താൾ:Ramarajabahadoor.djvu/186

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അല്ലെങ്കിൽ ആശ്രിതമണ്ഡലത്തിൽ ഉൾപ്പെട്ട ഒരു സാധുവിനെ സ്വപുത്രീദാനംകൊണ്ടു ധന്യനാക്കുമെന്നു പ്രതിജ്ഞചെയ്തിട്ടുള്ള ഗുരുനാഥന്റെ മുമ്പിൽ സഹപത്നീകനായി "ക്ഷന്തവ്യോ മേപരാധ?" പ്രാർത്ഥനചെയ്യുമ്പോൾ ആ കൃപാനിധിയായ പ്രഭുവിന്റെ കോപകൃപാണങ്ങൾ ഉപസംഹൃതമാകുമെന്നും അയാൾ തീർച്ചയാക്കി. അപഹരണത്തിനുള്ള ശസ്ത്രരഥവാജികൾ സജ്ജീകരിപ്പാൻ വഴിനോക്കുന്നതിനിടയിൽ ഒരു യുവരസികൻ ആശാനെ തടഞ്ഞുനിറുത്തി, ആ അന്ധകശ്രേഷ്ഠനെ ഇങ്ങനെ ഗരുഡാരൂഢനാക്കി: "ആശാൻ വിട്ടില്ലാ അന്ന്! ആ തെമ്മാടികളെ തോല്പിച്ചത് എത്ര രസമായി എന്നോ?"

കൊടന്ത‌‌ആശാൻ: "ആ മത്തങ്ങാവയറൻ കുറുങ്ങോടനാണ് കടികൂട്ടിയത്- നായ്ക്കൾ ഓടീട്ട് ഇവന്റെ ഒരു രോമം പിടുങ്ങിയോ? പോവാൻ പറയൂ ചങ്ങാതി; പുല്ലുകളെ പോവാൻ പറയൂ. പ്ലാമണ്ണൻ ഇതുകൊണ്ടൊന്നും ആടിപ്പോവൂല്ല. കാണാൻപോകുന്ന പൂരം പറഞ്ഞുകേൾപ്പിക്കണോ?"

യുവാവ്: "വിടരുതാശാനേ, വിടരുത്. ആശാനെന്താ കണ്ണില്ലേ, മൂക്കില്ലേ, കരളില്ലേ? ഹും കണ്ടേടത്തെ തമ്പുരാക്കന്മാരെക്കൊണ്ടു ചാടിച്ചത് എന്തു ഭ്രാന്ത്? ആ നന്ത്യേത്തെ കൊച്ചുണ്ണിത്താൻ കണ്ണുവയ്ക്കുന്നുണ്ട്. ആശാൻ ആണാണെങ്കിൽ വിടരുത്. (ആശാന്റെ വലതുകൈ ചെങ്ങാതിയുടെ കക്ഷത്തിലായി) ആശാൻ കുറഞ്ഞ പുള്ളിയല്ലേ- തിരുവനന്തപുരത്തെ കച്ചവടം ചിലതു ഞങ്ങളും കേട്ടിട്ടുണ്ട്. മിണ്ടാതിരിക്കൂ- ആ ധാത്രിക്കുട്ടി ഒന്നാംകടിക്കു കവർക്കുമെങ്കിലും തെല്ലു ചെല്ലുമ്പോൾ മധുരിക്കും. മർമ്മങ്ങൾ അറിഞ്ഞാണേ ആശാന്റെ അടവ്."

കൊടന്തആശാൻ: "മിണ്ടാതിരിക്കൂ ഹേ! ഗുരുനാഥന്റെ മകള്- എന്നല്ല മന്ത്രംകൊണ്ടുണ്ടോ മാങ്ങ വീഴാറ്!"

യുവാവ്: "അതല്ലേ കഥ! കചൻചങ്ങാതിയുടെ കഴുത്തിൽ ദേവയാനിക്കുട്ടി കെട്ടി ആഞ്ഞു ചിലതാടീല്ലേ!"

കൊടന്തആശാൻ: "അങ്ങനെ പറയൂ. അക്കചൻ ചുണക്കചനായിരുന്നു. നാമും അലോഖ്യങ്ങൾക്കു തെയ്യാറല്ലാ. ഗുരുർവ്വാ പുത്രീർവ്വാ."

യുവാവ്: "എന്നാൽ താൻ പടുവങ്കൻ. ആ കൊച്ചുണ്ണിത്താൻ ജയിക്കുമ്പോൾ താൻ 'ഇളിഭ്യരാശീ ബത പൊങ്ങണശ്ച' എന്നു നടക്കും."

കൊടന്തആശാൻ: (രഹസ്യമായി) "പോവൂ ഹേ! കൊച്ചുണ്ണിത്താനു കിട്ടുന്നതു തേങ്ങാ! പണ്ടുമുണ്ടേ ഞണ്ടിനു വാല്, പോവൂടോ, പോവൂ."

യുവാവ്: "എനിക്കു കേൾക്കണ്ടായേ ഈ വീരവാദങ്ങൾ. ഭോഷകൻ കചനെ കൊല്ലാൻ തോന്നുന്നുണ്ട്. താനും വല്ലടത്തും പോയി തൂങ്ങിച്ചത്ത് കാക്ക കൊത്തിത്തിന്നു പിതൃക്കളെങ്കിലും പ്രസാദിക്കട്ടെ. പോവൂ, പോവൂ. (കൈവിട്ടിട്ട്) തൊടാൻ കൊള്ളൂല്ല തന്നെ. ആശായ്മയും നടിച്ചു നടന്നാൽ പോരെടോ. കുതിരയ്ക്കു കൊമ്പില്ലാന്നുംമറ്റും നരച്ച നായ്ക്കുകൂടിയും അറിഞ്ഞുകൂടെ? തനിച്ചു മേലങ്കിൽ അതു പറയൂ. കാശു വേണങ്കിൽ ഞങ്ങൾ വരിയിട്ടുകളയാം. ഓർത്തോളു, ഇന്നോളത്തെ വേട്ടയോട്ടം."

"https://ml.wikisource.org/w/index.php?title=താൾ:Ramarajabahadoor.djvu/186&oldid=168023" എന്ന താളിൽനിന്ന് ശേഖരിച്ചത്