താൾ:Ramarajabahadoor.djvu/50

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
അദ്ധ്യായം അഞ്ച്


"രംഗത്തിൽ വന്നു വീണീടിനാൻ കംസനും,
..................................................................
കൂടവേ ചാടിനാൻ കൃഷ്ണനവന്മീതെ."
"മുറിവുമവനുടെ നെറിവുമൊരുവിധമറിവുമൊരു വക തുള്ളലും,
പറയനോടു ഫലിക്കയില്ലതു പറകയില്ലറിയാമുടൻ."


അന്നത്തെ മല്ലയുദ്ധം ശിക്ഷാഭീതനായ അഴകൻപിള്ളയുടെ ഹരിണപലായനത്തോടുകൂടി അവസാനിച്ചില്ല. ഈ പ്രബന്ധസംഭവങ്ങൾ ഒരു മഹാപ്രവാഹത്തിന്റെ ഗതിയെത്തുടർന്ന് അവിസ്മരണീയമായുള്ള ചരിത്രവിശ്രുതിയെ സമ്പാദിച്ച്, തന്റെ സ്ഥാനത്തിനും രാജ്യത്തിനും പ്രജകൾക്കും അഭിമാനഹേതുകമായ ഒരു വിജയം അനന്തരപ്രസ്ഥാനങ്ങളുടെ ശുഭോദർക്കതയ്ക്കു സുശകുനം എന്നപോലെ സംഭവിച്ചപ്പോൾ രാമവർമ്മമഹാരാജാവ് ഉത്തരക്ഷണം അനുഷ്ഠിച്ചതായ കർമ്മം അവിടുത്തെയും മന്ത്രിപ്രധാനന്റെയും ദർശനസൂക്ഷ്മതകളെയും കണ്ഠീരവരായരുടെ ദ്രോഹോദ്ദേശ്യത്തെയും വെളിപ്പെടുത്തി. നിമന്ത്രിതനോ നിയുക്തനോ ആകാതെ, സ്വരാജ്യപ്രഭാവത്തെ സംരക്ഷിപ്പാൻ ജീവത്യാഗത്തിനും ഒരുങ്ങി പുറപ്പെട്ട ഒരു പ്രഭുഭൃത്യനെ ചില ഭൂസംഭാവനകളാൽ സ്ഥിതിമാനാക്കുന്നതിനു നിശ്ചയിച്ചു വേണ്ട കല്പനകൾ കൊടുപ്പാൻ സേനാപംക്തിയും ബഹുജനങ്ങളും വട്ടമിട്ടു നില്ക്കവേതന്നെ മഹാരാജാവ് തന്റെ മന്ത്രിപ്രധാനനെ മണ്ഡപത്തിലോട്ടു വരുത്തി. പൂർവ്വകഥാസംബന്ധമായി ദ്രുതകോപി, സംരംഭകാരൻ, പ്രസാദാർത്ഥി എന്ന നിലകളിൽ നാം കണ്ടിരുന്ന യുവധീമാൻ അനുസരണത്വരയോടെ തിരുമുമ്പിൽ എത്തി, മുഖംകാണിച്ചുകൊണ്ട് നിരതിപ്രകർഷത്താൽ തന്നെ കൃപാപൂർവ്വം വീക്ഷണം ചെയ്യുന്ന മഹാരാജാവായ പരമശക്തിയിൽനിന്നുത്പന്നമായ ഒരു അണുമാത്രമാണെന്നുള്ള വിനയത്തെ ദ്യോതിപ്പിച്ച് നമ്രശിരസ്കനായി നിലകൊണ്ടു.

"https://ml.wikisource.org/w/index.php?title=താൾ:Ramarajabahadoor.djvu/50&oldid=168309" എന്ന താളിൽനിന്ന് ശേഖരിച്ചത്