പ്പിച്ചു. ദർപ്പണതുല്യമായുള്ള മൂർദ്ധാവ് ആകാശവിതാനത്തെ ഒന്നുകൂടി സന്ദർശിച്ചു കീഴ്പോട്ടു താണു. ചില ചെറുകുമിളകൾ ജലമുഖത്തിൽ ഉല്ലേഖ്യങ്ങളായി. പ്രവാഹകാളി ബഹുസഹസ്രലക്ഷങ്ങളിലൊന്നായ ഈ ജീവനഷ്ടത്തിൽ ചഞ്ചലയാകാതെ, തന്റെ സംവർത്തക്രിയയുടെ നിർവഹണത്തിൽ സരൂക്ഷഹാസയായി ദിഗന്തഭേദനം ചെയ്തു, പാരാവാരയവനികയിൽ പാഞ്ഞു മറഞ്ഞു.
ജലപ്രവാഹത്തിന്റെ വക്ത്രത്തിൽനിന്നു മുക്തയായ സാവിത്രി തന്റെ രക്ഷിതാവിന്റെ ആപത്തു കണ്ട് ആകാശം ഭേദിക്കുമാറുള്ള നിലവിളികൾ കൂട്ടി. നീർനായ്ക്കൾ മുതുകും മൂക്കുംകാട്ടി പുളയുന്ന ഒരു ഭയങ്കരകാഴ്ച, അദ്ദേഹത്തിന്റെ രക്ഷയിലുള്ള അവളുടെ ആശാകോരകത്തെ വിച്ഛേദിച്ചു. നിലവിളികൾ നിലകൊണ്ടില്ല. സ്വാപത്തിലും ചഞ്ചലപ്പെടാത്ത കന്യക നിലത്തു വീണുരുണ്ടു കരഞ്ഞുതുടങ്ങി. പ്രവാഹകാളിക്ക് ഉദയനിവേദ്യമാകാൻ സന്നദ്ധയായി മുന്നോട്ടു നീങ്ങിയപ്പോൾ, ആത്മഹത്യ ആകുമല്ലോ എന്നുള്ള പുനശ്ചിന്തനം അവളുടെ ഗതിയെ പ്രതിബന്ധിച്ചു. ഓരോ നീർക്കുമിളകൾ പൊങ്ങിപ്പൊലിയുന്ന ക്രമത്തിന് അവളുടെ ജീവിതമോഹവും അസ്തമിച്ചു. നിശാകാലം ഉപവാസത്തിൽ കഴിഞ്ഞിരുന്നതിനാലും ആ വിപത്തിനെ തരണം ചെയ്തുള്ള മനഃക്ഷോഭത്താലും സ്വരക്ഷിതാവിന്റെ മൃതി കണ്ടുള്ള നിർഭരാധിയാലും ക്ഷീണയാക്കപ്പെട്ട ആ കന്യക ആത്മപൗരുഷം ഭഞ്ജിക്കപ്പെട്ടു, മോഹാവേശയായി നിലത്തിരുന്നു. സപ്രകാശങ്ങളും അവ്യക്തങ്ങളും ആയുള്ള ബഹുവർണ്ണാകാരങ്ങളുടെ ഒരു സമ്മിശ്രകലാപം, അന്ധകാരകലാപം, ആഗ്നേയകലാപം എന്നിങ്ങനെ അവളുടെ പ്രജ്ഞാകേന്ദ്രത്തിൽ ആവർത്തനംചെയ്തു തിളങ്ങി. ആ സംരംഭോർജ്ജിതം ക്രമേണ ക്ഷയിച്ചു, സുബോധലബ്ധി ഉണ്ടായിത്തുടങ്ങിയപ്പോൾ ഒരു ഖുരശബ്ദം അവളുടെ കർണ്ണങ്ങളിൽ എത്തി. അതിദൂരത്തെ കുന്നിന്മുകളിൽ കണ്ടിരുന്ന മഹമ്മദീയവേഷക്കാരന്റെ ആക്രമണമാണെന്നു ചിന്തിച്ച് എഴുന്നേറ്റു തിരിഞ്ഞുനോക്കാതെ കന്യക പലായനം ചെയ്ത്, ആ ഉൾക്കായലിന്റെ പുളിനങ്ങളെ തരണംചെയ്തു. ഖുരശബ്ദം അടുത്തടുത്തു വന്നു. ബന്ധിക്കപ്പെട്ടിരുന്ന കേശം അഴിഞ്ഞുലഞ്ഞു കാറ്റത്തു പറന്നു. ഒരു മുനമ്പിന്റെ വിശാലമുഖത്തെ കടന്നപ്പോൾ, അശ്വത്തിന്റെ ഗതിവേഗശബ്ദം പിൻഭാഗത്തായി സമീപപ്രദേശങ്ങളിൽ കേട്ടു തുടങ്ങി. അശ്വഖുരങ്ങൾ മുതുകിന്മേൽ പതിക്കുന്നു എന്ന് അവൾ ഭീതയുമായി. പുറകിൽനിന്നു ചില ആജ്ഞകളോ, പ്രാർത്ഥനകളോ പുറപ്പെടുന്നതു വാതാരവത്താൽ പ്രതിബന്ധിക്കപ്പെട്ടു സ്ഫുടശ്രാവ്യമാകുന്നില്ല. പലായനവേഗം ഒന്നുകൂടി ഊർജ്ജസ്വലമായി. അജിതസിംഹദത്തമായുള്ള കഠാര ആകാശത്തിലോട്ടുയർന്നു, പല ദിവസമായി അസ്തമിച്ചിരുന്ന സൂര്യന്റെ അഭിനവകിരണങ്ങളെ പ്രതിഫലിപ്പിച്ചു. അശ്വഗതി പൊടുന്നനെ നിലകൊണ്ടു. ഹാ! ഘാതകൻ താഴത്തു ചാടുന്നു; പാതകോദ്യുക്തമെന്നു തോന്നിയ ഒരു ഹസ്തം തന്റെ ശരീരത്തെ സ്പർശിക്കുന്നു; ഘാതകന് അഭിമുഖയാ