താൾ:Sangkalpakaanthi.djvu/68

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കാകോളമുള്ളിൽത്തുളുമ്പിടും കർക്കശ-
കാളാംബുദങ്ങൾ നിറഞ്ഞ ദിക്കിൽ
മിന്നുന്നൊരേതേതു വിദ്യൂല്ലതികയു-
മങ്ങനെതന്നെ പൊലിഞ്ഞുപോണം !
മിന്നാമിനുങ്ങുകൾ മിന്നിയാൽ നീങ്ങുമോ ,
മന്നിൽ നിറഞ്ഞീടുമന്ധകാരം ?

ലോകപ്രശംസതൻമുൾച്ചെടിക്കാട്ടിൽ ന-
യേകനായെത്രയലഞ്ഞു ചുറ്റി ?
എന്നിട്ടും ദുർഗ്ഗമദുർഗ്ഗങ്ങളായിരം
വെന്നിട്ടും, നീ കഷ്ട, മെന്തു നേടി ?
സ്ഫീതപ്രതാപം വിരൽത്തുമ്പാൽ നിർമ്മിച്ചോ-
രേതോ ചില ജലരേഖമാത്രം !
നേരിട്ടതു നോക്കിപ്പുഞ്ചിരിക്കൊള്ളുന്നു
ചാരത്തു നില്ക്കും ശവകുടീരം !

അത്രയ്ക്കസഹ്യമാമായിരം ചിന്തക-
ളൊത്തുചേർന്നെന്മനം നീറിടുമ്പോൾ ,
എത്ര തുടയ്ക്കിലും തോരാതെ പിന്നെയും
തപ്താശ്രു കണ്ണിൽ തുളുമ്പിടുമ്പോൾ ,
കൂരിരുൾമൂടുമെൻജീവിതവീഥിയി-
ലാരൊരു സാന്ത്വനരശ്മി വീശും ?
ആലംബഹീനൻ ഞാന,യ്യോ,ജഗത്തിതി-
ലാരാൽ വന്നാരെന്നെയുദ്ധരിക്കും ?

തോടും പുഴകളും പിന്നിട്ടൊരായിരം
കാടും മലകൾക്കും ദൂരെയെങ്ങോ ,
ഉന്നതസൌഭാഗ്യശൃംഗത്തിൽ മിന്നുമ്പോ-
ളെന്നെയൊന്നോർക്കുമോ , നിർമ്മലേ, നീ ?
ഇല്ല, നീയോർക്കുകയില്ലെ,നിക്കെങ്കിലു-
മില്ലതിലേതും പരിഭവവും !
ഒന്നിച്ചു തോളിൽപ്പിടിച്ചു നടന്നവ-
രന്യനായ് മാറഉന്നതാണു ലോകം !-
ഒന്നിച്ചൊരാത്മാവിലൊട്ടിപ്പിടിച്ചവ-
രന്യോന്യം ഹിംസിപ്പതാണുലകം !-
കക്കയെക്കൺകക്കും മാണിക്യമാക്കുവാൻ
കക്കയായ് മാണിക് ക്കല്ലു മാറ്റാൻ ,
കെല്പെഴും കാലമേ , ചിന്തിക്കുന്തോറുമ-
ത്യത്ഭുതമാണു നിന്നിന്ദ്രജാലം !

"https://ml.wikisource.org/w/index.php?title=താൾ:Sangkalpakaanthi.djvu/68&oldid=169681" എന്ന താളിൽനിന്ന് ശേഖരിച്ചത്