താൾ:Ramarajabahadoor.djvu/4

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
അദ്ധ്യായം ഒന്ന്
"ബഹുമാനിയാ ഞാനാരെയും തൃണവൽ"

മൈസൂർ രാജ്യത്തിന്റെ ഉത്തരപരിധിയിൽനിന്ന് ഒന്നൊന്നര ദിവസത്തെ യാത്രാദൂരം വടക്കുകിഴക്കു നീങ്ങി, കേരളത്തിലെങ്ങും കാണ്മാൻ കിട്ടാത്തതായ ഒരു മൈതാനത്തിന്റെ മദ്ധ്യത്തിൽ, ചുറ്റുപാടിലുള്ള പല രാജ്യങ്ങളെയും വ്യാപാരാദിവിഷയങ്ങളിൽ സംഘടിപ്പിച്ചതായ രാജപാതകൾ സന്ധിച്ചിരുന്നു. ഹൈദർഖാൻ എന്ന സിംഹാസനചോരന്റെ കോശകാര്യോപദേഷ്ടാവായിരുന്ന ഗാംഗുറാം കോടീശ്വരന് കുബേരപദം ലബ്ധമായപ്പോൾ, അന്ത്യകാലത്തെ സ്വർഗ്ഗലബ്ധി ലഘുസാദ്ധ്യമാക്കുന്നതിനു വേണ്ടി അദ്ദേഹം ഈ ബഹുപഥസന്ധിയിൽ ഒരു പാന്ഥസത്രം സ്ഥാപിച്ചു. ആകാശഛേദികളായ ഗോപുരങ്ങൾകൊണ്ട് അനുബന്ധിക്കപ്പെട്ടിരുന്ന ആ മൂന്നുനിലമന്ദിരം ആയിരത്തിൽപ്പരം പാന്ഥന്മാർക്ക് ഒരേ സമയത്തു താമസിപ്പാൻപോരുന്നതായിരുന്നു. സത്രം ഉപയോഗിക്കാത്ത വഴിപോക്കരുടെ സൗകര്യത്തിനായി അല്പം വടക്കുമാറി ഒരു വെണ്മാടമണ്ഡപവും, ഏകദേശം കാൽനാഴിക കിഴക്കു നീങ്ങി 'സിരഹസ്തിനഗ്രാമം' എന്നു വിളിക്കപ്പെട്ടുവന്ന മട്ടുപ്പാപ്പന്തികളും ആ മഹാമന്ദിരത്തിന്റെ പാരിഷദരെന്നപോലെ സ്ഥിതിചെയ്തിരുന്നു.

ഈ സത്രം ആദ്യകാലത്ത് ഭാരതഖണ്ഡത്തിലെ ഭിക്ഷുലോകത്തിനിടയിൽ ഒരു അക്ഷയപാത്രശാലയായി വിശ്രുതിപെറ്റിരുന്നു. ഈ കഥാരംഭകാലത്ത് അത് ഒരു വേനമണ്ഡലമായിത്തീർന്നിരിക്കുന്നു. സ്വാധികാരമൂർച്ഛയിലെ ലോകാവസ്ഥകൾ കാണ്മാൻ ഒരു ബ്രഹ്മരക്ഷസ്സിന്റെ രൂപം അവലംബിച്ചുപോന്ന നാലാം യുഗമൂർത്തി എന്നപോലെ പല ഗോസായിസംഘങ്ങളോടും ചേർന്ന് ഒരു മഹിഷാസുരപ്രഭാവൻ ഭൂപ്രദക്ഷിണം ചെയ്തുവന്നു. ഈ യാത്രയ്ക്കിടയിൽ ദൈവഗതിയുടെ അപ്രമേയത്വംകൊണ്ട് ആ അപൂർവ്വാവധൂതൻ ബാലഗാംഗുറാം പ്രഭുവിന്റെ വക രാജധാനിയും ചൈത്രരഥങ്ങളും അതുകളുടെ ഐശ്വര്യ ശ്രീവിലാസവും കണ്ട് അതു വരെ ഭൂമുഖവീക്ഷണനായി നിഷ്കാമഗർവവും മൗനവും

"https://ml.wikisource.org/w/index.php?title=താൾ:Ramarajabahadoor.djvu/4&oldid=168260" എന്ന താളിൽനിന്ന് ശേഖരിച്ചത്