താൾ:Ramarajabahadoor.djvu/407

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അതിഭീമമായുള്ള അക്കാലത്തെ വർഷം സുഖകരവസ്ത്രങ്ങൾ കിട്ടാതെയുള്ള ചന്ത്രക്കാരവൃദ്ധനെ ക്ഷീണനാക്കി. വർഷവാതകഷ്ടതകൾക്കിടയിൽ അസംഭവിതമായുള്ള ഒരു അത്യുഗ്രകല്പാന്തപ്രളയം ആരംഭിച്ചപ്പോൾ സുൽത്താൻ നിസ്സംശയം പിന്നാക്കം വാങ്ങിക്കളയുമെന്ന് അയാൾക്ക് ഒരു ആത്മജ്ഞാനോദയം ഉണ്ടായി. സാവിത്രിയുടെ കർണ്ണങ്ങളിൽ പല ഗൂഢോപായങ്ങളും ആ ലോകചര്യാവിദഗ്ദ്ധൻ മന്ത്രിച്ചു. പ്രവാഹവിജൃഭണം ടിപ്പുവിനെയും സേനയെയും കുരങ്ങുതുള്ളിക്കയും അന്തഃപുരവാസികളെ അപഹരിക്കുകയും ചെയ്യുന്നതു കണ്ടപ്പോൾ, കാളിഉടയാൻ സ്വശിരഃപിണ്ഡത്തെ ചാഞ്ചാടിച്ചു പ്രകൃതിശക്തിയെ അഭിനന്ദിച്ചു. ആവിധത്തിലുള്ള പ്രാബല്യംകൊണ്ടു തനിക്കു ജീവിതസാഫല്യം സമ്പ്രാപ്തമാക്കാത്ത ശക്തി ഔചിത്യശൂന്യമെന്നും വിധിച്ചു. സാവിത്രിയോടുള്ള ഉപദേശങ്ങൾ മുറുകി, നിരനാദരണീയങ്ങളായ ആജ്ഞകളും ആയി. അച്ഛനമ്മമാരുടെയും കമിതാവിന്റെയും കന്യകയുടെ ഗൃഹങ്ങളുടെയും നാമങ്ങൾ അമരകോശശ്ലോകങ്ങളെന്നപോലെ വൃദ്ധൻ പാഠംചൊല്ലി അവളെ അസ്വസ്ഥയാക്കി.

അജിതസിംഹന്റെ കൂടാരപംക്തികളിലോട്ടും ജലം പ്രവേശിച്ച്, അവിടത്തെ പാർപ്പുകാർ നെടുമ്പുരയിലെ അനുബന്ധങ്ങളിലേക്കു നീന്തിയും ഓടിയും തുടങ്ങിയപ്പോൾ, കന്യകാഹസ്തത്തെ ഗ്രസിച്ചുകൊണ്ടു വൃദ്ധൻ തോന്നിയവഴിക്കു പാഞ്ഞു. ആ സങ്കേതവാസികളിൽ ഓരോരുത്തനും അവനവന്റെ പ്രാണരക്ഷയിൽ ബദ്ധശ്രദ്ധനായിരുന്നതിനാൽ, സ്വരാജ്യത്തോടും സ്വസമുദായങ്ങളോടും ബന്ധമില്ലാതിരുന്ന വിദേശീയരുടെ പ്രവൃത്തിഗതികളെപ്പറ്റി ആരും പരിഗണിച്ചില്ല. ഈ സ്വാർത്ഥദീക്ഷയുടെ ആനുകൂല്യത്താൽ, കന്യകയുടെ ഹസ്തത്തെ ഗ്രഹിച്ചു ദുശ്ശാസനരൂക്ഷതയോടെ ശീഘ്രഭ്രമണം തുടങ്ങിയ വൃദ്ധൻ, രണ്ടു മുനമ്പുകളുടെ ഇടയിലുള്ള ഒരു ഉൾക്കായലിന്റെ ശിഖാഭാഗത്തു സ്ഥലജലന്ധിയിൽനിന്നു രണ്ടുമൂന്നടി പൊക്കത്തിൽ നിലകൊള്ളുന്ന ഒരു ഒതളക്കാട്ടിൽ പ്രവേശിച്ചു. ഗുണം വാ ദോഷം വാ, വൃദ്ധവിഹിതത്തെ അനുസരിക്കതന്നെ എന്ന് സാവിത്രിയും ഉറച്ചു. അസ്തമയവും നല്ല കൂരിരുട്ടുമായി; മഴ മുറുകി; പ്രവാഹരവം കർണ്ണപുടങ്ങളെ ഭേദിക്കതന്നെ ചെയ്തു. ജീവിതാവസാനമല്ലാതെ അന്യഗതിയില്ലെന്നു രണ്ടുപേരും ചിന്തിച്ചുതുടങ്ങി. അഭയമോഹികളായ സർപ്പാദി ബഹുതരം ജന്തുക്കൾ ആ തരുകൂട്ടത്തെ ശരണം പ്രാപിക്കുന്നു എന്നു കൂമനേത്രനായ വൃദ്ധൻ കണ്ട് അവരോടു പടപൊരുതു രാത്രി കഴിച്ചു. ആ പരിശ്രമങ്ങൾക്കിടയിൽ പല വികൃതചേഷ്ടകളും പ്രകടിപ്പിച്ചു കന്യകയെ വിനോദിപ്പിക്കാൻ യത്നിക്കുകയും ചെയ്തു. മേഘങ്ങൾ അയശ്ശലാകകളെത്തന്നെ വർഷിച്ചു. സ്നേഹമാർദ്ദവത്തിന്റെ സങ്കലനം കൂടാതെ സമഗ്രപ്രമത്തനായി ജീവിതം നിവർത്തിച്ചിട്ടുള്ള താൻ ജനതാസഹസ്രങ്ങൾക്കു സുഖശയനത്തിനുള്ള ഭവനം നിർമ്മിച്ചു; അവരുടെ ബഹുകാലസുഖാശനത്തിനുള്ള ധനാർജ്ജനത്താൽ കുബേരയശസ്സിനെയും സമ്പാദിച്ചു; മഹാധികാരലബ്ധിക്കുള്ള

"https://ml.wikisource.org/w/index.php?title=താൾ:Ramarajabahadoor.djvu/407&oldid=168269" എന്ന താളിൽനിന്ന് ശേഖരിച്ചത്