താൾ:Ramarajabahadoor.djvu/42

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നുഅഴകൻപിള്ള ആലിന്റെ ചുവട്ടിൽ രാജമന്ദിരപ്രാന്തമെന്നുള്ള വസ്തുതയെ മറന്നും ശ്രീരാമേശ്വരം ദർശിച്ച പുണ്യപീയൂഷം പെരുക്കീട്ടുള്ള അന്നദാതാവിന്റെ കരുണാമൃതത്തിലുള്ള പരിപൂർണ്ണവിശ്വാസത്താൽ രാജഗൃഹം പ്രജാഗൃഹംതന്നെ എന്നു സങ്കല്പിച്ചും വൃദ്ധനെ കൊള്ളാത്തകൂട്ടത്തിൽ ഗണിച്ച് ആ പരിചയത്തെയും സംഭാഷണത്തെയും ഉപേക്ഷിച്ചും നെടിയ കാലുകൾ നീട്ടി ഇരിപ്പായി. വൃദ്ധൻ, അഴകൻപിള്ള അവലംബിച്ച പരിഭവമൂർഖത കണ്ടു ചിരിച്ചുപോകുമെന്നായപ്പോൾ ആ സ്ഥലത്തുനിന്നു യാത്രയായി. അഴകനായ സമരപ്രിയന്റെ സരസവീര്യപ്രകടനങ്ങൾ കാണ്മാൻ ഉദിച്ചുപൊങ്ങിയ ബാലസൂര്യന്റെ കിരണകോടികളാൽ രജതപ്രഭ ചേർക്കപ്പെട്ട പത്രങ്ങൾ അയാളെ മൃദുവായി വീജനം ചെയ്ത് ഉപചരിച്ചു. അയാൾ, "കെട്ടിയടിപ്പിനെടാ കുട്ടിമരയ്ക്കാനെ - തിറമൊടു ചൂണ്ടയിലെ മീനുക്കിരയിടുവാൻ" എന്ന് ഒരു ഗാനം നാസികയാൽ പ്രയോഗിച്ചുകൊണ്ട് ആ വിശറികളുടെ സംഖ്യയെ എണ്ണിത്തുടങ്ങി. ഋതുപർണ്ണവിദ്യയുടെ പരീക്ഷണാർത്ഥം നളചക്രവർത്തി അനുകരിച്ചതുപോലുള്ളതായിരുന്നു എങ്കിലും ഈ മഹാപരിശ്രമത്തെ രാജമന്ദിരപരിസേവികൾ എത്തി അപേക്ഷാവക്കുകൾകൊണ്ടു പ്രതിരോധിച്ചു. അഴകൻപിള്ള ചെകിടനെന്നു നടിച്ച് ഗാനം മുറുക്കി അല്പം ചെന്നപ്പോൾ മുകളിലോട്ടു നോക്കി ശാഖകളുടെ ഇടയിൽ കാകകപോതാദിമിഥുനങ്ങൾ വിഹരിക്കുന്നു എന്നു കണ്ട്, അഴകൻപിള്ള എഴുന്നേറ്റു നിന്ന്, കൂക്കുവിളികളും കല്ലേറുംകൊണ്ട് അവയെ ഓടിപ്പാൻ തുടങ്ങി. ദ്രുതകോപിയായ ഒരു രാജഭടൻ അഴകശ്ശാരുടെ ദുരഹങ്കാരത്തെ ശിക്ഷിപ്പാൻ ഇങ്ങനെ ഒരു ശകാരശല്യം പ്രയോഗിച്ചു: "നോക്കെടാ നിന്റെ അമ്മേടെ വായ്ക്കരിക്കു വേറെ ആളൊണ്ടോ? ജാത്രയും പറഞ്ഞോണ്ടു തന്നെയോ പോന്നത്?"

അഴകൻപിള്ള: (ദക്ഷിണദിക്കിലെ സ്വരലയത്തെ പുഷ്ടീകരിച്ച്) "അണ്ണോ! ഇപ്പം എങ്ങീന്നു വരിണാര്? അഴകന്റെ അമ്മ പെറ്റ നാലി; അഴകൻ കൊലയിൽ കുരുട്. എവൻ പെപ്പയ്യാ, അങ്ങു പാടുപെടാൻ വേറെ പേരൊണ്ട്."

വേല്ക്കാരൻ: "അവിടെ ഇരുന്നു വിളയാതെ, എഴീച്ച് ഹാ! ഇതു നിന്റെ തൊഴുത്തും ചാമ്പപ്പുരയുമല്ല. അമ്പേ! കോമാളിക്കാലൻ നിന്ന് അടവു ചവുട്ടുണതു കണ്ടില്യോ?"

താൻ കാണുന്ന മന്ദിരത്തിന്റെ ഉടമസ്ഥൻ തന്നിലും ആ ഭടനിലും തുല്യമായി മാത്രം കൃപാവീക്ഷണം ചെയ്തരുളുന്ന ധാർമ്മികനാണെന്ന് അഴകൻപിള്ള വിശ്വസിച്ചിരുന്നതിനാൽ ഭടന്റെ ഭർത്സനത്തെ, "തിന്തക്കം തുള്ളിയാലെന്തു കിട്ടും അന്തിക്കൊരുപിടി പറ്റു കിട്ടും തിന്തൊം തിന്തൊം തിന്തൊം തിന്തൊം തേരക്കതിന്തൊം തിന്തൊം തോം" എന്നൊരു ഗാനംകൊണ്ടു പ്രത്യപമാനംചെയ്ത് അയാളെ മണ്ടിച്ചു.

തന്റെ നേർക്കുള്ള നിർവ്യാജഭക്തികൊണ്ട് പുറപ്പെട്ടിരിക്കുന്ന അജ്ഞശിരോമണിയുടെയും ഇച്ഛയെ ഭംഗപ്പെടുത്താൻ പ്രജാഭീഷ്ട

"https://ml.wikisource.org/w/index.php?title=താൾ:Ramarajabahadoor.djvu/42&oldid=168283" എന്ന താളിൽനിന്ന് ശേഖരിച്ചത്