താൾ:Ramarajabahadoor.djvu/196

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


പെരുകിക്കാൻ സംഗതിവരാത്തതിനാൽ ക്ലേശിച്ച് ആ നിരാശയ്ക്കു കാരണഭൂതനായ വ്യാഘ്രീസന്താനത്തെ ശപിക്കുന്നു. സ്ത്രീകളുടെ കണ്ണെഴുത്തുകൾ വസ്ത്രാന്തത്താലും കുറിപിടിപ്പുകൾ ഉള്ളംകൈകൾകൊണ്ടും ആയിത്തീർത്തതിനാൽ രസികകദംബങ്ങളും ജീവിതത്തിൽ അനാസ്ഥന്മാരായി. വയസ്സും വ്യാപാരവിശേഷണങ്ങളും അബലത്വവും കൊണ്ടു യുദ്ധാങ്കണത്തിൽ എത്തേണ്ടവരല്ലാതെ സകല ജനങ്ങളും രാജസേനയെ വാജീകരിപ്പാനുള്ള ക്ഷണങ്ങളെ പ്രാർത്ഥിച്ചു പാർക്കുന്നു. രാജ്യത്തിന്റെ നാനാഭാഗങ്ങളിലും ഉറപ്പിക്കപ്പെട്ടിട്ടുള്ള 'അന്നക്കോട്ട'കളിലെ ദാനകലാപങ്ങൾ മാത്രം അഭംഗുരമഹോത്സവങ്ങളായി ഘോഷിക്കപ്പെടുന്നു. അടുത്തദിവസം ഉദയത്തിൽ ദിവാൻജി യുദ്ധരംഗത്തിലേക്കു പുറപ്പെടുമ്പോൾ അദ്ദേഹത്തെ എട്ടുപത്തു നാഴികവരെ അനുയാത്രചെയ്തു തങ്ങളുടെ ഹൃദയാശിസ്സുകൾ നല്കി, പ്രജാത്മാവിനെ ആ ദേഹത്തിൽ ആധാനംചെയ്തു പ്രവൃദ്ധവീര്യൻ ആക്കുന്നതിന് ഓരോ കരക്കാരും സംഘങ്ങൾകൂടി നിശ്ചയിച്ചു.

ദിവാൻജിയുടെ യുദ്ധയാത്രയ്ക്കു കുതിരപ്പുള്ളി, തോക്കുപുള്ളി, ഭംലാപ്പുള്ളി എന്നിവയിൽനിന്നും തിരഞ്ഞെടുക്കപ്പെട്ട വിദഗ്ദ്ധപംക്തികൾ കൊടിപടഹകാഹളങ്ങളോടെ മന്ത്രിമന്ദിരത്തിന്റെ പുറഭാഗത്തു പാളയം ഉറപ്പിച്ചുകഴിഞ്ഞു. ദിവാൻജിയുടെയും ഈ അംഗരക്ഷകസംഘത്തിന്റെയും ഉപയോഗത്തിനുള്ള യുദ്ധഭക്ഷണോദി സാമഗ്രികളും സംഭാരങ്ങളും അതുകളെ കൊടുങ്ങല്ലൂർ ഇറക്കുന്നതിനായി വലിയതുറ എത്തി നങ്കൂരം താഴ്ത്തിനില്ക്കുന്ന പോക്കുമൂസ്സാമരയ്ക്കാരുടെ പത്തേമാരികളിലേക്ക് അയച്ചുംകഴിഞ്ഞു. മന്ത്രിപ്രധാനന്റെ യുദ്ധയാത്രാമുഹൂർത്തത്തിൽ സ്നേഹപുരസ്സരവും രാജ്യാഭിമാനപുരസ്സരവും ആശിസ്സുകൾ നല്കുവാനായി എത്തിയിരിക്കുന്ന പോക്കുമൂസ്സാമരയ്ക്കാർ, പല ദിക്കിലെയും പ്രഭുക്കന്മാർ എന്നിവർ രായസംപിള്ളമാർക്കുള്ള ശാലകളിൽ പാർക്കുന്നു. പ്രസ്ഥാനത്തിനുള്ള ഒരുക്കങ്ങളുടെ മേൽനോട്ടക്കാരനായ കുഞ്ചൈക്കുട്ടിപ്പിള്ളയുടെ സാമർത്ഥ്യത്താൽ സകല സംഭാരങ്ങളും ദിവാൻജിക്കു സന്തോഷകരമായി ഒരുക്കിക്കഴിഞ്ഞിരിക്കുന്നു. പുതിയ അംഗരക്ഷകനായ അഴകൻപിള്ളയെ ശൂലം, വാൾ എന്നീ ആയുധങ്ങൾ ഒരുവിധം പ്രയോഗിപ്പാൻപോലും അദ്ദേഹം അഭ്യസിപ്പിച്ചിരിക്കുന്നു. തോക്കിന്റെ കൈകാര്യംകൂടി പഠിപ്പിക്കാൻ പരീക്ഷിച്ചതിൽ നിറച്ചുകഴിയുമ്പോൾ അന്തഃസ്ഥിതി അറിവാൻ അഴകൻപിള്ളയ്ക്കുണ്ടാകുന്ന വാനരകൗതുകത്തെ എന്തു ശാസനകൊണ്ടും നീക്കാൻ കഴിയാത്തതിനാൽ മാവാരതം പാട്ടിൽ പ്രഖ്യാപിക്കപ്പെട്ടിട്ടില്ലാത്ത ആ ആയുധവും താനും തമ്മിലുള്ള ബന്ധം ദൂരത്തിരിക്കട്ടേ എന്ന് അയാൾ ഉപേക്ഷിച്ചതുകൊണ്ട്, അതിനെ കളരിത്തലവനായ കുഞ്ചൈക്കുട്ടിപ്പിള്ള അനുവദിച്ചു.

ഉപമന്ത്രിമാർ, താഴ്ന്നതരം ഉദ്യോഗസ്ഥന്മാർ, പൗരപ്രധാനന്മാർ തുടങ്ങിയുള്ള സേവാർത്ഥികൾ ദിവാൻജിക്ക് ഒരു ദിവസത്തെ സ്വൈര്യം അനുവദിച്ചു. അമൃതേത്തു കഴിഞ്ഞ് ഉണ്ടായ മുഖം കാണിപ്പിനു ശേഷം, അന്വേ

"https://ml.wikisource.org/w/index.php?title=താൾ:Ramarajabahadoor.djvu/196&oldid=168034" എന്ന താളിൽനിന്ന് ശേഖരിച്ചത്