താൾ:Ramarajabahadoor.djvu/324

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അലങ്കാരങ്ങളായി വർത്തിക്കുന്നു. ഹുക്കാധൂമം അല്ലാതെ, ഒരു മശകമാകട്ടെ, ഒരു മക്ഷികയാകട്ടെ, ആ സങ്കേതഭൂമിയുടെയും ആകാശത്തിന്റെ ചന്ദ്രികാനൈർമ്മല്യത്തെ കളങ്കപ്പെടുത്താൻ പ്രവേശിക്കുന്നില്ല. ആജ്ഞാവാഹികളുടെ ഉരഗസമാനമായുള്ള ത്വരിതഗമനങ്ങളും, അംഗവിക്ഷേപങ്ങളാലുള്ള പരസ്പരബോധങ്ങളും മന്ത്രവിശാരദന്മാരുടെ പ്രവേശനനിർഗ്ഗമനങ്ങളും അല്ലാതെ അവിടെ തിരുമുറ്റപ്രദേശം നിശബ്ദവും നിശ്ചലവും പ്രശാന്തവുമായി സ്ഥിതിചെയ്ത് ഈ അവസ്ഥയുടെ ഭഞ്ജനത്തിന് ഉദ്യക്തരാകുന്ന അവിവേകികൾ അനുക്ഷണഹതിക്കു പാത്രമായിത്തീരുമെന്ന് വിജ്ഞാപനം ചെയ്യുന്നു. ബഹുഗന്ധദ്രവ്യങ്ങളുടെ പരിമളവും അവിടവിടെ സ്ഥാപിക്കപ്പെട്ടുള്ള ധൂമപാത്രങ്ങൾ, സാമ്പ്രാണിക്കുറ്റികൾ എന്നിതുകളിൽനിന്നു പൊങ്ങുന്ന സുഗന്ധധൂമവും സരസസമ്മേളനംചെയ്ത് സാമ്രാട് പദത്തിന്റെ സമ്പൽപൗഷ്കല്യത്തെ നാസാമാർഗ്ഗേണയും ആരാധകലോകത്തെ ഗ്രഹിപ്പിച്ച് അവരുടെ പ്രജ്ഞാകൂടത്തെ സമ്മോഹിപ്പിക്കുന്നു.

മരതകവർണ്ണം ചിന്നുന്ന പട്ടാംബരത്താൽ ആവേഷ്ടിതമായും, നീരാളജാലരുകളാലും വിവിധ വർണ്ണങ്ങളിലുള്ള പിഞ്ഛസമുച്ചയങ്ങളാലും ചന്ദ്രക്കലാങ്കിതമായുള്ള ചെറുകൊടികളാലും അലങ്കരിക്കപ്പെട്ടും ഉള്ള ഒരു മഹോപകാരിക, ഈ അലഭ്യപ്രദർശനങ്ങളുടെ ജീവകേന്ദ്രമായി, സർവ്വോപരി ഭാസ്വത്തായി സമ്പദൈശ്വര്യപ്രതാപവീര്യങ്ങളുടെ അംശുപ്രസരംചെയ്തു വിലസുന്നു. അതിലെ സ്നാനവ്യാപൃതകളായ കിന്നരികൾ, ഗോപികാജനം എന്നീ വർഗ്ഗം മഞ്ജുളാംഗികളുടെ രൂപവിശേഷങ്ങളാൽ ചിത്രിതമായുള്ള യവനികകൾ ഈ നിലയനത്തിന്റെ അന്തഃപ്രദേശത്തിൽ കൽഹാരസരസ്സിന്റെ ശീതളതയെ സംഭരിക്കുന്നു. ഈ ഗർഭഗൃഹത്തിനകത്തുള്ള ഒരു നെടുംസിംഹാസനം ഭഗവന്നേത്രങ്ങളാലൊഴികെ ദർശിച്ചുകൂടാത്തതായ ഒരു മഹിതജ്യോതിസ്സിനാൽ അധിഷ്ഠിതമായിരിക്കുന്നു. ശിരോരോമകുടത്തിലെ ഒരു വജ്രം ശുക്രപ്രഭയും അരപ്പട്ടയിലെ സംഘടികാസൂത്രം ഇതരഗ്രഹപ്രഭകളും അരയിൽ തിരുകീട്ടുള്ള ഒരു ചെറുകഠാരയുടെ പികശിരസ്സിലെ നേത്രരത്നങ്ങൾ ആശ്വിനേയപ്രഭകളും ആപാദകണ്ഠമുള്ള കവചഝരിക ശുദ്ധാകാശത്തിൽ തിളങ്ങുന്ന നക്ഷത്രാവലിയുടെ സ്ഫുരൽപ്രഭകളും നിമേഷഹീനങ്ങളായ ദേവനേത്രങ്ങളെയും അഞ്ചിക്കുമാറു സംയോജിച്ച് പരിതഃസ്ഥങ്ങളായുള്ള പ്രതാപസാമഗ്രികളുടെ ആകാരമൂല്യതകളെയും അദൃശ്യമാക്കുന്നു. എങ്കിലും ആ രാജമണ്ഡപം കാമധേനുവാലും കല്പകവൃക്ഷത്താലും ദാനംചെയ്യപ്പെടാവുന്ന സകല ഭൂതികളെയും സഞ്ചയിച്ച് ഭരതസപര്യയ്ക്കായി സജ്ജീകരിക്കപ്പെട്ട ഭരദ്വാജാശ്രമം പോലെ സ്ഥിതിചെയ്യുന്നതായി സങ്കല്പിച്ചുകൊണ്ടു കഥാശേഷത്തിലോട്ടു പ്രവേശിക്കുക തന്നെ.

രത്നാഞ്ചിതമഞ്ചത്തിന്റെ പൂർവ്വതലത്തെ ആസ്തരണം ചെയ്യുന്ന രത്നകംബളത്തിൽനിന്ന് "പ്രസാദിച്ചാലും! അനുഗൃഹീതപാദുഷാ പ്രഭോ!

"https://ml.wikisource.org/w/index.php?title=താൾ:Ramarajabahadoor.djvu/324&oldid=168177" എന്ന താളിൽനിന്ന് ശേഖരിച്ചത്