യേണ്ടതായി വരുകയില്ലെന്നുള്ള ചാരിതാർത്ഥ്യപ്രമോദത്തോടെ കാര്യക്കാർനടകൊണ്ടു.
സാവിത്രിയുടെ അപഹരണകഥ ഗ്രഹിച്ചപ്പോൾ തന്റെ ഹൃദയാഴിയെ മഥനം ചെയ്‌വാൻ എത്തുന്ന ഒരു ക്ഷതഹൃദയനോടു സ്വല്പനേരത്തെ മായാവിഹാരത്തിന് ഒരുങ്ങേണ്ട മുഹൂർത്തം സമാഗതമാകുന്നു എന്നു കുഞ്ചൈക്കുട്ടിപ്പിള്ള സമീക്ഷിച്ചു. മധുരാശനത്തിന് ത്രിവിക്രമപ്രഭൃതികൾ കുഞ്ചൈക്കുട്ടിപ്പിള്ളയാൽ ക്ഷണിക്കപ്പെട്ട നിശാവേള അടുത്ത പക്ഷത്തിലും ആവർത്തിതമായി. ശീലവതിയുടെ പ്രാർത്ഥനയാൽ സൂര്യരഥം നിലകൊണ്ടപോലുള്ള വിശ്വാവസ്ഥയെ തരണം ചെയ്യുന്ന ത്രിവിക്രമകുമാരൻ ദിവാൻജിയുടെ ആജ്ഞാനുസാരം മീനാക്ഷിഅമ്മയെ സന്ദർശിച്ചു സമാശ്വസിപ്പിച്ചിട്ട് രാജമന്ദിരത്തിനകത്തു പ്രവേശിച്ചു കൂഞ്ചൈക്കുട്ടിപ്പിള്ളയെ ആരാഞ്ഞു തുടങ്ങി. ചെറുമുറികളും ഉത്തരക്കെട്ടുകളും വൃക്ഷശിഖകളും നീരാഴിത്തളിമങ്ങളും - എന്നുവേണ്ട, ഗൂഢവാസത്തിനു ഉപയുക്തമായുള്ള കേന്ദ്രങ്ങളെല്ലാം പരിശോധിച്ചു ക്ഷീണനായി, പ്രധാനപള്ളിയറയിലോട്ടുള്ള കോണിമുഖത്തിൽ എത്തിയപ്പോൾ, അതിന്റെ ചുവട്ടിൽ ചുടുവെയിൽ ഏല്പാൻ കിടന്നുരുളുന്ന കരടിയെപ്പോലുള്ള ഒരു സത്വത്തെക്കണ്ടു. സ്വപ്നസംഭ്രമത്താൽ എന്നപോലെ കൈകാലുകൾകൊണ്ട് ഓരോ താളങ്ങൾ അറഞ്ഞു മലർന്നുകിടന്നിരുന്ന കുഞ്ചൈക്കുട്ടിപ്പിള്ളയെ പള്ളിയുറക്കത്തിനു ഭംഗം വരാത്ത മൃദുസ്വരത്തിൽ ഏകദേശം അരനാഴികയോളം "അമ്മാവാ!' എന്നുള്ള സങ്കീർത്തനത്താൽ ഉണർത്താൻ ശ്രമിച്ചു. ആ യോഗശയനത്തിനോ സ്വപ്നവികാരങ്ങൾക്കോ ഭംഗം ഉണ്ടായില്ല. ത്രിവിക്രമന്റെ ക്ഷമ അസ്തമിക്കുകയാൽ ആ കുമാരൻ കുഞ്ചൈക്കുട്ടിപ്പിള്ളയുടെ ശരീരത്തെക്കൊണ്ട ഒരു കൈലാസോദ്ധാരണം നിർവഹിപ്പാൻത്തന്നെ മുതിർന്നു. കാൽമുട്ടുകൾ കുത്തി വിരലുകൾ പത്തും ഉള്ളങ്കയ്യും മുഴങ്കയ്യുടെ അഗ്രഭാഗവും അടിയിലോട്ടു കടത്താൻ അനുവദിച്ച ശരീരം, ത്രിവിക്രമന്റെ പാടവത്തെ ഒന്നു പരീക്ഷിപ്പാൻ തുടങ്ങി. ആ ലോഹശരീരം രോമമാത്രമെങ്കിലും ഉയരുകയോ അടിയിലോട്ടു കടത്തിയ ഹസ്തങ്ങളെ ഉപസംഹരിക്കുവാൻ സമ്മതിക്കുകയോ ചെയ്തില്ല. കാര്യക്കാരായ യോഗസിദ്ധനോടു ബലപരീക്ഷണത്തിനോ, സാമവേദഗാനത്താൽ അദ്ദേഹത്തെ പ്രസാദിപ്പിപ്പാനോ നാക്കാതെ കേവലം ബാലകൗശലമായി ത്രിവിക്രമൻ അദ്ദേഹത്തിന്റെ കായകുട്ടിമത്തിന്മേൽ കംബളസ്ഥിതിയിൽ നിപാതം ചെയ്തു. നമ്മുടെ യുവമല്ലവിദഗ്ദ്ധൻ കാര്യക്കാരായ ഭാർഗ്ഗവാചാര്യരാൽ സകൃപം ആശ്ലേഷിതനായി. അതിമൃദുസ്വരത്തിൽ കാര്യക്കാർ ഇങ്ങനെ സംഭാഷണം ആരംഭിച്ചു: "ഉറക്കെ സംസാരിക്കരുത്. തിരുമേനി പ്രജാകാര്യക്ലേശങ്ങളാൽ പ്രജാഗരത്തെ വരിച്ചിരിക്കുന്നു. അതുകൊണ്ട് എന്തെങ്കിലും ശബ്ദം കേട്ടാൽ ഇങ്ങോട്ടെഴുന്നെള്ളും. അതു പോകട്ടെ, മർമ്മവിദ്യകൊണ്ട് കുട്ടന് കുഞ്ചൈക്കുട്ടിയെ ഉണർത്തിക്കൂടായിരുന്നോ?"