താൾ:Ramarajabahadoor.djvu/179

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


ഗവും ചിലമ്പിനേത്തുകാരോടുള്ള ദാക്ഷിണ്യവും അയാളുടെ വിശ്വാസത്തെ ഒന്നുകൂടി വേരുറപ്പിച്ചു. അതുകൊണ്ട് ആ കുടിലാശയൻ ചിലമ്പിനഴിയം സംബന്ധിച്ച് അനാസ്ഥാവാന്റെയും ടിപ്പുവിന്റെ കാര്യത്തിൽ ഉത്തമബന്ധുവിന്റെയും നിലയിൽ, കാര്യസാദ്ധ്യത്തെ മാത്രം പ്രതീക്ഷിക്കുന്നവൻ എന്നപോലെ ഗൗണ്ഡനോട് ആ സ്ഥലത്തെത്തി പാളയമടിച്ചു താമസിക്കുന്നതിന്റെ ഉദ്ദേശ്യം എന്തെന്നു ഖണ്ഡിച്ചു ചോദ്യംചെയ്തു. അടുത്ത വെളുത്തവാവുനാൾ സന്ധ്യയോട് എങ്കിലും തങ്ങളുടെ പുരോഭാഗത്തുള്ള രാജപഥത്തെ തരണം ചെയ്യുന്ന ദിവാൻ‌ജിയുടെ കണ്‌ഠവിച്ഛേദനം എന്ന യജ്ഞകർമ്മത്തിന്റെ സമുദ്വ്യാപനം സാധിച്ചുകൊണ്ട് ടിപ്പുവിന്റെ സേനയോടു സന്ധിപ്പാനും അങ്ങനെ യശഃപ്രാർത്ഥനാമാത്രൻ ആയ കണ്ഠീരവന്റെ മോഹം ശിഥിലമാക്കാനും താമസിക്കുന്നു എന്നു ഗൗണ്ഡൻ പെരിഞ്ചക്കോടന്റെ കർണ്ണത്തിൽ ധരിപ്പിച്ചു. തന്റെ കൈവശമുള്ള ആയുധങ്ങൾ, പരന്തിരീസ്സുകമ്പനിയാരുടെ വ്യാപാരശാലയിൽനിന്നു വാങ്ങിയിട്ടുള്ള തോക്കുകൾ ആണെന്നും അവയുടെ പ്രയോഗത്തിൽ ലാക്കു തെറ്റുകയില്ലെന്നും, തന്റെ പാളയരക്ഷികൾ വെടിവയ്പിൽ സവ്യസാചികൾ ആണെന്നും ആ തോക്കുകൾ ഉപയോഗിപ്പാൻ താൻ താമസിക്കുന്ന പ്രാകാരത്തെക്കാൾ ഉത്തമമായ ഒരു കൊത്തളം ഭുമിയിൽ മറ്റൊരു ഭാഗത്തു കിട്ടുകയില്ലെന്നും ഗൗണ്ഡൻ പ്രസംഗിച്ചു.

പെരിഞ്ചക്കോടൻ: "ഹ!ഹ!ഹ! എന്തരു പൈത്യം മൊതലാളി ഇത്? അങ്ങേര് തനിച്ച് ഒരു തടിക്കമ്പുമൂന്നി വെറച്ചോണ്ട് ഇങ്ങേരെക്കുണ്ടുവായിച്ചാടി തരുമെന്നോ നെനക്കണത്? അയ്യെ എന്റെ മൊതലാളിമൂപ്പാ! മാമനാര് എന്നാലു ഇത്തിരി പെരിഞ്ചക്കോട്ടേച്ചെറുക്കൻ ചൊല്ലണതു ചെവിക്കൊണ്ടുകളയണം. അയാന്റെകൂടി-പട്ടാളമെല്ലാം പെയ്യെന്നുവയ്ക്കണം ഒരിരുനൂറെങ്കിലും തോക്കും കാണും. പോരാഞ്ഞാൽ അ ചെറുക്കൻ, അവന്റെ പേരെന്തര് വിക്രമൻ അവൻ, പിന്നെയും ചനിപിടിപ്പാൻ, ആ രായരെ എല്ലൊടിച്ചു വിട്ടില്യോ? ആ കാലൻ ഇയിത്തുങ്ങളെല്ലാം അവന്റെ തൊണയ്ക്കുകൂടിയുണ്ട്. ഇങ്ങേരെ മരക്കോട്ടയിൽ പതുങ്ങിക്കെടന്ന് ഒളിയമ്പെയ്തൂടാമെന്നു വെച്ചാ അവന്റെ കൈയിൽ കന്നന്തിരിവ് ഒരായിരമൊണ്ട്. ചൊല്ലുണതു കേക്കണം മൊതലാളീ! പിടിച്ച പിടിയേ ഒറ്റയ്ക്കു കൈയിൽ തന്നൂടാം. അള്ളാ കത്തി തന്താൻ, മൗൽവി അറക്കച്ചൊന്നാൻ, നാൻ കത്തിവച്ചേൻ എന്ന മട്ടിൽ തീട്ടൂടണം. വരണം."

"എങ്ങോട്ട്?" എന്ന് ഗൗണ്ഡനിൽനിന്നുണ്ടായ ചോദ്യത്തിനു കിട്ടിയ മറുപടിയെക്കുറിച്ച് അല്പനേരം ഗൗണ്ഡൻ ചിന്തയോടിരുന്നു. അതേ, പെരിഞ്ചക്കോടൻ ഉപദേശിക്കുന്ന പദ്ധതി എത്രയും ലഘു എന്നും അത് അനുഷ്ഠിച്ചാൽ ടിപ്പുവിന്റെ സന്തേഷാപ്തിക്കു പുറമേ ചിലമ്പിനേത്തു ഗൃഹച്ഛിദ്രത്തിനു ഒരുപശാന്തി ഉണ്ടാകുകകൂടി ചെയ്യുകയില്ലേ എന്നും തോന്നുകയാൽ ഗൗണ്ഡൻ ആ രാത്രിതന്നെ തന്റെ പരിവാരസംഘത്തിൽ ഒരു ഭാഗത്തോട് ഒന്നിച്ചു ആറേഴുനാഴിക നടന്നുകളയുവാൻ തീർച്ചയാക്കി. പെരിഞ്ചക്കോടൻ തന്റെ വേഷസാമാനങ്ങളെല്ലാം ഒരു ഭിക്ഷു

"https://ml.wikisource.org/w/index.php?title=താൾ:Ramarajabahadoor.djvu/179&oldid=168015" എന്ന താളിൽനിന്ന് ശേഖരിച്ചത്