ഭാരതത്തിന്റെ ചരിത്രത്തിൽ മൌൎയ്യകാലചരിതം തങ്കലിപികൊണ്ടു കുറിക്കത്തക്കവണ്ണം അത്രയും മഹത്ത്വമേറിയതാകുന്നു. ആ മഹിമയേറിയ കാലത്തിലെ ചരിത്രാവശേഷങ്ങളെ ഗവേഷണം ചെയ്യുമ്പോൾ കണ്ടുകിട്ടിയ കൌടില്യന്റെ അൎത്ഥശാസ്ത്രം ഏറ്റവും പ്രശംസനീയമായ അന്നെത്തെ ഭരണവ്യവസ്ഥയെ ലോകത്തിന്റെ മുമ്പാകെ കാഴ്ച വെച്ചു. അതുകണ്ടു് പാശ്ചാത്യർ അത്ഭുതപരതന്ത്രരായിച്ചമഞ്ഞു. നാഗരികതയില്ലാതെ വിദ്യാവിഹീനരായി ജീവിച്ചുപോന്നവരാണു് ഭാരതീയർ എന്നു വിശ്വസിച്ചുപോന്ന പാശ്ചാത്യലോകം ഒന്നു് അമ്പരന്നുപോയി. ഭാരതത്തിനു് ഒരു പ്രാചീനചരിത്രമുണ്ടെന്നു് അപ്പോഴാണു് അവൎക്ക് ബോധപ്പെട്ടത്.
അനന്തരം ചരിത്രാന്വേഷികളായ പാശ്ചാത്യർ പല പ്രാചീനഗ്രന്ഥങ്ങൾ തേടിയും ചരിത്രവസ്തുക്കൾ പരിശോധിച്ചും വിദേശികളുടെ യാത്രക്കുറിപ്പുകൾ സംഗ്രഹിച്ചും പ്രാചീനഭാരതത്തെപ്പറ്റി പഠിക്കുവാൻ പലവഴിക്കും പരിശ്രമിച്ചുതുടങ്ങി. അവൎക്ക് ഏതുരാജ്യത്തിലേയും ചരിത്രമറിയുന്നതിന്നും അതിൽനിന്നു സാരമായ പാഠങ്ങൾ പഠിക്കുന്നതിന്നും അത്രത്തോളം ശ്രദ്ധയുണ്ടു്. എന്നാൽ നമ്മുടെയിടയിൽ നമ്മുടെ പൂൎവ്വചരിത്രത്തെപ്പറ്റി അറിയണമെന്നു് ആഗ്രഹമുള്ളവർ എത്രപേരുണ്ട്! പാശ്ചാത്യരുടെ നാനാവിധമായ അഭിവൃദ്ധിക്കും നമ്മുടെ ദൈനംദിനമായ അധഃപതനത്തിന്നും ഒരു പ്രധാനകാരണം ഇത്തരം വിഷയങ്ങളിൽ നമുക്കുള്ള അശ്രദ്ധയായിരിക്കയില്ലേ!
അങ്ങിനെ സമ്രാട്ടശോകന്റെയും ചന്ദ്രഗുപ്ത ചക്രവൎത്തിയുടേയും കാലത്തിലെ സ്ഥിതിഗതികൾ ഇപ്പോൾ