ളികൾ ചിറകൊതുക്കി, പട്ടമരം തിളുർത്ത്, തിളുർത്ത മരം പൂത്ത്, പൂത്ത മരം കാച്ച്, കന്നുകാലി തലകുലുക്കി, നാഗരാജൻ പടമൊതുക്കി പാട്ടുകേൾക്കെ, പണപ്പൊലിയോൻ പെൺപാദത്തിൽ പണിതു വേട്ടുകൊണ്ടതും നെല്ലിക്കാട്ടെ ചാവുകൊടയ്ക്കു രണ്ടുപേരും പുറപ്പെട്ടതും പുലപ്പട നേരിട്ടതും അഴകുടയകുമരൻ അരവാൾകൊണ്ട് അപ്പടമുടിയവേ പൊരുതതും' മറ്റും വർണ്ണിച്ചതിനെ അഭിനന്ദിച്ച്, കുറുങ്ങോടൻ എഴുന്നേറ്റു പെരുംകുമ്പയും തുള്ളിച്ചു,
- "അരനുടെ പുത്തിരനുമയാൾ പെറ്റൊരു കരിമുകനെ തൊഴുത് -ഇന്തത്തോം.
- കരിമ്പു ശർക്കര ഉരുക്കു നറുനൈ കതളിയുടേ കനിവു -ഹിന്തത്തോം.
- കറ്റവരുറ്റജനങ്ങളിരിക്കെക്കഥയുര ചെയ്‌വതിനായ്-
- നിത്യവുമടിയനു കവിയുരയരുളുക ഗണപതി കുടവയറാ- ഹയ്യത്താ-അടിയനു കുടവയറാ"
എന്നു പാടി ചക്കുലക്കക്കാലുകളാൽ ഒരടവു ചവുട്ടിത്തകർത്തു. ഈ ഘോഷങ്ങൾ കഴിഞ്ഞ് ഇരുട്ടിലെല്ലാം ചുറ്റിനോക്കീട്ടും ആ സംഘത്തിന്റെ നായകനായ ത്രിവിക്രമകുമാരനെ കാണ്മാനില്ലായിരുന്നു. "ഇപ്പോത്തിരുമ്പി വന്നൂടു വാനമ്മാച്ചാ" എന്നു കുറുങ്ങോടനെ സമാധാനപ്പെടുത്തികൊണ്ട് അഴകൻപിള്ള മറ്റൊരു കഥാഗാനത്തിന്റെ പീഠികയായി 'തെന്തിനന്നാ തെനനാനാ' എന്നു വട്ടംപിടിച്ചു.
സമരം നടക്കട്ടെ; മരണങ്ങൾ സംഭവിക്കട്ടെ. താൻ തന്റെ പ്രണയിനിയെ ഒന്നു സന്ദർശിച്ചിട്ടു വീരസ്വർഗ്ഗം പ്രാപിച്ചുകൊള്ളാം എന്ന ഹൃദയപ്രതിജ്ഞയോടെ ത്രിവിക്രമകുമാരൻ ടിപ്പുവിന്റെ പാളയത്തിൽ പ്രവേശിച്ചു. ആപൽക്കരവും സംശയഗ്രസ്തവുമായ ഒരു ഘട്ടത്തിൽ അകപ്പെട്ട് വേഷത്താൽ മാത്രം രക്ഷിതനായ ആ ഹനൂമൽപ്രഭാവൻ തന്നെ വലയം ചെയ്യുന്ന മഹാസേനയുടെ ശക്തിയെയോ ടിപ്പുവിന്റെ ആസുരചരിത്രത്തെയോ സ്മരിച്ചില്ല. ധൂമസേവികളും ബഹുവിധപേയങ്ങളാൽ ദാഹം തീർത്ത് അമരുന്നവരുമായ ഭടവലയത്തിന്റെ അന്നത്തെ വിജയപ്രഘോഷണവാദങ്ങൾ കേട്ട് ആ യുവാവ് താൻ ഉദ്യോഗിച്ചിരിക്കുന്ന കാര്യത്തിന്റെ നിർവ്വഹണംകൊണ്ടു പകവീടിക്കൊള്ളാമെന്നു പ്രതിജ്ഞചെയ്തു, ശാന്തനായി ആ സേനാസങ്കേതത്തിലെ ഒരു ഉപനായകൻ എന്നപോലെ സ്വൈരസഞ്ചാരം ചെയ്തു. മഹമ്മദീയസേനാനികളുടെ വീരവാദങ്ങൾ പല കേന്ദ്രങ്ങളിലും ആവർത്തിച്ചു ശ്രവണംചെയ്തു, നിർബാധനായി, പാളയത്തിന്റെ നാനാഭാഗങ്ങളും സന്ദർശിച്ചു. സ്ത്രീകളുടെ അന്തർഗൃഹങ്ങളോ അവയെ രക്ഷിച്ചുള്ള ബന്തോവസ്തുക്കളോ കാണാഞ്ഞതിനാൽ കുമാരന്റെ ഉന്മേഷം തളർന്നു. ഉദാരമധുരമായ വാർത്താപ്രശ്നങ്ങൾകൊണ്ട് അന്തർജ്ജനങ്ങളാകട്ടെ, അജിതസിംഹനാകട്ടെ, ആ സേനയോടുകൂടി വന്നിട്ടില്ലെന്ന് അറിഞ്ഞപ്പോൾ അയാളുടെ ഉന്മേഷങ്ങൾ സുപ്തസ്ഥിതിയിൽ ആയി. കേവലം പാദനീതനായി ആ ശത്രുശിബിര