താൾ:Ramarajabahadoor.djvu/296

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പരമായ പരത്തെയും ദർശിപ്പിക്കുന്ന ഒരു വൈതരണി ആയിരുന്നു. പ്രസ്തുത ദിവസത്തിൽ നീലസ്ഫടികത്തിന്റെ രമണീയതയോടെ സൂര്യകിരണങ്ങളെ പ്രതിബിംബിച്ചു പുളയ്ക്കുന്ന നദീമുഖം ഒരു മഹാമഖരംഗത്തിലെ ആഡംബരവിലാസങ്ങളാൽ ദർശനീയതമമായിരിക്കുന്നു. ഒരു മഹാവിപത്തിന്റെ നിവർത്തനത്തെ പ്രതീക്ഷിക്കുന്ന ബഹുജനങ്ങൾ അന്നത്തെ ഉത്സവാഘോഷദർശനത്തെ മഹോദയസ്നാനംപോലെ ആദരിച്ചു കൂട്ടമിളകി എത്തുന്നു. വഞ്ചികൾ, ഓടികൾ, ബോട്ടുകൾ എന്നിവ അഗ്രഹാരപന്തികൾപോലെ നദിയുടെ പല ഭാഗങ്ങളിലും നിലകൊള്ളുന്നു. തിമിംഗലാകാരങ്ങളായ കെട്ടുവള്ളങ്ങൾ മാർഗ്ഗനിരോധികളാകാതിരിപ്പാൻ അധികൃതന്മാരുടെ ആജ്ഞകൾ അനുസരിച്ചു നദിയുടെ ഇരുഭാഗത്തോട്ടും അടുപ്പിച്ചു നെടുംകുറ്റികൾ ഇറക്കിക്കെട്ടിയിരിക്കുന്നു. അതുകളിലെ പാചകകർമ്മങ്ങൾക്കിടയിൽ പൊങ്ങുന്ന ധൂമശിഖകൾ ആ നദീതലം അന്നത്തേക്കു ഭൂതലമായിത്തീർന്നിരിക്കുന്നു എന്നുതന്നെ തോന്നിപ്പിക്കുന്നു. ചെറുചുണ്ടന്മാർ, പരുന്തുവാലന്മാർ, ചുരുളന്മാർ, കളിവള്ളങ്ങൾ എന്നിവ നദിയുടെ ഒഴിഞ്ഞുകിടക്കുന്ന മദ്ധ്യഭാഗത്തുകൂടി മഹാനഗരങ്ങളിലെ രാജവീഥികളെ തരണംചെയ്യുന്ന ശകടങ്ങളെന്നപോലെ പന്തയംവെച്ചും മത്സരിച്ചും ഒഴുക്കുമറുത്തും അനുസരിച്ചും വിക്രീഡിക്കുന്നു. അടനയ്മ്പുകൾ, വട്ടപ്പങ്കായങ്ങൾ, തുഴനയ്മ്പുകൾ, തണ്ടുകൾ എന്നിവയുടെ ഊഷ്മളവും ശീഘ്രതരവുമായ പ്രവർത്തനങ്ങൾക്കിടയിൽ, സ്ഫടികശലാകകൾ, വജ്രമണികൾ ചിലപ്പോൾ ഇന്ദ്രചാപലേഖനങ്ങളും ആകാശത്തിൽ തിളങ്ങി അസ്തമിക്കുന്നു. നാനാഭാഗങ്ങളിൽനിന്നുപൊങ്ങുന്ന ജനതാരവവും മത്സരക്കാരുടെ ഗാനങ്ങൾ, ആർപ്പുകൾ, പ്രോത്സാഹത്തകർപ്പുകൾ എന്നിവയും ജനതതിയുടെ സമാധാനസമീക്ഷയിലുള്ള സന്തോഷനിർഭരതയെ ധ്വനിപ്പിക്കുന്നു. ഈ പ്രമോദതരംഗത്തിന്റെ സ്പർശത്തിൽ രോമാഞ്ചിതമായ വായുഭഗവാൻ മന്ദഗതിയായി സൂര്യകിരണങ്ങളെ യാവച്ഛക്യം ശീതളമാക്കി വർത്തിക്കുന്നതുകൂടാതെ പല വഞ്ചികളെയും മറ്റും ആഘോഷസാമഗ്രികളാക്കുന്ന കൊടികളെക്കൊണ്ടു പ്രഭുപരിചരണാനുയോജ്യമായ വീജനം ചെയ്യുന്നു.

നദീതീരത്തിൽ കർഷകഹസ്തങ്ങളാൽ കാടുതെളിക്കപ്പെട്ടുള്ള ഒരു പറമ്പിലെ നാളികേരതരുപോതങ്ങൾ തങ്ങളുടെ ഗർത്തങ്ങളിൽനിന്നു എത്തിനോക്കി ആ ജീവലോകപ്രമോദത്തെ അനുമോദിച്ചു ചാഞ്ചാടുന്നു. ഈ താലവൃന്ദങ്ങളാൽ അലംകൃതമായുള്ള ഭൂമിയുടെ മദ്ധ്യത്തിൽ രണ്ടു വൻമുറികളായി തിരിച്ചും വിശ്രമാദ്യാവശ്യങ്ങൾക്കുള്ളള വരാന്തമുറികൾ അനുബന്ധിച്ചും യൂറോപ്യൻ ബംഗ്ലാവുപോലുള്ള ഒരു ഊക്കൻ ശാലയും അതിന്റെ മുൻഭാഗത്ത് ഒരു ആനക്കൊട്ടിലും അതിന് അഭിമുഖമായ ആറ്റുകടവിൽ മണ്ഡപകൂടവും സ്തൂപിയും ചേർന്ന കളിത്തട്ടും ആർക്ക്‌രീതിയിലുള്ള വാതിലുകളും ജനലുകളും ഇട്ട്, ഭംഗിയായി പണിതീർന്നു രാജാജ്ഞയുടെ ദ്രുതനിർവ്വഹണശക്തിയെ പ്രദ്യോതിപ്പിക്കുന്നു. പുരകളെല്ലാം വിവാഹപ്പന്തലുകൾപോലെ നക്ഷത്രമണ്ഡലവും അറക്കെട്ടും തഞ്ചാവൂർ

"https://ml.wikisource.org/w/index.php?title=താൾ:Ramarajabahadoor.djvu/296&oldid=168145" എന്ന താളിൽനിന്ന് ശേഖരിച്ചത്