താൾ:Ramarajabahadoor.djvu/375

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വാര്യതയിൽ തുല്യാടോപത്തോടെ ആയുധപ്രയോഗങ്ങളെ നിരോധിച്ചു. ത്രിവിക്രമന്റെ അനുയായികൾ ചിലരുടെ കായങ്ങൾ ഭുദൈർഘ്യത്തെ ദണ്ഡമാനം ചെയ്തു. അതുകണ്ടു കയർത്ത അഴകൻപിള്ള, ശാർദൂലവീര്യനായി, ഒരു ഭാലാക്കാരന്റെ കണ്ഠം ഞെരിച്ചിട്ട് അയാളുടെ ദീർഘശൂലത്തെ അപഹരിച്ച് ചില അട്ടഹാസങ്ങളോടെ ആ നെടുംകുന്തമുനയാൽ പല്ലക്കിനെ ധ്വംസിപ്പാൻ യത്നിച്ചു. കണ്ഠീരവന്റെ ശ്വാസമർദ്ദനം ചെയ്ത ആ ബലിഷ്ഠന്റെ ആയവേഗത്തെ ആന്ദോളകസ്കന്ധങ്ങൾക്കു താങ്ങാൻ കഴിവില്ലാഞ്ഞതിനാൽ ആ വാഹനം മറിഞ്ഞ് അന്തഃസ്ഥിതനെ കിടങ്ങിൽ നിക്ഷേപിച്ചു. ആ ആയുധത്തിന്റെ അഗ്രം ഭാരതവർഷവിഭ്രാമകനായ ടിപ്പുവിന്റെ തിരുമുട്ടിൽ ഒരു മഹാക്ഷതം ഏല്പിച്ച്, അദ്ദേഹത്തിനെ ആജീവനാന്തം പ്രകൃതത്തിനു ചേർന്നു ശനൈശ്ചരൻ ആക്കുകയും ചെയ്തു. വ്യാജമഹമ്മദീയർ ആന്ദോളാഭരണാദികളെ വിജയലക്ഷ്യങ്ങളായി കയ്ക്കലാക്കുന്നതിനിടയിൽ സേനാനികളും സേവകന്മാരും ടിപ്പുവിനെ ഹസ്താന്ദോളത്തിൽ ആക്കിക്കൊണ്ടു വടക്കുനോക്കിപ്പാഞ്ഞു. വികടനായ അഴകൻപിള്ള വായ്ക്കുരവയും ഇട്ടുകൊണ്ട് ത്രിവിക്രമനെ തോളിലേന്തി നൃത്തം തുടങ്ങി. കുറുങ്ങോടൻ തന്റെ സഹയോദ്ധാക്കളിൽ വീണുപോയവരെ വഹിച്ച് അനന്തരപരിചരണങ്ങൾ ചെയ്‌വാൻ ശ്രദ്ധിച്ചു.

ടിപ്പുസേനയുടെ പ്രതിയാനം കഴിഞ്ഞ ശേഷം, വഞ്ചിരാജസേനാനികൾ പൂർവദിവസത്തിലെ പടക്കളത്തിൽ എത്തി. ഭാസ്കരപ്രസന്നതയോടെ നില്‌ക്കുന്ന ദിവാൻജിയെ കണ്ടപ്പോൾ അഴകൻപിള്ള തന്റെ പക്കലുള്ള ആയുധങ്ങളെയും രാജഭൂഷണങ്ങളെയും സമർപ്പിച്ചിട്ടു, പുറകിൽ വരുന്ന ആന്ദോളത്തെ ചൂണ്ടിക്കാട്ടി. ദിവാൻജി സാധനങ്ങളുടെ വൈശിഷ്ട്യവും വാഹനം ടിപ്പുവിന്റേതാണെന്നതും ഗ്രഹിച്ച് അത്ഭുതപരവശനായി 'എന്തോന്നാ വിക്രമാ?' എന്നു ചോദ്യം ചെയ്തു. ത്രിവിക്രമൻ വിനയത്തോടെ പ്രശംസാഭിനന്ദനങ്ങൾക്ക് അവകാശി അഴകുശ്ശാർതന്നെ എന്നു ചൂണ്ടിക്കാട്ടി.

അഴകുശ്ശാർ "ഛേ! അതെന്തെരെന്നേ! ഒരു പൊന്നൻ മൊതലാളിയുടെ അടുത്ത് 'അഴകുന്റെ കൊടയുംകൂടി പറ്റിക്കൊണ്ടുപോവൂ കൂവ' എന്നു ചൊല്ലിക്കൊണ്ട് ഈ കോലൊന്നു നീട്ടിയപ്പം, എവൻ ഏങ്കോണിച്ചവനല്യോ? അതങ്ങു മറിഞ്ഞൂട്ടു. മൊതലാളിയുടെ മുട്ടിന്റെ ഒരു തുണ്ട് ഇതിന്റെ മൊനയിലൊണ്ട്" എന്നു പറഞ്ഞു രക്തസ്നാതമായ ഭാലാമുനയെ പ്രദർശിപ്പിച്ചു. ദിവാൻ‌ജി ഭക്തിപുരസ്സരം സ്വരാജ്യാധാരങ്ങളെ സ്മരിച്ചുകൊണ്ട് സപ്രഹർഷം അഴകൻപിള്ളയെ ആലിംഗനം ചെയ്തു.

"https://ml.wikisource.org/w/index.php?title=താൾ:Ramarajabahadoor.djvu/375&oldid=168233" എന്ന താളിൽനിന്ന് ശേഖരിച്ചത്