താൾ:Ramarajabahadoor.djvu/369

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ആലോചനകളോടെ എഴുന്നേറ്റു. തന്നോടുള്ള സഹതാപഭാവവും അന്നത്തെ പരാജയത്താൽ ഉണ്ടായ രൗദ്രതയും കണ്ട്, ദിവാൻജി ആ യുവാവിനെ ദൂരത്തു കൊണ്ടുപോയി ചിലതു മന്ത്രിച്ചു. യുവാവ് അനുസരണയും സന്തോഷവും പ്രകടിപ്പിച്ചു. ദിവാൻജി അനുഗ്രഹം നല്കി "എന്തും ചെയ്തുകൊൾക. എങ്ങനെയും ഈ അപമാനം വീടണം. നാളെ പെരുംപടയുണ്ട്. അതിൽ തോറ്റാൽ നിന്റെ അമ്മാവൻ-"

ത്രിവിക്രമകുമാരൻ: "അങ്ങനെ ഒന്നും ഉത്തരവാകരുത്. ആലോചിച്ച വിധം പ്രവർത്തിക്കുമ്പോൾ ഒരു നല്ല തകിടം അവർക്കു പറ്റും."

ദിവാൻജി: "എന്നാൽ നടക്ക്. ശ്രീപത്മനാഭനെയും പൊന്നുതിരുമേനിയെയും ധ്യാനിച്ചു ജയിച്ചുവരിക."

അഴിക്കോട്ടയിൽനിന്ന് അരനാഴികയോളം വടക്കുപടിഞ്ഞാറു നീങ്ങി, പെരുമാക്കന്മാരുടെ കാലത്ത് ഏറ്റവും 'സാന്നിദ്ധ്യം' കൊണ്ടിരുന്ന ഒരു സർപ്പക്കാവുണ്ടായിരുന്നു. ഇക്കാലത്തു പ്രതിഷ്ഠയും പ്രതിഷ്ഠാഗേഹവും ഇടഞ്ഞുതകർന്നു ബാഹ്യഭൂമിയുടെ നിരപ്പിൽ കിടക്കുന്നു. ആ ക്ഷേത്രത്തെ വലയം ചെയ്തിരുന്ന വൃക്ഷങ്ങൾ വളർന്ന് അനുബന്ധങ്ങളോടു ചേർന്ന് കൊമ്പുകൾ വിശാലമായി വീശി, മദ്ധ്യത്തിലുള്ള ഭൂമിയെ സൂര്യകിരണങ്ങൾക്കും അപ്രവേശ്യമായ ഒരു അനൂപസ്ഥലമാക്കിയിരിക്കുന്നു. വള്ളികൾ പടർന്നു വൃക്ഷങ്ങളെ വലയം ചെയ്ത് അവിടത്തെ തരുനിരകളെ ഒരു ദുസ്തരപ്രാകാരമാക്കിയിട്ടുണ്ട്.

സ്വസ്വാമിയെ കാണ്മാനുള്ള ഉത്ക്കണ്ഠയോടെ പുച്ഛം ചുഴറ്റി പാഞ്ഞുതിരിയുന്ന വേട്ടനായ്ക്കളുടെ കണ്ഠാക്രോശങ്ങളെന്നപോലെ, കാഹളധ്വനികൾ ടിപ്പുവിന്റെ പാളയത്തിൽനിന്നു കേൾക്കുന്നുണ്ട്. പ്രാകാരധ്വംസകരുടെ നിശാഷ്ടിക്കുള്ള വിഭവങ്ങളും വഹിച്ച് കാളികൂളിരൂപങ്ങളിൽ പല ആകാരങ്ങളും ആ പാളയത്തിനും പ്രാകാരത്തിനും ഇടയിൽ സഞ്ചാരംചെയ്യുന്നു. സംശയാന്ധ്യകാരവ്യാപൃതിയെ ലക്ഷ്യമാക്കി, അഭിസീനികകാവല്ക്കാർ വെടിവയ്ക്കുന്നതിൽനിന്നു പൊങ്ങുന്ന ജ്വാലകൾ, ഖലജനങ്ങളുടെ ക്ഷണഭംഗുരമായ ഐശ്വര്യംപോലെ തിളങ്ങിപ്പൊലിയുന്നു. മുറിവേറ്റു കിടക്കുന്നവരുടെ പരിദേവനങ്ങളും അതിൽ മൃതിചേരുന്നവരുടെ അലർച്ചകളും നിശാദേവിയുടെ ഹൃദയത്തെയും ചഞ്ചലപ്പെടുത്തുന്നു. കുറ്റിക്കാടുകളിലെ വിലവാസികളായ ജംബുകന്മാർ വിധിദത്തമായുള്ള ഒരു സദ്യകൊണ്ടു സന്തുഷ്ടരാകാൻ കണ്ണുകൾ തിളങ്ങിച്ച് നിശ്ശബ്ദരായി, വാലുകളൊതുക്കി സകുടുംബം പുറപ്പെടുന്നു.

ഇരുമ്പുകവചങ്ങളും തൊപ്പികളും അതുകളുടെ മുകളിൽ മഹമ്മദീയകുപ്പായങ്ങളും ധരിച്ച് ഖഡ്ഗം, പരിച എന്നീ രക്ഷാസാമഗ്രികളും വഹിച്ച് വള്ളിക്കാവിന്റെ പടിഞ്ഞാറുവശത്തെത്തി, ഒരു ചെറുവ്യൂഹം വഴിതെളിച്ച് അകത്തോട്ടു പ്രവേശിക്കുന്നു. ഈ സംഘത്തിൽ ഉണ്ടായിരുന്ന മുപ്പതിൽപ്പരം ആളുകളും കായികാഭ്യാസങ്ങളിലും മല്ലസമരങ്ങളിലും ഖഡ്ഗപ്രയോഗത്തിലും വിഖ്യാതി നേടിയിട്ടുള്ള കളരിത്തലവന്മാരും മറ്റുമായിരുന്നു. ത്രിവിക്രമകുമാരൻ, അഴകൻപിള്ള, കുറുങ്ങോട്ടു കൃഷ്ണ

"https://ml.wikisource.org/w/index.php?title=താൾ:Ramarajabahadoor.djvu/369&oldid=168226" എന്ന താളിൽനിന്ന് ശേഖരിച്ചത്