താൾ:Ramarajabahadoor.djvu/328

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


പ്പിച്ചും പരമാർത്ഥങ്ങൾ ധരിപ്പിച്ചും അവനെ തന്റെ ഒരു വധായുധമായി പ്രയോഗിച്ചിരിക്കുന്നു എന്നും ലോകകൗശലങ്ങളിൽ അഭിജ്ഞനായിത്തീർന്നിട്ടുള്ള ആ ഭൂതത്താനിൽ ആത്മോദയമുണ്ടായി. രാമവർമ്മ മഹാരാജാവിന്റെ ശത്രുവായി കാപ്പുകെട്ടിയ മുഹൂർത്തംമുതൽ ഗൃഹത്യാഗംവരെയുള്ള ആദ്യ സ്കന്ധത്തിലും, ആപൽഗ്രസ്തനായി, വിദേശസഞ്ചാരിയായി ഒരു രാജവ്യാഘ്രത്തിന്റെ പാദസേവനം ദീക്ഷിച്ച് ആ രാജർഷിയെ ദ്രോഹിപ്പാൻ പുറപ്പെട്ട ഈ രണ്ടാം സ്കന്ധത്തിലെ പ്രഥമ പദംമുതൽക്കു ക്ഷീണപൗരുഷനായി എല്ലാ ശ്രമങ്ങളിലും സ്ഖലിതകൗശലനുമായി. ധർമ്മംകൊണ്ടു ഹസ്തപ്രക്ഷാളനം ചെയ്യുന്ന അവിടുന്നും, അവിടുത്തെ മന്ത്രിയും വാഴ്ചകൊള്ളട്ടെ! എന്നിങ്ങനെ സമാധാനപ്പെട്ടുള്ള ചിത്താശ്വാസം മാണിക്കഗൗണ്ഡൻ എന്ന പേരോടെ ചാരവൃത്തി അനുഷ്ഠിച്ചുവന്ന ഭട്ടനെ നിധനായുധങ്ങളാലും അജയ്യനായ ഒരു വീരമാണിക്യമായി സുൽത്താന്റെ മുമ്പിൽ പ്രകാശിപ്പിച്ചു. അയാളുടെ ഹ്രസ്വകണ്ഠം അതിന്റെ വിപുലവ്യാസത്തിൽനിന്നു പുറപ്പെടുവിച്ച ശബ്ദങ്ങൾ ടിപ്പുവിന്റെ ഗർവ്വമർമ്മത്തിന്മേൽ ശൂലധാരകളുടെ അനിരോദ്ധ്യമായുള്ള നിശിതവർഷംപോലെ തറച്ചു.

ശിക്ഷണീയനായി തന്നാൽ വിധിക്കപ്പെട്ട ദുരുപദേഷ്ടാവെ അയാളുടെ ഭാവനിലകളുടെ പരിവർത്തനത്തിൽ കണ്ടപ്പോൾ കല്ലോലനിരകൾ തുള്ളിക്കളിച്ചു വിഹരിക്കുന്ന മഹാജലാശയങ്ങൾ കാർമേഘലാഞ്ഛനം കണ്ട് അനന്തര സംരംഭത്തിനായി സ്ഫടികപ്രശാന്തതയിൽ ലയിക്കുമ്പോലെ ടിപ്പുസുൽത്താൻ തന്റെ അകക്കാമ്പിൽ പുളച്ചുതുടങ്ങിയ വ്യാഘ്രതയെ ദമനംചെയ്തുകൊണ്ടു ഹംസകണ്ഠങ്ങളിലെ മൃദുപിഞ്ഛങ്ങളാൽ നിർമ്മിതമായുള്ള മഹോപധാനത്തിന്മൽ ഒരു സ്കന്ധത്തെ ആമഗ്നമാക്കി അർദ്ധശയനംചെയ്തു. ഗൗണ്ഡൻ നിർഭയനായി, ജീവത്യാഗത്തിനും സന്നദ്ധനായി, തന്റെ പരമാർത്ഥങ്ങളിൽ അവജ്ഞയ്ക്കും ഗോപനത്തിനും പാത്രമായ അംശങ്ങളില്ലെന്നുള്ള ഭാവനയോടെ, ശിക്ഷാദണ്ഡത്തിന്റെ നിപാതത്തെ തന്റെ ജന്മദേശഭാഷയിൽ ഊർജ്ജിതമായി നിമന്ത്രണംചെയ്തു. "നിന്തിരുവടി രക്ഷയ്ക്കും ശിക്ഷയ്ക്കും ചെങ്കോലാണ്ടവൻ" സുൽത്താന്റെ അപാംഗവീക്ഷണത്താൽ ആജ്ഞാപിക്കപ്പെടുകയാൽ ബബ്‌ലേശ്വരൻ ഗൗണ്ഡഭാഷണങ്ങളെ ഹിന്ദുസ്ഥാനിയിൽ ഭാഷാന്തരപ്പെടുത്തി.

ഗൗണ്ഡൻ: "ഈ ഉമിത്തീയും, എരിവും, ചപ്രവും എല്ലാം എവന് ഏതെങ്കിലേത്! എങ്ങിനെയും അങ്ങെത്തണമെന്നല്ലാണ്ട്, പനിനീരും ചന്ദനക്കട്ടയും പഞ്ചവാദ്യവും ഒരു സ്വർഗ്ഗവും തരൂല്ല. ആൺപിറന്ന എനത്താനു പിറന്നവനെന്ന് ഈ ദർബാറിൽ നെഞ്ചിലടിച്ച് ഉറപ്പുതരാം. കച്ചവടവഴി പെഴച്ചുപെയ്യത് ഇന്നറിഞ്ഞേ ഒള്ളു. അത്തണലിൽ ചെന്ന് ഇന്നു വീഴുന്നാലും ചേക്കകിട്ടും തിരുവടീ! ഇവിടെ ഇങ്ങു ചാമ്പക്കുഴി എടുപ്പാനും കതമ്പ കൂട്ടാനും കല്പന-"

ഗൗണ്ഡന്റെ ഓരോ പദവും പീരങ്കിമുഖങ്ങളിലും നിശ്ചലനായ സുൽത്താൻ ബഹദൂറിന്റ ഹൃദയത്തിന്മേൽ നാഗാസ്ത്രതുല്യം തറ

"https://ml.wikisource.org/w/index.php?title=താൾ:Ramarajabahadoor.djvu/328&oldid=168181" എന്ന താളിൽനിന്ന് ശേഖരിച്ചത്