Jump to content

താൾ:Ramarajabahadoor.djvu/374

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ത്തോടെ കാലുറപ്പിച്ചും വക്ഷസ്സിനെ ജൃംഭിപ്പിച്ചും ശ്വാസം സംഭരിച്ച് 'പുറകോട്ട്, പുറകോട്ട്' എന്ന് ത്രിവിക്രമൻ തന്റെ വാമകരസ്ഥമായുള്ള കാഹളത്തെ ധ്വനിപ്പിച്ചു. കോപസൂചകങ്ങളായ വിശേഷണപദങ്ങളെ ചേർത്തുകൊണ്ട് 'കമ്മറുദീൻ, സയ്യദ് ഗാഫർ, ഫ്ക്കീറുദീൻ, മീയർ നാസറാലി' എന്നെല്ലാം തന്റെ സേനാനായകൻമാർ ജാഗരൂകരായി അണികൾ ഉറപ്പിച്ചു നിലകൊള്ളിക്കുവാൻ സിംഹാരവത്തിൽ സുൽത്താൻ വിളികൂട്ടി. ആന്ദോളക പരിസരത്തിൽ നിന്നുതന്നെ 'പുറകോട്ട്, പുറകോട്ട്' എന്ന് യമകാഹളം ധ്വനിച്ചു. ആഭീസീനികവർഗ്ഗത്തിന്റെ പ്രത്യേകാന്തകനായി സൃഷ്ടിക്കപ്പെട്ടുള്ള ഒരു ഭയങ്കരസത്വം രക്തം അണിഞ്ഞ് യുദ്ധക്കളം തകർത്തു ശാപോൽഘോഷങ്ങളോടെ നൃത്തംചെയ്തു ശിരസ്സുകളെ, സ്കന്ധങ്ങളെ, വക്ഷസ്സുകളെ, ജാനുക്കളെ ശിഥിലങ്ങളാക്കുന്നു; ഖണ്ഡിച്ചുവീഴ്ത്തുന്നു. എന്നല്ല, സേനയുടെ ഇടം, വലം മുൻ, പിൻ, മദ്ധ്യം എന്നുള്ള എല്ലാ ഭാഗങ്ങളിലുംനിന്ന് മരണവിളികൾ കേട്ടുതുടങ്ങുന്നു. മൈസൂർ പദാതികളും അവരുടെ ചില നായകന്മാരും ബന്ധനത്തിലാക്കപ്പെടുന്നു. കുപ്പായക്കെട്ടുകൾ പൊട്ടിപ്പോയുള്ള ഒരു മഹോദരൻ കൂക്കുവിളിച്ചുകൊണ്ട് കബന്ധാകൃതിയിൽ ടിപ്പുവിന്റെ നേർക്കു പാഞ്ഞടുത്ത് ത്രിവിക്രമനോട് എന്തോ ഘോഷിക്കുന്നു. കുമാരൻ മുന്നോട്ട് കുതിച്ച് ഖഡ്ഗം ഒന്നു വീശി ശത്രുകാഹളക്കാരന്റെ ഹസ്തത്തെ അതിലുള്ള വാദ്യത്തോടുകൂടി നിലത്തുവീഴ്ത്തുന്നു. പിന്നീട് 'പുറകോട്ട്, പുറകോട്ട്' എന്നുള്ള ശബ്ദങ്ങൾ മാത്രം ആ പടക്കളത്തിൽ മുഴങ്ങി. ആ ഖണ്ഡത്തിലെ പ്രധാന സേനാനായകന്റെ കണ്ഠം ഞെരിഞ്ഞു. പരിസരസ്ഥർ 'ഹള്ളോ' എന്നു മുറവിളിച്ചു. മഹമ്മദീയേസന നിസ്സംശയം സമരരംഗം വെടിഞ്ഞു നെടുംപാച്ചിലായി ഓടിത്തുടങ്ങി. മൃതശരീരങ്ങൾ അവിടവിടെ കുമിഞ്ഞു. അർദ്ധജീവന്മാർ പാദാഘാതത്താലും പരലോകഗതരായി. ടിപ്പു പാദുഷായുടെ വ്യാഘ്രത ജംബുകത്വമായി പല്ലക്കിൽ ഇരുന്നു. ചുറ്റും അമ്പരന്നു നോക്കിയപ്പോൾ തന്റെ ഭടന്മാർ മണ്ടുന്നതും പലരും ക്ഷതാംഗന്മാരായി കായലിലും കിടങ്ങിലും വീഴുന്നതും കണ്ട് സുൽത്താന്റെ ഹൃദയത്തിൽ ഒരു ആധി പൊങ്ങി; അദ്ദേഹം ആസുരാട്ടഹാസം തുടങ്ങി. സേനാനികളും ഏതാനും പദാതിയും പല്ലക്കിനെ വലയം ചെയ്തു രക്ഷിച്ചു. ത്രിവിക്രമാദികളുടെ ചന്ദ്രഹാസപ്രയോഗങ്ങൾ കണ്ട് ആന്ദോളകന്മാരും പിന്തിരിഞ്ഞു. സേനാനിഖഡ്ഗങ്ങൾ മല്ലവിദഗ്ദ്ധന്മാരുടെ നേർക്കു കേവലം വേത്രദണ്ഡങ്ങൾ എന്നപോലെ പതിച്ചു. സംഭ്രമം പിടിപെട്ട ആന്ദേളവാഹികൾ ടിപ്പുവിന്റെ കൊല്ലും ശക്തിയെ മറന്ന് വാഹനവും വഹിച്ചു സേതു നോക്കി പാഞ്ഞുതുടങ്ങി. സുൽത്താൻ ഉപധാനങ്ങൾ എടുത്തുചാണ്ടി അവരുടെ ഉഷ്ണീഷങ്ങളെ വീഴ്ത്തി എങ്കിലും വാഹകന്മാർ അവർക്കു തോന്നിയ വഴിയേതന്നെ അവസ്ഥാന്ധന്മാരായി പലായനം തുടങ്ങി. വാഹനം ദീർഘികാസേതുക്കളുടെ സന്ധിയിൽ എത്തി. ത്രിവിക്രമനും സഹഗാമികളും വർഷധാരാക്രമത്തിൽ പിന്നെയും ഖഡ്ഗസമ്പാതങ്ങൾ ചെയ്തു. സേനാനികളും സേവകപ്രഭുക്കളും ആപത്തിന്റെ അനി

"https://ml.wikisource.org/w/index.php?title=താൾ:Ramarajabahadoor.djvu/374&oldid=168232" എന്ന താളിൽനിന്ന് ശേഖരിച്ചത്