താൾ:Ramarajabahadoor.djvu/43

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ദാനത്തെ ജീവിതവ്രതമായി വരിച്ചിട്ടുള്ള ശ്രീരാമവർമ്മ മഹാരാജാവിന്റെ ഹൃദയം അരക്ഷണംപോലും തുനിഞ്ഞില്ല. സ്വവ്രതത്തിന്റെ ഭംഗവും ഒരു കാര്യാന്ധന്റെ ജീവഹതിയും കൂടാതെ കാര്യങ്ങൾ സമാപിക്കാൻ മാർഗ്ഗമെന്തെന്നു ചിന്തിച്ചു ധ്യാനസ്ഥിതിയിൽ നിന്നപ്പോൾ, കരണീയം തിരുവുള്ളത്തിൽ പ്രകാശിച്ചു. അതുകൊണ്ട് അഴകൻപിള്ളയെ അടുത്തപോലെ സന്ദർശിച്ചത് കൊട്ടാരം സർവ്വാധികാര്യക്കാരർ ആയിരുന്നു. അദ്ദേഹത്തിന്റെ വീരഭദ്രപ്രഭാവവും അകമ്പടിക്കാരുടെ ഭൂതഗണവേഷങ്ങളും കണ്ടപ്പോൾ താൻ വഴിപോലെ സത്കരിക്കപ്പെടുന്നു എന്നു ചിന്തിച്ച് അഴകൻപിള്ളയുടെ മനസ്സു കുളിർത്തു. രാജമന്ദിരത്തിലെ ഒരു തളത്തിൽ നെടിയിലയും ഇട്ട് അഴകൻപിള്ളയെ ഇരുത്തി. സർവാവാധികാര്യക്കാരുടെ കണ്ഠശംഖത്തിന്റ ഉഗ്രധ്വനികൾ യഥാക്രമം ആജ്ഞകൾ കൊടുത്തു വിളമ്പിച്ചപ്പോൾ രാജാതിഥിയുടെ ഉദരം തിത്തിയിലെ ചുരയ്ക്കപോലെ വീർത്തു. പത്തിരുപതു പണം അടങ്ങീട്ടുള്ളതായ ഒരു കിഴിയും, രണ്ടുടുപ്പുമുണ്ടുംകൂടി സമ്മാനമായി കിട്ടിയപ്പോൾ, "എന്റെ അമ്പിച്ചൊ! ഇന്നു വലതുവയം തന്നെ എഴിച്ചേൻ" എന്ന തന്റെ ഭാഗ്യത്തിൽ സമ്മോദിച്ചു. എങ്കിലും, സർവ്വാധികാര്യക്കാരരിൽനിന്ന്, "എന്നാൽ ഇനി പോക; പിന്നീടു കാണാം." എന്ന് ഒരു നിയോഗം പുറപ്പെട്ടപ്പോൾ സമ്മാനങ്ങളെ താഴത്തുവച്ചിട്ട് അഴകൻപിള്ള ഉഗ്രമായ ഒരു പരുഷപ്രസ്രവണത്തിനു കോപ്പിട്ടു. "ഹിതെന്തൊരങ്ങുന്നേ! ഈ കൈയ തൊണ്ടയിലിട്ടാൽ അഹത്തുപോയത് മുച്ചൂടും വെളിയിൽ എടുത്തുടുവാര്. മറ്റതൊണ്ടല്ലൊ, പൊന്നുചേവടി എന്നു ചൊല്ലുവാരിച്ചയോ, ആ ഹൈമാന്യം, അത് ഓക്കാനിച്ചാലും, തല കീഴ്ക്കാമ്പാടെ നിറുത്തൂട്ടാലും അങ്ങു തങ്ങിയേ കിടപ്പാര്."

സർവ്വാധികാര്യക്കാർ: "എടാ, നിന്നെ ആ രായർ കൊന്നാൽ -"

അഴകൻപിള്ള: "അങ്ങത്തെക്കെന്തു ചേതം എന്നെ! എടുത്തു ചുട്ടു പൊശുക്കുടണം. പെറ്റ തള്ള മാനമായി മാരടിച്ച് ഏഴവ് കൊണ്ടാടുവാര്."

അഴകൻപിള്ളയുടെ ഉയരം ഒന്നു വർദ്ധിച്ചതുപോലെ സർവ്വാധികാര്യക്കാർക്കു തോന്നി. ആ കാലദണ്ഡാകാരനെ തന്റെ ഉദ്യോഗശാലയിൽ ഇരുത്തീട്ട് സർവ്വാധികാര്യക്കാർ രാജസമക്ഷം വസ്തുതകൾ സമർപ്പിപ്പാൻ തിരിച്ചു.

അന്നത്തെ സൂര്യോഷ്മാവ് ശാന്തമായിത്തുടങ്ങിയപ്പോൾ രാജമന്ദിരത്തോട്ടത്തിന്റെ കിഴക്കുതെക്കുഭാഗത്ത് വൃക്ഷങ്ങളില്ലാത്ത ഒരു സ്ഥലം ഇടിച്ചുറപ്പിച്ച് മല്ലരംഗത്തിനു യോഗ്യമാക്കിത്തീർത്തിരിക്കുന്നു. അതോടു ചേർന്നുള്ള വിശ്രമമണ്ഡപത്തിന്റെ നാലു വശങ്ങളും വെളിയടകൾ തൂക്കി മറയ്ക്കപ്പെട്ടിരിക്കുന്നു. മണ്ഡപത്തിന്റെ കിഴക്കുവശത്തു ദിവാൻമുമ്പായ ഉദ്യോഗസ്ഥന്മാരും പടിഞ്ഞാറെ ഭാഗത്ത് രാജമന്ദിരപരിജനങ്ങളും അത്യുപചാരഭാവത്തിൽ നില്ക്കുന്നത് രാജസാന്നിദ്ധ്യത്തെ സൂചിപ്പിക്കുന്നു. തുറന്ന രംഗത്തിന്റെ പടിഞ്ഞാറുവശത്ത് അഴകൻപിള്ള തറ്റുടുത്ത്, ആ വസ്ത്രം ഇഴിഞ്ഞുപോകാതെ അരക്കച്ചകൊണ്ട് ഇറുക്കിക്കെട്ടി ചന്ദനക്കു

"https://ml.wikisource.org/w/index.php?title=താൾ:Ramarajabahadoor.djvu/43&oldid=168294" എന്ന താളിൽനിന്ന് ശേഖരിച്ചത്