താൾ:Ramarajabahadoor.djvu/430

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ണ്ടാൽ കല്പിച്ചു പക്ഷേ, മാപ്പുതന്നു രക്ഷിക്കും" എന്നു തനിക്കു കിട്ടീട്ടുള്ള അധികാരത്തെ ആസ്പദമാക്കി, ആ യുവസേനാനി, സൗജന്യഭാഷണംകൊണ്ട് ആ ചണ്ഡാലാകാരനെ ഘോരവിധിനിപാതത്തിൽനിന്നും രക്ഷിപ്പാൻ യത്നിച്ചു.

ഒരു അട്ടഹാസത്തോടെ പഞ്ചാസ്യക്രിയയായിത്തന്നെ, പാണ്ട ത്രിവിക്രമന്റെ ശരീരത്തിന്മേൽ പതിച്ചു. ആ രണ്ടു ശരീരങ്ങളും കനകകൃഷ്ണശിലകളുടെ സംയോഗമെന്നപോലെ സമ്മേളനംചെയ്തു. വിക്രമൻ വിദഗ്ദ്ധസമരത്തിനു വട്ടംകൂട്ടെ, ആ യുവശരീരത്തെയും വഹിച്ചുംകൊണ്ട് പരിപന്ഥയായ ഗിരികായൻ ഒന്നു പിന്നടിച്ച് അഗാധമായുള്ള നീരാഴിയിൽ, ഒരു മഹാശിലാഖണ്ഡത്തിന്റെ പ്രപാതമെന്നപോലെ ഉണ്ടായ ഒരു മുഴക്കം, കല്ലമ്പലത്തിലും സമീപമുള്ള പാറക്കൂട്ടങ്ങളിലും പ്രതിധ്വനിച്ചു, ഭടജനങ്ങൾ തോക്കുകൾ നീട്ടിക്കൊണ്ട് ആ മഹാകൂപത്തെ വലയംചെയ്തു. "അനങ്ങരുത്, പാപികളേ, തെറ്റി പൊന്നുംകൊടത്തിനും കൊണ്ടുപോകും". എന്നു വിളികൂട്ടിക്കൊണ്ടു അഴകൻപിള്ള ആ കൂപത്തിലെ ഒരു ഭാഗത്തു കാണപ്പെട്ട അപകടപടികളിൽക്കൂടി കീഴ്പോട്ടിറങ്ങാൻ, ഈ വശത്തു പിടിച്ചും അങ്ങേവശത്തു കുന്തമൂന്നിയും ഇരുന്നു നിരങ്ങിത്തുടങ്ങി. വെള്ളത്തിന്റെ അഗാധതകൊണ്ടുള്ള കറുപ്പിനിടയിൽ താഴ്ന്ന വിഗ്രഹങ്ങളെ കാണുന്നില്ല. ദേവകിക്ക് ഇഹലോകസുഖങ്ങൾ നഷ്ടപ്പെടുത്തുന്ന ഘാതകമദനനു താൻതന്നെ രുദ്രമൂർത്തി എന്നു നിശ്ചയിച്ചുകൊണ്ട് ത്രിവിക്രമനെ പിടികൂടി കുളത്തിലോട്ടു ചാടിയ ഭീമനിഷാദൻ ജലാഗാധതയിൽ ആയപ്പോൾ, യുവാവിന്റെ കണ്ഠത്തെ സ്വപാണികൾ ചേർത്തുകൊണ്ടു ഞെക്കിത്തുടങ്ങി. ത്രിവിക്രമന്റെ മുഷ്കരതാഡനങ്ങൾ ജലനിരോധത്തിനിടയിൽ ആ ശിലാകൂടത്തിന്മേൽ പുഷ്പസമ്പാതമെന്നപോലെ നിഷ്ഫലങ്ങളായി. ധീരയുവാവ് കുടഞ്ഞുതുടങ്ങി. ഗജകായൻ ആ യുവകൂറ്റന്റെ ശിരസ്സിനെ കീഴ്പോട്ടമർത്തി, ഊക്കു കൂട്ടി ഞെരിച്ചുതുടങ്ങി. ഭടജനങ്ങളിൽ ചിലരും അഴകൻപിള്ളയും നീരാഴിയിലോട്ടു ചാടാൻ വസ്ത്രങ്ങൾ മാറ്റിത്തുടങ്ങി. അന്തർഭാഗത്തുള്ള സമരകലാപത്താൽ ജലം ഇളകിക്കലങ്ങി. തസ്കരനായകന്റെ ഹസ്തചന്ദ്രക്കലകൾ സംയോജിച്ചുള്ള മുറുക്കത്തെ, ത്രിവിക്രമൻ സ്വസ്കന്ധങ്ങളെ ഉയർത്തി തടഞ്ഞുകൊണ്ട് പാദത്താൽ പ്രതിയോഗിയുടെ ഉദരത്തെ ലക്ഷ്യമാക്കി തൊഴിച്ചു. ആ അതിസാഹസവും ഫലിച്ചില്ല. നിഷാദവീരൻ തന്റെ പിടി മുറുക്കി ത്രിവിക്രമനെ പരലോകപ്രാന്തം സന്ദർശിപ്പിക്കുമാറ് അയാളുടെ കണ്ണുകളെ പുറത്തോട്ട് ഉന്തിച്ചു. "ആങ്ഹാ" എന്നു പല്ലു ഞെരിച്ച് ഉച്ചരിച്ചുകൊണ്ട് ആ യുവാവ് മഹാത്മാവായ ജനകഗുരുവാൽ ഉപദിഷ്ടമായുള്ള ബ്രഹ്മാസ്ത്രശക്തിയെ അംഗുലായുധത്താൽ പ്രയോഗിച്ചു. അസ്ത്രം സൂക്ഷ്മലാക്കിൽ തറച്ചില്ല. രണ്ടാമതും ആ അസ്ത്രം, ജീവരക്ഷാമാത്രത്തിനെന്നുള്ള സങ്കല്പത്തോടെ പ്രയുക്തമായപ്പോൾ പറപാണ്ടയുടെ നേത്രങ്ങൾ കല്പാന്താഗ്നിപ്രജ്വലനത്തെ സന്ദർശിച്ചു. പുറത്തു കേൾപ്പാൻ പാടില്ലാത്ത ഒരു അട്ടഹാസം, പാണ്ട

"https://ml.wikisource.org/w/index.php?title=താൾ:Ramarajabahadoor.djvu/430&oldid=168295" എന്ന താളിൽനിന്ന് ശേഖരിച്ചത്