താൾ:Sangkalpakaanthi.djvu/39

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഹേമന്ദത്തിനെക്കൊണ്ടു ചന്ദനക്കുളിർമയും
പൂമയവസന്തത്താൽ സുഷമാസമൃദ്ധിയും
ശിശിരത്തിനെക്കൊണ്ടു പുളകപ്പൂമാലയും
നിശയെക്കൊണ്ടു നിത്യമാനന്ദസുഷുപ്തിയും
ഗ്രീഷ്മത്താൽ പ്രതാപവും ശക്തിയും ജഗത്തിനു,
ഭീഷ്മതേജസ്സേ, ഭവാൻ സദയം ദാനംചെയ്വൂ!
വിഗതാലസം തോജോഗോളങ്ങളെല്ലാം കാത്തു,
ഭഗവൻ, ഭവാൻ മേന്മേൽ വിജയിച്ചരുളുന്നു.
അവിടുന്നുണർവിന്റെ കോവിലിൽ, ഞങ്ങൾക്കെല്ലാ-
മവിരാമോന്മേഷത്തിൻ നിർവൃതി കൊളുത്തുന്നു.

ഉറങ്ങില്ലു, റങ്ങില്ല ഞങ്ങളിന്നിയും;--മുന്നോ-
ട്ടൊരുങ്ങിയിറങ്ങുകയായിതാ, വീണ്ടും ഞങ്ങൾ!
അകലെപ്പുരോഗതി, ഞങ്ങളെച്ചിരിച്ചുംകൊ-
ണ്ടരികത്തേക്കു മാടിവിളിപ്പൂ വീണ്ടും വീണ്ടും!
ഇത്രനേരവും ഞങ്ങളിരുളി,ലാലസ്യത്തിൻ-
നിദ്രയിൽ, സ്വപ്നംകണ്ടു കിടന്നു ഗതബോധം!
അഭിനൂതനമാമീയുണർവിൽ, പ്രവൃത്തിതൻ-
പ്രഭയിൽ, ചിറകുറ്റ ചിതതൻ വികാസത്തിൽ,
വിദ്യുതാംശുക്കൾപോലെ, മേൽക്കുമേലുക്കർഷത്തിൻ-
വിസ്തൃതവിഹായസ്സിൽ വിഹരിക്കട്ടേ ഞങ്ങൾ!
നിദ്രയുമാലസ്യവുമിരുളും നശിപ്പിച്ച
ഭദ്രദീപമേ, ദിവ്യചൈതന്യസ്വരൂപമേ,
സ്വാതന്ത്ര്യത്തിന്റെ സാക്ഷാന്നേതാവേ, സവിതാവേ,
ശ്രീതാവും നവജീവദാതാവേ നമസ്ക്കാരം!

--ഒക്ടോബർ, 1937.

"https://ml.wikisource.org/w/index.php?title=താൾ:Sangkalpakaanthi.djvu/39&oldid=169649" എന്ന താളിൽനിന്ന് ശേഖരിച്ചത്