താൾ:Ramarajabahadoor.djvu/372

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ത്തിലേക്കു പോന്ന മാർഗ്ഗത്തെ വീണ്ടും തരണംചെയ്തു തുടങ്ങിയപ്പോൾ നിദ്രാസേവിയായ ഒരു കാഹളക്കാരന്റെ 'സംഗതി' വച്ചുള്ള കൂർക്കങ്ങൾ ആ യുവാവിന്റെ ജീവകേന്ദ്രത്തെ ഉണർത്തി. കാഹളക്കാറ്റന്റെ വാദ്യസാമഗ്രിയും നിദ്രാസേവയും തമ്മിൽ ബന്ധം ഇല്ലെന്നു കണ്ട് അതിനെ കൈക്കലാക്കി പല യുക്തികളെയും മനസ്സിൽ സംഭരിച്ചപ്പോൾ ആ കുമാരന്റെ ഉള്ളിൽ ഒരു മഹാപ്രഹർഷം ഉദിച്ചു.

അടുത്ത സൂര്യോദയത്തിലെ നിത്യകർമ്മങ്ങൾ നിർവ്വഹിച്ചിട്ട് സ്വസേനയാൽ ആക്രാന്തമായ പ്രാകാരത്തിൽ ആയോധനാചാരം അനുസരിച്ചു സ്വഹസ്തങ്ങളാൽ കൊടിനാട്ടി, ആ ജയന്തിയെ ആഘോഷിപ്പാൻ കനകഘടനകൾകൊണ്ട് അലംകൃതമായ ദന്തപ്പല്ലക്കിൽ സുൽത്താൻ ആരൂഢനായി. ഭേരികൾ താക്കിയും കാഹളങ്ങൾ മുഴക്കിയും പദാതിയുടെ പാദപാതങ്ങൾ ആ നിനദങ്ങൾക്കു താളംപിടിച്ചും ഒരു സേനാഖണ്ഡം സേതുവിനെ അതിക്രമിച്ചു. സരളവാദ്യങ്ങൾ, സ്തുതിതിപാഠകന്മാർ, സേവകജനങ്ങൾ, മന്ത്രിപ്രധാനന്മാർ എന്നിവരുടെ മുന്നകമ്പടിയോടെ, ബാണക്കൊടികളും ഭാലാക്കഴകളും വേലുകളും ഏന്തിയുള്ള പരിജനങ്ങളാൽ സേവിതനായി, പട്ടുക്കുടകളാൽ പരിവൃതമായുള്ള ആന്ദോളത്തിൽ വിജയലഹരിയാൽ ഉന്മത്തനായി സ്ഥിതിചെയ്യുന്ന സുൽത്താനും സേതു കടന്ന് പൂർവ്വദിവസത്തിലെ രക്താംബരത്താൽ ആസ്തരിതമായുള്ള രംഗത്തിൽക്കൂടെ എഴുന്നള്ളത്തു തുടങ്ങി. മൃതശരീരങ്ങളുടെ നിരവധികത്വം സുൽത്താന്റെ വ്യാഘ്രതയെ പരിതുഷ്ടമാക്കി. ശവപംക്തികൾക്കിടയിൽ തന്റെ ഭടജനങ്ങളെയും അവിടവിടെ ജംബുകാഷ്ടികളുടെ ഉച്ഛിഷ്ടങ്ങളെയും കണ്ടപ്പോൾ ടിപ്പു വിജയാഹങ്കാരോൽക്കർഷത്താൽ ചില ഗാനങ്ങളെ സമ്മേളിച്ചു. ഒരു ചെറുസേനാപംക്തിയും പിന്നകമ്പടിയായി ചിറ കടന്നു, മർദ്ദിതമായ പ്രാകാരം രാജഹസ്താധീനമാക്കുന്ന ക്രിയയ്ക്കായി അണിനിരന്നു.

ഇങ്ങനെ ആ ഘോഷയാത്രയിലെ സന്നാഹാംഗമായ സേനയിൽ ഒന്നു പാതി ദീർഘികയുടെ മുൻഭാഗത്തായപ്പോൾ, ദിവാൻജിയാലും ക്യാപ്റ്റൻ ഫ്ലോറിയാലും നീതമായ വഞ്ചിസേന, ത്രിവിക്രമകുമാരനുമായി ആലോചിച്ചിട്ടുള്ള നിശ്ചയം അനുസരിച്ച് നിശ്ശബ്ദം മുന്നോട്ടു നീങ്ങി. ആ സേനയുടെ ആഗമനം കണ്ടപ്പോൾ ആന്ദോളസ്ഥനായ ടിപ്പു സേനാനിത്വം വഹിച്ചു തന്റെ സഹഗാമിയായ സേന മുഴുവൻ തന്നോടു സംഘടിക്കാനുള്ള ആജ്ഞകളെ കാഹളമുഖങ്ങളെക്കൊണ്ടു ഘോഷിപ്പിച്ചു. തെക്കുനിന്നു വെടിയുണ്ടകളുടെ ഒരു വർഷം തുടങ്ങി. ഊഷ്മളപ്രവർത്തനത്താൽ ശത്രുഭഞ്ജനം അന്നുതന്നെ സാധിക്കുമെന്നുള്ള പ്രതിജ്ഞയോടെ മുന്നോട്ടു നീങ്ങാൻ ഉള്ള ആജ്ഞകളെ സുൽത്താൻ കൊമ്പുകൾ വിളിപ്പിച്ചു വീണ്ടും അറിയിപ്പിച്ചു. വഞ്ചിസേനയുടെ നളികപ്രയോഗത്തിന്റെ പ്രത്യാരവം മൈസൂർസേനയിൽനിന്ന് ഉൽഘോഷിതമായി. വഞ്ചിപംക്തികളിൽനിന്നു രണ്ടാമതും ഒരു രടിതാവലി മേഘപടലികളെ ശിഥിലീകരിക്കുമാറു പുറപ്പെട്ടു. പ്രതിധർഷണത്തിനായി സുൽത്താൻ പട

"https://ml.wikisource.org/w/index.php?title=താൾ:Ramarajabahadoor.djvu/372&oldid=168230" എന്ന താളിൽനിന്ന് ശേഖരിച്ചത്