താൾ:Ramarajabahadoor.djvu/254

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അടുത്ത സൂര്യോദയത്തിൽ ഗൗണ്ഡപ്പാളയത്തിന്റെ അസ്തമയം നഗരത്തിൽ ഒരു ഭൂകമ്പത്തെത്തന്നെ സംജാതമാക്കി. പൗരസംഘങ്ങൾ അങ്ങോട്ടുമിങ്ങോട്ടും പാഞ്ഞ് ജഗൽസ്തംഭം സംഭവിച്ചുപോയതുപോലുള്ള ആധിയോടെ കാലസ്ഥിതിയുടെ ഭയങ്കരത്വത്തെക്കുറിച്ചു പലവിധം അഭിപ്രായങ്ങളും അപഹാസങ്ങളും അവഹേളനങ്ങളും പ്രലാപങ്ങളും പ്രകടിപ്പിച്ചു. രാജഭടന്മാരെയും തോല്പിച്ചുണ്ടായ ആ ബലപ്രയോഗം രാമസങ്കേതത്തെയും ബദ്ധശ്വാസമാക്കി, അനന്തരസംഭവം ഏതു കേന്ദ്രത്തിൽ നിപതിക്കുമെന്ന വൈവശ്യത്തോടെ വിചിന്തനം തുടങ്ങിച്ചു. പത്മനാഭസ്വാമിക്ഷേത്രത്തിനകത്തുള്ള അന്നദാനാലയം നിഷ്കോലാഹലാഷ്ടിയാൽ ആ ദിവസത്തിലെ ആപച്ഛങ്കയെ ആഘോഷിച്ചു. കാര്യക്കാർ തന്റെ കാര്യാലയത്തിൽ ഇരുന്നു മൈസൂർരാജമന്ദിരാചാരങ്ങൾക്കു ചേരുംപ്രകാരമുള്ള ഒരു ലേഖനത്തെ പൂർത്തിയാക്കി. ഈ ലേഖനം ഹിന്ദുസ്ഥാനിഭാഷയിൽ പല ബഹുമാനവാചകങ്ങൾകൊണ്ടു സംബുദ്ധനായ ടിപ്പുസുൽത്താൻ ബഹദൂർ സന്നിധാനത്തിലേക്ക്, സിരഹസ്തിനം സത്രാധിപനായ കാളിപ്രഭാവഭട്ടൻ ഉണർത്തിക്കുന്നതായി എഴുതപ്പെട്ടിരുന്നു. ആ ലേഖനത്തിന്റെ അസലും മേൽവിലാസലക്കോട്ടും എഴുതിത്തീർന്നപ്പോൾ ഗൗണ്ഡയന്ത്രം ഖണ്ഡിക്കപ്പെട്ടു എന്നുള്ള വിജയപ്രസാദംകൊണ്ടു കാര്യക്കാരുടെ മുഖം സവിശേഷം തിളങ്ങി.

സമയം അർദ്ധരാത്രിയോടടുക്കുന്നു. മുമ്പറഞ്ഞ ലേഖനത്തെ ഗൗണ്ഡനെക്കൊണ്ട് ഒപ്പിടുവിച്ചിട്ട് അയാളെ ബന്ധനശാലയിലേക്ക് അയയ്ക്കാനായി കാര്യക്കാർ നവീനായുധങ്ങൾ ധരിച്ചുള്ള ഭടജനങ്ങളാൽ പരിസേവിതനായി വഞ്ചിയൂർക്കാടായ ഖരദുർഗ തരണം ആരംഭിക്കുന്നു. കണ്ടകവാഹികളായുള്ള ചെറുതരുക്കളുടെ ഉന്നതിയും അവയുടെ പത്രനിബിഡതയുംകൊണ്ട് അവർക്കു പരസ്പരം കാണ്മാൻ കഴിവുണ്ടാകുന്നില്ല. സംഘത്തിലെ ഓരോ സമചതുരനും ഖഡ്ഗപ്രയോഗംകൊണ്ടുള്ള മാർഗ്ഗനിർമ്മാണത്തിനു പടുതയോടെ പ്രയത്നിക്കുന്നു. ഈ സാഹസം ചെറുജീവികളുടെ സ്വൈരവാസത്തിനു ഭംഗംഉണ്ടാക്കി ഭൂവിലങ്ങളിലും ജടിലമായുള്ള വേർക്കെട്ടുകളിലും നിന്ന് അവരെ ഇളക്കി പ്രാണഭീതിയോടെ നാനാദിശയിലോട്ടും പായിക്കുന്നു. ഇടയ്ക്കിടെ പാദനിപാതമേറ്റു ശിഥിലഫണന്മാരായ ഉരഗങ്ങൾ വഴിമദ്ധ്യത്തിൽത്തന്നെ വായുപ്രാശ്നത്താൽ ഊഷ്മളജീവന്മാരാകുന്നതിനു ശയനം ചെയ്തുപോകുന്നു. ഭൃംഗനിരകളുടെ നിസ്തന്ദ്രമുരളീഘോഷം ഭടജനത്തിൻറെ നിഷ്ഠുരമായുള്ള പാദപ്രപാതാരവത്താൽ പൊടുന്നനെ ഭംഗപ്പെട്ടു ശ്രോതാക്കൾക്കു കർണ്ണാശ്വാസം ഉണ്ടാക്കുന്നു. ആ പ്രശാന്തസ്ഥലത്തുണ്ടായ ബലപ്രവേശനം ചെറുപക്ഷികളെ ഉണർത്തി നവവസതികളുടെ സമ്പാദനത്തിനായി ആകാശവീഥിയെ വിച്ഛേദിപ്പിക്കുന്നു. വള്ളിക്കെട്ടുകൾക്കിടയിൽക്കുടുങ്ങി "അയ്യപ്പോ!" ക്രന്ദനങ്ങൾ ചെയ്തുപോകുന്ന ഭടന്മാർ ദൂരസ്ഥലങ്ങളിൽനിന്നു മുഴങ്ങുന്നതായ "പോറതാർ?" എന്നൊരു ചോദ്യവും "മാംകാമ്മാൾ" എന്ന അടയാളവാക്കും കേട്ട് അപ്രതീക്ഷിതദുരന്തത്തെ

"https://ml.wikisource.org/w/index.php?title=താൾ:Ramarajabahadoor.djvu/254&oldid=168099" എന്ന താളിൽനിന്ന് ശേഖരിച്ചത്