അതിതൃഷ്ണയാൽ പ്രേരിതനായി ഒരു ദശകണ്ഠ പദവിയെയും പലകാലം ആണ്ടു; ബഹുരാജ്യങ്ങളുടെ സംയോഗകേന്ദ്രമായുള്ള ഒരു നിർന്നായകസാമ്രാജ്യത്തിൽ സാർവ്വഭൗമനായി മഹാസൗധവാസം ചെയ്തു, ബഹുതരപ്രതാപകേസരികളുടെ സാഷ്ടാംഗപ്രണാമങ്ങൾക്ക് ആശിസ്കരങ്ങളെ ഉയർത്തുകയും ചെയ്തു; തന്റെ കടിബന്ധം ആ മുഹൂർത്തത്തിലും ലക്ഷോപലക്ഷം വരാഹൻ വിലപേറുന്ന ഒരു രത്നാകരത്താൽ വലയിതമായിരിക്കുന്നു. എങ്കിലും വിധിവൈപരീത്യം സംഭവിപ്പിച്ചിരിക്കുന്നത് - ഹാ! എന്നുള്ള ചിന്തകളെ വൃദ്ധൻ ആ അന്ധകാരവിസ്തൃതിയിലോട്ടു വ്യാപരിപ്പിച്ചു. വിദ്യുല്ലതകളാൽ പ്രാകാശിതങ്ങളായ വർഷധാരകൾ, നക്ഷത്രഹാരങ്ങളെന്നപോലെ അനുസ്യൂതപ്രപാതംചെയ്തുകൊണ്ടിരിക്കുന്ന ആ നിശയുടെ ദീർഘചര്യയും അവസാനിക്കുമാറായി.
സുൽത്താന്റെ കാഹളധ്വനികൾ സേനായാത്രയുടെ ആരംഭത്തെ ഗ്രഹിപ്പിച്ചു. രാജകീയവാദ്യത്തിന്റെ മൃദുമേളങ്ങൾ പള്ളിയാന്ദോളത്തിന്റെ യാത്രാരംഭത്തെ അറിയിച്ചു, വൃദ്ധനു പരിപൂർണ്ണാശ്വാസം നൽകി. സാവിത്രി അജിതസിംഹനോടും അദ്ദേഹത്തിന്റെ അനസൂയാദേവിയോടുമുള്ള വിയോഗത്തെ ചിന്തിച്ചു വ്യസനിച്ചു. എന്നാൽ, അത്യുഗ്രമായുള്ള ഒരു മഹാദുഃഖം ഇതാ അംഗുഷ്ഠസ്പർശം ചെയ്തു തുടങ്ങിയിരിക്കുന്നു.
കാര്യക്കാരാൽ നിർമ്മിക്കപ്പെട്ട ചെറുകുല്യ, വിസ്തൃതിയിൽ ക്രമേണ മലയിടുക്കിന്റെ വീതിയോളവും വർദ്ധിച്ച് സരസ്സിന്റെ അടിനിരപ്പോളം അഗാധം ആയിത്തീർന്നു. തന്നിമിത്തം ജലപ്രവാഹം ശീഘ്രതരവും ഭയാനകതരോർജ്ജിതവും ആയി. പ്രളയവിജൃംഭണം ആ മഹാരാത്രിയിലെ അവസാനക്ഷോഭത്താൽ സഹായിക്കപ്പെട്ടു ചന്ത്രക്കാറന്റെ അഭയസ്ഥലമായുള്ള വൃക്ഷശാഖയോളംതന്നെ ഉയർന്നു. ഈ വസ്തുത ഗ്രഹിക്കാതെ ഇരുന്നുപോയ അവിടത്തെ നിരാധാരയുഗ്മം തങ്ങളുടെ സുഖാസനമായുള്ള വൃക്ഷം ജലഗതിയുടെ ആയത്തിൽ ചാഞ്ചാടിത്തുടങ്ങിയതുകണ്ടു, ഭീതരായി. ശത്രുക്കൾ ദൂരസ്ഥരായിരിക്കുന്ന സ്ഥിതിക്കു കുന്നിന്റെ മുകൾപ്പരപ്പിൽ എത്താമെന്നു ചിന്തിച്ചു, കീഴ്പ്പോട്ടു ചാടി നിലംപറ്റാൻ അവർ ഉദ്യമിച്ചപ്പോൾ, തരുമൂലം ഭിന്നമായി. അരുണോദയത്തിലെ മന്ദപ്രഭയ്ക്കിടയിൽ പർജന്യദേവൻ സന്തോഷബാഷ്പങ്ങളെ പൊഴിച്ച് ആ വൃഷ്ടിനടനത്തിലെ ധനാശിപ്രകടനത്തെ നിവർത്തിക്കെ, രണ്ടുപേരും വൃക്ഷസഹിതം ക്ഷണംപ്രതി പെരുകുന്ന ജലാഗാധതയിൽ പ്രക്ഷിപ്തരായി.
വൃക്ഷകായം ശാഖാവിസ്തൃതി നിമിത്തം ജലത്തിൽ ഒരു ശകടചക്രഭ്രമണത്തെ ഉത്പാദിപ്പിച്ചു. ആ വാഹനത്തെ അവലംബിച്ചിരുന്ന രണ്ടുപേരോടുമൊന്നിച്ചു പടിഞ്ഞാറുള്ള മുനമ്പുചുറ്റി, അടുത്തപോലുള്ള ഒരു ഉൾക്കായലിന്റെ അഗാധതയിലോട്ടു പ്രവാഹഗതി അതിനെ നീക്കി. മനസ്സാന്നിധ്യവാനായ ചന്ത്രക്കാരൻ, സാവിത്രിയെ വാമഹസ്തത്തിൽ ഗ്രസിച്ചുകൊണ്ട് വൃക്ഷപ്രതിബന്ധത്തെ ഉപേക്ഷിച്ചു, ജലത്തിലോട്ടു ചാടി.