താൾ:Ramarajabahadoor.djvu/224

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


ണെന്നു ജനങ്ങൾ വിചാരിക്കുന്നു. ഈ ദ്രോഹാചാര്യർ നടത്തുന്ന സേനയ്ക്കു ജയം - " (കണ്ഠം ഇടറി) "ഭഗവാനേ! ഞാൻ എന്തു പറഞ്ഞുപോകുന്നു? എന്റെ സകലതും എടുത്തുകൊള്ളുക." (ബാലരോദനത്തോട്) "യുദ്ധത്തിൽ ജയിച്ചു പൊന്നുതിരുമേനിയെ വിജയി ആക്കുക. എന്റെ ഈ അപമാനത്തിനു നിവൃത്തി ദൈവം ഉണ്ടാക്കട്ടെ. അപരാധികളെ സത്യം അറിഞ്ഞ് ദൈവം രക്ഷിക്കുകയോ ശിക്ഷിക്കുകയോ ചെയ്യട്ടെ. ഞാൻ ഒന്നിലും പ്രാർത്ഥിക്കുന്നില്ല." ഉണ്ണിത്താൻ ഊക്കോടുകൂടി തലയിലറഞ്ഞു ലലാടം തടവി അശ്രുപ്രവാഹം തുടച്ചു. ദിവാൻജിയുടെ ഹൃദയം സ്തംഭിച്ചു; കണ്ഠവും അടഞ്ഞു. ആ വന്ദ്യശ്രീമാനായ പരിശുദ്ധഹൃദയനെ പരമാർത്ഥം ഗ്രഹിപ്പിച്ചു. സന്ദർഭസമുചിതമായുള്ള പരിശ്രമങ്ങൾക്കു സമുദ്യുക്തനാക്കാൻ താൻ ശക്തനല്ല. അതിനു ദൈവം സന്ദർഭമുണ്ടാക്കട്ടെ എന്നുള്ള പ്രാർത്ഥനയോടെ അനന്തരകർത്തവ്യത്തെ ഇങ്ങനെ ഉപദേശിച്ചു:

"ആരെങ്കിലും വഞ്ചകരാകട്ടെ. രാമവർമ്മത്തു കുടുംബത്തിന്റെ നിലനില്പിനാണ് ആ സത്യവതിയെ ദത്തെടുത്ത് അങ്ങേക്കൊണ്ടു പടത്തലവൻ അമ്മാവൻ പരിഗ്രഹിപ്പിച്ചത്. അതുകൊണ്ട് ആ കുലം നശിച്ചുപോകാതിരിപ്പാൻ വേണ്ടതു ചെയ്യുന്നതിന് അങ്ങ് പുറപ്പെടുക."

ഉണ്ണിത്താൻ: (പിന്നെയും ഹാസ്യമായി) "എന്താ, തിരുമേനിക്കുവേണ്ടി ചാകാൻ വന്നിട്ടുള്ളവർ ഉണ്ടും ഉടുത്തും കഷ്ടതകൂടാതെ കഴിയുന്നതിൽ അവിടേക്കു സങ്കടമുണ്ടെന്നുണ്ടോ?"

ദിവാൻജി ഈ ചോദ്യത്തിന് ഉത്തരം പറയാതെ തിരിഞ്ഞു നടന്നുകളഞ്ഞു. ഉണ്ണിത്താൻ തന്റെ നിലയനത്തിൽ എത്തിയപ്പോൾ, തിരുവനന്തപുരത്തു തന്റെ ഭണ്ഡാരകാര്യം വിചാരിപ്പിനു മടങ്ങി എത്തിക്കൊള്ളുവാനുള്ള ആജ്ഞാലേഖനം കിട്ടി. ദിവാൻജിയായ മന്ത്രിയിൽനിന്നുള്ള ആജ്ഞയുടെ ഊർജ്ജിതത്തിന് അനുരൂപമായ ശീഘ്രതയോടെ തിരുവനന്തപുരത്തേക്കുള്ള മടക്കയാത്രയ്ക്ക് അദ്ദേഹം വട്ടംകൂട്ടി.

ത്രിവിക്രമകുമാരനെ വരുത്തി അയാളുടെ ഹസ്തങ്ങളെ അതിഗാഢമായി ഗ്രഹിച്ചുകൊണ്ട് അയാൾക്കു മർമ്മാരുന്തുദമായി അന്നു കിട്ടിയിട്ടുള്ള വൃത്താന്തത്തെ ധരിപ്പിച്ചപ്പോൾ, ദിവാൻജി ഒരു കല്പാന്തനടനത്തിന്റെ സാക്ഷിയായിത്തന്നെത്തീർന്നു. അദ്ദേഹത്തിന്റെ സാന്ത്വനവാക്കുകൾ ബധിരകർണ്ണങ്ങളിൽ പതിച്ചു. താൻ ഭരമേറ്റുള്ള പരിണയം വിഘാതപ്പെടുന്നതല്ലെന്നുള്ള പ്രതിജ്ഞയുടെ ആവർത്തനങ്ങൾ, തന്റെ ശരീരത്തോട്, ഒതുങ്ങുന്ന ഹൃദയത്തിന്റെ വിത്രസ്തതയെ ജ്വരൗഷ്ണ്യത്തിലോട്ടുതന്നെ ആരോഹിപ്പിച്ചു. വാത്സല്യാശിസ്സുകളോടെ ശിരസ്കന്ധങ്ങൾ പലവുരു തലോടീട്ടും യുവാവിന്റെ ശരീരം ആഗ്നേയാസ്ത്രതുല്യം ഉഷ്ണവാഹിയായും കണ്ണുകൾ വികസിച്ചും അശ്രുകണവാഹിയായും അംഗുലികൾ കോപരൂക്ഷതകൊണ്ടു ഞെരിഞ്ഞും പാദങ്ങൾ ഖഡ്ഗപ്രയോഗാവസരത്തിലെ ഭൂമർദ്ദനാവസ്ഥ അവലംബിച്ചും വക്ഷഃപ്രദേശം ജൃംഭിച്ചു ശിക്ഷാനുഷ്ഠാനത്തിനുള്ള സ്വാതന്ത്ര്യലബ്ധിക്കായി ആഞ്ഞും

"https://ml.wikisource.org/w/index.php?title=താൾ:Ramarajabahadoor.djvu/224&oldid=168066" എന്ന താളിൽനിന്ന് ശേഖരിച്ചത്