മ്പോൾ പ്രയോഗിക്കുന്ന വക്രസൂത്രവും. നല്ലോണം ചിന്തിച്ചു പറയൂ. ഏതു വിധത്തിൽ എങ്ങോട്ടു പോയിരിക്കാം?"
കാര്യക്കാർ അല്പനേരം സമാധിസ്ഥനെന്നപോലെ നിന്നിട്ട് 'പൊന്നുതിരുമേനീ! എന്നുള്ള വിനയസംബോധനയോടും തന്റെ ദർശനം തെറ്റിപ്പോകാമെങ്കിലും മൂന്നാമതൊരുവൻ അറിഞ്ഞുകൂടാ എന്നുള്ള പ്രാർത്ഥനയോടും സാവിത്രീകന്യക ആ മുഹൂർത്തത്തിൽ ഏതൊരു നിലയനത്തെ ലക്ഷ്മീസങ്കേതമാക്കിത്തീർക്കുന്നു എന്ന് ഉണർത്തിച്ചു. മഹാരാജാവിന്റെ കായദൈർഘ്യം ഒന്നു വർദ്ധിച്ചതുപോലെ കണ്ഠം ഉയർന്നു. അവിടുന്ന് ആകാശവീക്ഷണനായി സ്ഥലകാലഭ്രമങ്ങൾ നേരിട്ടതുപോലെ നിലകൊണ്ടു. ചൂണ്ടുവിരൽ നാസാന്തത്തിൽ പതിപ്പിച്ചുകൊണ്ട് കഫപ്രസരത്തോടുകൂടിയുള്ള ശബ്ദത്തിൽ ഇങ്ങനെ ചോദ്യം തുടങ്ങി:
"എന്ത് കുഞ്ചൈക്കുട്ടീ! ഭ്രാന്തല്ലേ നീ പുലമ്പുന്നത്?"
കാര്യക്കാർ: "അടിയൻ കണ്ട വസ്തുതയെ തൃപ്പാദത്തിലാക്കി. പരമാർത്ഥം ഭഗവാനറിയാം."
മഹാരാജാവ്: "അങ്ങനെ വരാൻ വഴിയെങ്ങനെ മഹാദുർഘടമല്ലേ അത്? അന്യഗൃഹം കണ്ടിട്ടില്ലാത്ത ആ കുട്ടി ആ അസുരസംഘത്തിൽ എന്തു ചെയ്യും? നമ്മുടെ പ്രജകളെന്നു നടിക്കുന്ന കൂട്ടം ഇത്രത്തോളം ദുഷ്ടന്മാരാകുന്നല്ലോ! കുലമഹത്ത്വവും ജാത്യാഭിമാനവും എല്ലാം മറക്കുന്ന നീചത്വത്തിനു നാം എന്തു പറയും എന്തു ശിക്ഷ കൊടുക്കും? തിരിയുന്നവഴിക്കെല്ലാം സംബന്ധബന്ധങ്ങൾ നമ്മെ കഷായിപ്പിക്കുന്നു."
കാര്യക്കാർ: "അടിയങ്ങളുടെ ക്ഷേമത്തിനു പൊന്നുതിരുമേനി എല്ലായ്പ്പോഴും ശ്രീപത്മനാഭന്റെ രക്ഷയെ പ്രാർത്ഥിക്കുന്നു. തിരുമനസ്സിലെ ഭക്തിയും പുണ്യപൂരവും ആ കിടാത്തിയെയും രക്ഷിക്കും."
ഈ വാക്കുകൾ കേട്ട് മഹാരാജാവ് കൈകൂപ്പി നിന്നു. അനന്തരം ഇങ്ങനെ അരുളിച്ചെയ്തു:
"ഇവിടത്തെ പ്രവേശനം എപ്പോഴെങ്കിലും വേണ്ടിവരുന്നെങ്കിൽ ഉടനെ ധരിപ്പിക്കണം, കേട്ടോ. രാജ്യം വിട്ടുകൊടുക്കാതെ എന്തു കരാറും ചെയ്‌വാൻ ഇവിടെ തയ്യാറാണ്. ആ കുട്ടിക്കുവേണ്ടി ആരു മടിച്ചാലും ഇവിടുന്ന് എന്തു ചിലവുചെയ്‌വാനും ഒരുക്കംതന്നെ."
കാര്യക്കാർ മിണ്ടാതെ നിന്നു.
മഹാരാജാവ്: "ഈ സ്ഥിതികളിൽ കേട്ടോ കാര്യക്കാരേ, ഒരു സംഗതി നല്ലവണ്ണം ഓർമ്മിച്ചു നഗരരക്ഷ നടത്തണം. ഇങ്ങോട്ടെത്തുന്നവർ എല്ലാം വിഭീഷണന്മാരല്ല. പലരും ജടാസുരന്മാരാണ്. കലാപമൊന്നും കൂടാതെ ദ്രോഹത്തിന് ഒരുമ്പെടുന്നവനെ അമർത്തിക്കളയണം. അതിനു മറ്റാരും അനുവദിക്കേണ്ടതില്ല."
താൻ അഭിലഷിച്ചതായ കല്പന ഇത്ര ഊർജ്ജിതത്തോടെ കിട്ടിയപ്പോൾ, കാര്യക്കാർ സാമാന്യമായ ഒരു അരുളപ്പാട് കേട്ടതുപോലുള്ള നിശ്ചഞ്ചലതയോടെ തൊഴുതു വിടവാങ്ങി. ഗൗണ്ഡന്റെ മർദ്ദനകർമ്മം താൻ നിവർത്തിച്ചാൽ ദിവാൻജിയുടെ ചോദ്യത്തിനുപോലും ഉത്തരം പറ