വിരുത്തിക്കാരനെ നിയോഗിക്കുകയും ചെയ്തു. കേശവനുണ്ണിത്താന്റെ ഇന്ദ്രഖഡ്ഗപ്രസ്തബ്ധപാതത്തെ ചിന്തിച്ച് എല്ലാവരും നിശബ്ദരായി നിലകൊണ്ടപ്പോൾ, പിന്നെയും ആ പ്രദേശമെല്ലാം കുഞ്ഞിപ്പെണ്ണിന്റെ 'ഒപ്പാരുകൾ' സുവ്യക്തമായി കേൾക്കുമാറു നിശ്ശബ്ദമായി.
ഇതിനിടയിൽ സംഭവഗതി എങ്ങനെ ആയിരിക്കുമെന്നു ഗ്രഹിച്ച കൊടന്തയാശാന്റെ താക്കോൽക്കാർ അയാളുടെ ചെറ്റപ്പുരമർദ്ദനത്തിനായി പുറപ്പെട്ടു. വേട്ടനായ്ക്കളെപ്പോലെ കിതച്ചും കയർത്തും പാഞ്ഞു തുടങ്ങിയ ഇവരുടെ ഘോഷങ്ങൾ കേട്ടപ്പോൾത്തന്നെ കൊടന്തയാശാൻ ചാടി ആ വേലിയും ഈ കുഴിയും അടുത്ത കടമ്പയും പിന്നെക്കണ്ട പല മുട്ടുവേലികളും താണ്ടി പണ്ടത്തെ അഭയസ്ഥലമായ കാട്ടിനുള്ളിൽ മറഞ്ഞു.
ഈ സംഘത്തിന്റെ അക്രമം കൊടന്തയുടെ കോടാലിപ്പുരവാസികളെയും അവിടത്തെ കാമധേനുക്കളായ പശു കുക്കുടസംഘങ്ങളെയും ഭയപ്പെടുത്തി. രണ്ടുമൂന്നു ദിവസമായി ദിനംപ്രതി മുണ്ടുമാറി കാമദേവൻ ചമഞ്ഞു നടന്നിരുന്ന ആശാനെ അവിടെ കാണുന്നില്ല. ആശാന്റെ ഭവനത്തിലെ സ്ത്രീകൾ മാറത്തടിച്ചും അവരുടെ അന്നദാതാക്കൾ ബഹിഷ്കവചങ്ങളെ ജൃംഭിപ്പിച്ചും മുറവിളികൂട്ടിത്തുടങ്ങി. കാര്യമറിയാതെ ബാലബാലികമാർ ആ രോദനകാഹളാവലിക്കു ശ്രുതിയായി സഹായിച്ചു. അടുത്തടുത്തുള്ള ഓരോ ഭവനത്തിലും ഈ രോദനഭ്രമം സാംക്രമികരോഗമെന്നപോലെ പടർന്നു. നായന്മാരുടെ ഭവനങ്ങളിൽനിന്ന് ഏകകണ്ഠമായുണ്ടായ പ്രലപനങ്ങൾ കേട്ടപ്പോൾ പുലയർ, കുറവർ എന്നിവർ രാജ്യത്തിനുടയവരോ അല്ലെങ്കിൽ കരയ്ക്കുടയവരോ പരലോകം ചേർന്നിരിക്കുന്നു എന്നു സംശയിച്ച് ആസുരമായ മുറവിളികൾകൂട്ടി ദിക്കാസകലം നടുങ്ങിച്ചു.
നേരം നല്ല വെളിച്ചമായപ്പോൾ പലവഴിക്കും ഓടിയവരെല്ലാം തോറ്റു മടങ്ങുകയാൽ കിഴക്കേ നന്തിയത്തെജമാനന്മാർ ഉടമ്പറയിലും കുറുപ്പ്, ആശാൻ, പണിക്കര്, തിരുമുഖംപിടിച്ച പിള്ളമാർ എന്നിവർ എറയത്തും സ്ഥാനമില്ലാത്തവർ മുട്ടുകെട്ടി തിണ്ണയിലും ചെറുതരക്കാർ മുറ്റത്തും കൂടിയപ്പോൾ കാര്യഗ്രഹണവും ലോകപരിചയവുംകൊണ്ടു സഭാനിയന്ത്രണത്തിനു യോഗ്യനായുള്ള കുറുങ്ങോട്ടുകുറുപ്പ് വിചാരണ ആരംഭിച്ചു. സംഭവം ഗൗരവതരമായിട്ടുള്ളതായിരുന്നു. സദസ്യരുടെ മുഖക്ഷോഭങ്ങളും കടുതായ നിശ്ശബ്ദതയും ഈ ഗൗരവബോധത്തെ പ്രത്യക്ഷപ്പെടുത്തി. ഭവനത്തിലെ ഭൃത്യരും വടക്കെക്കെട്ടിലെത്തിയ സ്ത്രീജനങ്ങളും എല്ലാം വിചാരണയ്ക്കു വിഷയമായ സംഭവം എങ്ങനെ നടന്നുവെന്ന് അവർക്കു യാതൊരു അറിവും ഇല്ലെന്നു മൊഴികൊടുത്തു. അടുത്ത ക്രിയ പ്രധാന സാക്ഷിണിയായ കുഞ്ഞിപ്പെണ്ണിന്റെ മൊഴിവാങ്ങലായിരുന്നു. മഹാപ്രസിദ്ധനായിരുന്ന പടത്തലവൻ അനന്തപത്മനാഭന്റെ ദത്തനന്തിരവൾ കഴക്കൂട്ടപ്രഭുഗൃഹത്തിലെ ഒരേ ഒറ്റപിറന്ന കുട്ടിക്കുഞ്ഞമ്മ ആ കരയാൽ അഭിവന്ദ്യനായുള്ള കേശവനുണ്ണിത്താന് ദൈവം ശേഷിപ്പിച്ചിട്ടുള്ള