നാമാ, തിരുവിതാംകൂർഭരണത്തിനുള്ള മുക്ത്യാർ നാമാ, ജഗീരും ഭണ്ഡാരവും അരമനയും ദത്തം ചെയ്യുന്ന ഖില്ലത്, ഇതിൽ ഏതിഷ്ടമോ അത് ഈ ക്ഷണത്തിൽ ഇവിടെവച്ച് അവിടുത്തെ പ്രതിനിധിയായി ലേഖനം ചെയ്തുതരാം. വാങ്ങിക്കൊൾക, സുൽത്താൻ സന്നിധാനം സേവിക്കുന്ന സർദാന്മാർ ഓടത്തിൽ ഉണ്ട്. അവർ സാക്ഷിവയ്ക്കും. വാങ്ങിക്കൊണ്ടു കൂടിപ്പോരിക. ദാനങ്ങളുടെ സ്വഭാവവും ദാതാവിന്റെ പ്രകൃതവും ഏതുവിധമെന്ന് ഇവിടേക്കു തോന്നിയിരുന്നാലും, സമ്മതിക്കുന്നതു നിർവ്വഹിപ്പിച്ചുതരാമെന്ന് ഈ അജിതസിംഹൻ കൈയടിക്കുന്നു. എന്നും ഞങ്ങൾ കാണുന്നതായ നരമേധങ്ങളും ഹോമങ്ങളും ജനപ്രലാപവും അവരുടെ ആധിയും ഭയവും ശമിപ്പിക്കാനുള്ള കരുണാമൂർത്തിസ്ഥാനം കൈയേൽക്കുക. ഇതാ, അങ്ങെത്തുന്ന മാത്രയിൽ മൈസൂർസൈന്യം അങ്ങോട്ടേക്കു പാളയമിളക്കും. രാമരാജബഹദൂർ നിർബ്ബാധമായി തപസ്സുചെയ്തു തന്റെ ആശ്രിതപ്രധാനനെ അനുഗ്രഹിക്കട്ടെ."
ഈ സംഭാഷണം സൽക്കാരശാലയ്ക്കകത്തുണ്ടായിരുന്ന മറ്റുള്ളവർക്കു കേൾക്കാമായിരുന്നില്ല. ദിവാൻജിയുടെ അവസാനമറുപടി ഉറക്കെ ഉണ്ടാകുമ്പോൾ കേൾപ്പാൻ അവർ ബദ്ധശ്രദ്ധരായി നിന്നിരുന്നു. ദിവാൻജിയുടെ മുഖത്തിലെ പാണ്ഡുരത മാറി, അതിൽ രക്തച്ഛവി പ്രസരിച്ചു. പൗരുഷൈകമൂർത്തി എന്നപോലെ തിരിഞ്ഞു ശ്രീപത്മനാഭപ്രസാദമായ ചന്ദനതിലകം തിളങ്ങുന്ന ഉന്നതലലാടത്തെ തടവിക്കൊണ്ട് ബബ്‌ലേശ്വരനെ സഹാസം നോക്കി, ആ ദൗത്യമൗഢ്യത്തെ ഭർത്സിച്ചു: "എന്താ, തിരുമേനീ? ഞങ്ങൾക്കും ദൂരത്തെത്തുന്ന കണ്ണുകളും കാതുകളുമുണ്ട്. അതുകൾവഴി അജിതസിംഹരാജാവ്, പാണ്ഡവന്മാർ അഞ്ചും ചേർന്ന ഒരു അപൂർവ്വപുരുഷൻ എന്നാണു കേട്ടിട്ടുള്ളത്. ഇവിടെ കാട്ടിയത് എന്തൊരു ഭ്രാന്ത്? എന്റെ വിലയോ പോകട്ടെ. അവിടുന്ന് - അതു വിസ്തരിക്കുന്നില്ല. ഇവനൊരുവൻ പൊയ്‌പോയാൽ തിരുവിതാംകൂർ സമുദ്രത്തിൽ മുങ്ങിപ്പോകുമെന്നോ? ഹായ്! അങ്ങിനെ സ്വപ്നംകാണുന്ന ആൾക്ക് ഇവനെ ജീവനോടുകൂടി കിട്ടുക സാധിക്കുമെങ്കിൽ, അന്നു സൂര്യൻ അസ്തമിക്കുന്നതു കിഴക്ക്. ഇവന്റെ ശവത്തടി മതിയെങ്കിൽ യുദ്ധത്തിൽ വെന്ന് എടുത്തുകൊള്ളുക. ധീരോത്തംസമെന്ന് അവിടുത്തെപ്പറ്റി വിചാരിച്ച ബുദ്ധിമോശത്തെക്കുറിച്ചു മാത്രം ഇവൻ ലജ്ജിക്കുന്നു."
അജിതസിംഹൻ സലജ്ജനായി, രത്നകംബളം നോക്കിക്കൊണ്ട് തന്റെ സന്ദേശവാഹകത്വം പരാജയത്തിൽ കലാശിക്കുന്നതിനാൽ ഡൂണ്ഡിയായുടെ കഠാര, പൗരുഷസമഗ്രതയുടെ മൂർത്തിത്വത്തെ ദർശിക്കാൻ തന്നെ ഭാഗ്യവാനാക്കിയ മഹാത്മാവിന്റെ നിര്യാണം സംഭവിപ്പിക്കുമെന്നുള്ള ആധിയാൽ, നഷ്ടമനസ്കനായി നിന്നു. സമരരംഗത്തിലും തരളമാകാത്ത അന്തർന്നാളം ത്രസിക്കുകയാൽ അദ്ദേഹം സമീപജാലകത്തിലേക്കു നീങ്ങി കൃത്രിമഭിത്തിയിൽ ചാരി സുപ്രബോധചിന്തനത്തിനു വിശ്രമംതേടി. ദിവാൻജിയുടെയും അജിതസിംഹന്റെയും ഭാവഭേദങ്ങളിൽ നളനും കലിയും തമ്മിലുള്ള അന്തരത്തെ കാണുകയാൽ