Jump to content

താൾ:Ramarajabahadoor.djvu/189

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ന്ദനങ്ങളും നവശസ്ത്രങ്ങളുടെ ഭൂകമ്പകമായ ജ്വാലാകലാപങ്ങളും നിറഞ്ഞ ഭയങ്കരസ്വപ്നത്തിൽ അമർന്നു.

ഉദയത്തോടടുത്തുള്ള രണ്ടു നാഴികനേരത്തെ ഇരുട്ടുകാലം കിഴക്കേനന്തിയത്തു വീട്ടിൽ ബ്രഹ്മാണ്ഡത്തിന്റെ അവസാനസമയത്തെ കലാപത്തിൽ കഴിയുന്നു. മഹാപിശാചിയെപ്പോലെ അത്യുച്ചശ്രുതിയിൽ നിലവിളികൂട്ടിക്കൊണ്ട് കുഞ്ഞിപ്പെണ്ണു പടിഞ്ഞാറേ മുറ്റത്തോട്ടു ചാടിയപ്പോൾ, സ്വാമിനിയുടെ അന്നത്തെ ശിക്ഷ നിയമത്തിലധികം ആ ഭൃത്യയെ വേദനപ്പെടുത്തി എന്നുമാത്രം ആ ഭവനത്തിലുള്ളവർ സംശയിച്ചു. അതിയായ മനോവേദനയോടെ നിലവിളിച്ചും വർഷധാര എന്നപോലെതന്നെ കണ്ണുനീർ പൊഴിച്ചും അറകളും തളങ്ങളും ചുറ്റുമുള്ള പറമ്പുകളും മഠവും കിണറും എല്ലാം പരിശോധിച്ചുകൊണ്ടു സരസ്സിലേക്കു പാഞ്ഞുതുടങ്ങിയ അവളെ പലരും തുടർന്ന് ആത്മഹത്യചെയ്യാനുള്ള ശ്രമം ആണെന്നു സംശയിച്ചു പിടികൂടി തടുത്തു. "ഇഞ്ഞീന്റിഞ്ഞമ്മേക്കൊണ്ടരീൻ- അല്ലെങ്കിഞ്ഞി ഇപ്പോ കൊലത്തിച്ചാടിച്ചാവുമേ! കന്റവരെപ്പെന്നിനെപ്പിരിച്ചു കയക്കിക്കൊല്ലാതിൻ കാലമ്മാരെ. എന്റെ പൊന്നിഞ്ഞമ്മേ!" എന്നു വ്യസനകോപങ്ങളോടെ രോദനം ചെയ്തു വീണ്ടും ഗൃഹത്തിലേക്കു മടങ്ങിയപ്പോൾ അവിടത്തെ സ്ത്രീകൾ അവളുടെ സംഭ്രമത്തിനും വ്യസനത്തിനും ഉള്ള കാരണം എന്തെന്നു ചോദ്യംചെയ്തു. അടക്കിക്കൂടാത്ത വ്യസനത്തിന്റെ തിരക്കിനാൽ കണ്ഠം ഇടറിക്കൊണ്ട്, "ഇങ്ങ് കാറ്റി കൊന്റിറ്റു കൊന്നേച്ചു എന്തരന്നോ? വേ-ഏ-ഏ-ഏ-" എന്നു കുഞ്ഞി നിലവിളിച്ചു. കേശവനുണ്ണിത്താന്റെ ഒരു സഹോദരി മുന്നോട്ടു നീങ്ങി, "സാവിത്രി എവിടെ?" എന്ന് ചോദ്യംചെയ്തപ്പോൾ, "ഹതല്യോ വല്യമ്മച്ചീ! കാമനില്ല, കാമാനില്ല. നിങ്ങള് കൊന്റരീൻ. അല്ലെങ്കി, ഇഞ്ഞി ഈ വാവരയിക്കയരിട്ടു തൂങ്ങിച്ചാവും" എന്നു ഉച്ചത്തിൽ വിലപിച്ചു. "എന്ത്?" എന്ന് ചുറ്റുമുള്ള എല്ലാ കണ്ഠങ്ങളിൽനിന്നും ഏകോപിച്ച് ഒരു ആശ്ചര്യോൽഗർജ്ജനം ഉണ്ടായി. ഒരു മഹാനിശ്ശബ്ദതയും ഭവനത്തിൽ വ്യാപരിച്ചു.

സ്ത്രീകൾ ഭവനപരിശോധന ആരംഭിച്ചു. അവരുടെ ഭർത്താക്കന്മാരും പുത്രവർഗ്ഗവും പറമ്പുകളിൽ മണ്ടിത്തിരിഞ്ഞു. ഭൃത്യന്മാർ നാലുപാടും സുഗ്രീവചാരന്മാർ എന്നപോലെ പാഞ്ഞുതുടങ്ങി. നന്തിയത്തേ 'യജമാനന്മാർ' അരക്ഷണംകൊണ്ടു കച്ചമുണ്ടുകൾ ചുഴറ്റി ചെറുതോടിന്റെ പടിഞ്ഞാറേവശത്തുള്ള തറയിൽ എത്തി. ശവസംസ്കാരം ഭരിപ്പാനെന്നപോലുള്ള മുഖഗൗരവത്തോടെ കൃഷ്ണക്കുറുപ്പു നെടുവടിയുമൂന്നി മുണ്ടും തെറുത്തുകേറ്റി കരക്കാരോടൊന്നിച്ച് അവിടെ എത്തി, നടന്നിരിക്കുന്ന അപമാനത്തിനും ആപത്തിനും ഉത്തരവാദി ആര് എന്നു ചോദ്യം ചെയ്ത് ഭവനത്തോടു കലഹിച്ചെന്നപോലെ കിഴക്കോട്ടു തിരിഞ്ഞു തോട്ടിലോട്ടു നോക്കി നിലയായി. അല്പം കഴിഞ്ഞ് അദ്ദേഹത്തിന്റെ കണക്കായും പല സമർത്ഥന്മാരെയും പല വഴിക്കും ഓടിച്ചു. വസ്തുത ഉടനെ മണ്ഡപത്തുംവാതുക്കൽ ധരിപ്പിപ്പാൻ ദേശകാവൽപ്പണിക്കാരനായ ഒരു

"https://ml.wikisource.org/w/index.php?title=താൾ:Ramarajabahadoor.djvu/189&oldid=168026" എന്ന താളിൽനിന്ന് ശേഖരിച്ചത്