതുഞ്ചത്തിരുന്നെപ്പോഴുമൂഞ്ഞാലാടി !
അക്കൊതിയെന്താണെന്നുമെന്തിനാണെന്നും മറ്റും
തർക്കിക്കാനെന്നോടു ഞാനുദ്യമിച്ചീലന്നൊന്നും !

"https://ml.wikisource.org/w/index.php?title=താൾ:Sangkalpakaanthi.djvu/70&oldid=169684" എന്ന താളിൽനിന്ന് ശേഖരിച്ചത്