താൾ:Ramarajabahadoor.djvu/253

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കാര്യക്കാർ ത്രിവിക്രമനെ ഗാഢമായി ആശ്ലേഷവും ഗണ്ഡങ്ങളിലും ശിരസ്സിലും ചുംബനവും ചെയ്തു സ്വഹസ്തങ്ങൾക്കിടയിൽനിന്നു മുക്തനാക്കി. ത്രസിക്കുന്ന അധരങ്ങളാൽ പലതും പുലമ്പിക്കൊണ്ടു നമ്മുടെ യുവാവ് ആ ഗുരുവര്യന്റെ പാദങ്ങൾ തൊട്ടു കണ്ണിൽ സമർപ്പണം ചെയ്തിട്ടു ചെറുതായ ഒരു സാദിസംഘത്തെ കൊണ്ടുപോകുന്നതിനു ദിവാൻജിയുടെ ലേഖനം കൊടുത്തു അനുവാദം വാങ്ങി, പെരിഞ്ചക്കോട്ടെ പ്രണയപ്രതിജ്ഞയുടെ ശിഥിലീകരണം എന്ന അനുദ്ദിഷ്ടകർമ്മത്തിനായി പുറപ്പെട്ടു.

ഗൗണ്ഡന്റെ ഉദ്ദേശമറിഞ്ഞിരുന്ന കാര്യക്കാർ അയാളുടെ തന്ത്രപ്രയോഗം ഒന്നു പരീക്ഷിപ്പാനായി നഗരത്തിൽ സ്വൈരസഞ്ചാരം തുടങ്ങിയിരുന്നു. ആവശ്യപ്പെടുമ്പോൾ കാണാതെയും ആവശ്യമില്ലാത്തപ്പോൾ പ്രത്യക്ഷനായും തീരുന്ന കാര്യക്കാരുടെ സഞ്ചാരവിശേഷം പൗരന്മാരെയും രാജമന്ദിരസേവകരെയും വിഷമിപ്പിച്ചു. യുദ്ധം സമീപിക്കുന്ന കാലത്ത് ഒരു വിദേശീയപ്രമാണിയുടെ ധനപൂർണ്ണമായ വ്യാപാരശാല രാജാധികാരത്താൽ രക്ഷിക്കപ്പെടണമെന്ന നീതി ആസ്പദമാക്കി സേനയിലെ ഒരു ഗണം ആ ശാലയെ വലയം ചെയ്തു പാറാവുതുടങ്ങി. ഗൗണ്ഡൻ കാര്യക്കാരുടെ യന്ത്രത്തിരിപ്പിന്റെ കൗശലവിശേഷത്തെ ദർശിച്ചു. കേരളീയരായ അനുയായികൾ ഗൗണ്ഡതരുവിൽനിന്നു ക്ഷീണമൂലങ്ങളായ ജീവന്തികകൾ എന്നപോലെ കൊഴിഞ്ഞു. ഗൗണ്ഡന്റെ ആസുരമായ മാത്സര്യബുദ്ധി ശീഘ്രപ്രവർത്തനത്തിന് അയാളെ പ്രേരിപ്പിച്ചു.

നിഗ്രഹമെന്നുള്ള അവസാനകർമ്മത്തെ ഗൗണ്ഡന്റെ സംഗതിയിൽ അനുഷ്ഠിപ്പാൻ കാര്യക്കാരുടെ ചിത്തം രഞ്ജിച്ചില്ല; എന്നാൽ ദക്ഷിണദിക്കിലെ ഒരു ശിലാഗഹ്വരത്തിലുള്ള കൃമികീടാദികളോടു സാഹചര്യം അനുഭവിപ്പിക്കുവാൻ അദ്ദേഹം തീർച്ചയാക്കി. പക്ഷേ, അയാളെ അങ്ങോട്ടു യാത്രയാക്കുന്നതിനുമുമ്പ് സാവിത്രിയുടെ കുലമഹത്ത്വത്തെയും ചാരിത്ര്യത്തെയും രക്ഷിക്കുന്നതിന് ഉപയുക്തമായുള്ള ഒരു യന്ത്രത്തെ അയാളിൽനിന്നു സമ്പാദിച്ചുകൊള്ളണമെന്നും അദ്ദേഹം കരുതി.

ത്രിവിക്രമകുമാരനുമായി സംഘടിച്ചതിന്റെ അടുത്ത രാത്രിയിൽ കുഞ്ചൈക്കുട്ടിപ്പിള്ളയുടെ ആജ്ഞാധീനന്മാരായ ചാരന്മാർ ഗൗണ്ഡപ്പാളയത്തെ വലയം ചെയ്തു. കാര്യക്കാരുടെ കിങ്കരസംഘത്തിനു കിട്ടീട്ടുള്ള ആജ്ഞാനുസാരം പ്രകടിപ്പിക്കപ്പെട്ട ഔദാസീന്യം അവിടുത്തെ അനുചരരെ രക്ഷപ്പെട്ടുകൊള്ളുവാൻ അനുവദിച്ചു. അർദ്ധരാത്രിയുടെ നിർജ്ജനതയ്ക്കിടയിൽ ഗൗണ്ഡന്റെ വിലയേറിയ സാമാനങ്ങൾ രാജാധികാരത്തിന് അധീനമായ ഒരു കല്ലറയിലോട്ടും ഗൗണ്ഡൻ വഞ്ചിയൂർക്കാട്ടിൽ അവശേഷിച്ചിരുന്ന പാണ്ടപ്പാളയത്തിലേക്കും മാറ്റപ്പെട്ടു. ഭംഗാരാമൻ കാര്യക്കാർക്കു രാജമന്ദിരത്തിലുള്ള ഒരു പ്രത്യേക മുറിയിൽ മനോഹരസ്വപ്നങ്ങളാൽ സുഖമയമാക്കപ്പെട്ട നിദ്രയിൽ ലയിച്ചു.

"https://ml.wikisource.org/w/index.php?title=താൾ:Ramarajabahadoor.djvu/253&oldid=168098" എന്ന താളിൽനിന്ന് ശേഖരിച്ചത്