താൾ:Ramarajabahadoor.djvu/187

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നുആശാൻ ചങ്ങാതിയുടെ കർണ്ണത്തിൽ ഒരു രഹസ്യം മന്ത്രിച്ചു. അതു വായുഭഗവാന്റേത് ഉൾപ്പെടെയുള്ള "ഷഡ്‌കർണ്ണംപുക്ക" മന്ത്രമായിരുന്നതിനാൽ എങ്ങോട്ടെല്ലാം എങ്ങനെയല്ലാം എത്ര വേഗത്തിൽ പരന്നു എന്നു സഹൃദയന്മാർക്കും ആശാനെ അപ്പോൾമുതൽ വലയം ചെയ്ത ശനിപ്പിഴയുടെ കാർക്കശ്യം അജ്യൗതിഷികൾക്കുതന്നെയും നിഷ്പ്രയാസം ഊഹ്യവുമാണ്.

മന്ദമാരുതനാൽ മാനസം വിവശമാക്കപ്പെട്ട ആശാന്റെ സഞ്ചാരങ്ങൾക്കിടയിൽ "പുഷ്‌പകം തയ്യാറായോ?" "കാഷായവസ്ത്രം വേണ്ടേ?" "ജടയ്‌ക്കു വഴിയെന്തോ?" "ദണ്ഡും കമണ്ഡലുവും എവിടെ?" "ജടായുമംഗലം അടുത്താണ്. അതുകൊണ്ടു ചന്ദ്രഹാസം കൂടി കരുതണം" എന്നിങ്ങനെ ചില രാമായണകഥാസൂചനകൾ കേട്ട് അസഹ്യപ്പെട്ട ആശാൻ തന്റെ ഉപദ്രവികളുടെ നിർമ്മാതാവായ ബ്രഹ്മദേവന് അടുത്ത പ്രളയാനന്തരവും പൂജ ഇല്ലാതെ പോകട്ടെ എന്നു ശപിച്ചു.

അടുത്ത ദിവസം ദിവാൻജിയുടെ യാത്രാമുഹൂർത്തം എപ്പോൾ എന്നുള്ള വസ്‌തുത നന്തിയത്തുഭവനത്തിലും എത്തി. അപ്പോൾമുതൽ സാവിത്രിയുടെ ഉൽകൃഷ്‌ടാദർശങ്ങളാൽ രഞ്‌ജിതമായിരുന്ന ഹൃദയതളിമം ദ്രവിച്ചു സരിത്‌സ്വഭാവത്തിലോട്ടു രൂപാന്തരപ്പെട്ടു. ആ അനന്യദൃശ്യമായ പാവനസങ്കേതത്തിൽ ഒരു ലവളജലനിധിയിലെ ചക്രവാതപ്രവർത്തനത്തിനിടയിലുള്ള തരംഗക്ഷോഭവും ആരംഭിച്ചു. തന്റെ ഭൗമവും ആമുഷ്‌മികവും ആയ ഭാവുകങ്ങൾക്കു ശർവ്വപദം നല്‌കിവച്ചിരിക്കുന്ന പ്രാണനാഥനോടു സഹഗമനം ചെയ്യുവാൻ സ്വാത്മനാ ദത്തമായിട്ടുള്ള പ്രതിജ്ഞയെ ഓർക്കുകയാൽ, അവൾ ഗാർഹികബന്ധങ്ങൾ മറന്നു. ആ സന്ദർഭത്തിലെ അവളുടെ മുഖഭാവം ഗൃഹപ്രവേശനസമയത്തു കണ്ടതിലും ദാരുണതരമെന്ന് അന്തഃപുരവാസികൾക്കും തോന്നി. തന്നാൽ പരഗൃഹീതനായുള്ള കാമുകനു ശത്രുവിൽനിന്നു വല്ല ആപത്തും സംഭവിക്കുമെന്ന് അവൾ പേടിക്കുന്നില്ല. പാഞ്ഞുവരുന്ന പീരങ്കിഉണ്ടയെ തിരിഞ്ഞുനിന്നു സൂര്യപടപ്പന്തുപോലെ കൈയിലാക്കാനുള്ള പാടവവും ആ അശ്വഹൃദയമന്ത്രജ്‌ഞൻ വശത്താക്കിയിട്ടുണ്ട്. തന്റെ ചിത്തത്തെ കുണ്‌ഠിതപ്പെടുത്തുന്നതു ഭയവ്യസനാദികളിൽ ഉൾപ്പെട്ടതോ ബുദ്ധീന്ദ്രിയങ്ങളെ സ്‌പർശിക്കുന്ന വർഗ്ഗത്തിലുള്ളതോ ആയ ഒരു സാമാന്യവികാരം അല്ല എന്ന് അവൾക്കു ബോദ്ധ്യം ആകുന്നു. പ്രതിജ്‌ഞാലംഘനം എന്ന പരമമായുള്ള മഹാപാപം ദേഹിയിന്മേൽ ചുമലുന്നതിനു നിവൃത്തിമാർഗ്ഗം അനുക്ഷണം കാണാഴികയാൽ ചിന്തകൾ പെരുകി, സംഭ്രാന്തബുദ്ധിയായി, അവൾ തന്റെ മണിയറയ്‌ക്കുള്ളിൽ തറയിൽ ശയനവുമായി. സന്ധ്യാസ്‌നാനവും ഉപേക്ഷിച്ചു. മേഘങ്ങൾ പെരുകി, ആകാശത്തെ ഇരുളിച്ച സന്ധ്യാസമയത്തെ അന്ധകാരപൂർണമാക്കിയത് ആ കന്യകയുടെ അന്തഃപ്രദേശത്തു പ്രചരിച്ചുകൊണ്ടിരിക്കുന്ന വ്യസനതിമിരത്തെ പ്രവൃദ്ധമാക്കി. ആഗ്നേയമായ ഒരു ചമ്മട്ടി വീശപ്പെട്ടതുപോലെയുള്ള ഒരു മിന്നൽപിണരിന്റെ പുച്ഛം അവളുടെ ശയനസ്ഥലത്തെ പ്രകാശിപ്പി

"https://ml.wikisource.org/w/index.php?title=താൾ:Ramarajabahadoor.djvu/187&oldid=168024" എന്ന താളിൽനിന്ന് ശേഖരിച്ചത്