ത്തിന്റെ ഛായാനിപാതത്താൽ അസ്തമിപ്പിക്കപ്പെട്ടു. അല്പനേരം കഴിഞ്ഞപ്പോൾ ഒരു ഭയങ്കരഭൈരാഗി ഗൗണ്ഡന്റെ മുമ്പിൽ ഒരു അനുചരനാൽ ആനീതനായി ദീർഘമായുള്ള ശിരഃകേശത്തെ കവചംചെയ്തിരുന്ന ചെഞ്ചിടയും നീണ്ട മീശയെ വിശാലമാക്കിയിരുന്ന അനുബന്ധമീശയും മറ്റും മാറ്റിയപ്പോൾ ഗൗണ്ഡൻ പൊട്ടിച്ചിരിച്ച് "വാരുംഗയ്യാ! പെരിഞ്ചക്കോടർ. താങ്കൾ പടയും വന്തുട്ടിതാ?" എന്നു കുശലപ്രശ്നംചെയ്തു. ആഗതനായ ഭൈരാഗി ഗൗണ്ഡനെ ആരാഞ്ഞു പുറപ്പെട്ടിരുന്ന പെരിഞ്ചക്കോടൻതന്നെ എന്നു വായനക്കാർ ഊഹിച്ചിരിക്കുമല്ലോ. ഗൗണ്ഡന്റെ സഹാസപ്രശ്നം സംഗതികളുടെ വിഷമഗതിക്കു സന്ദർഭാനുയോജ്യം അല്ലെന്ന് പെരിഞ്ചക്കോടനു തോന്നുകയാൽ അയാളുടെ മറുപടി നീരസസ്വരത്തിലായിരുന്നു. "പടയേതു പാട്ടയേതു മുതലാളി? പാണ്ടേടെ പാളയപ്പറ്റ് അന്നു രാത്രി മൊതലാളി കണ്ടുംകൊണ്ടല്യോ പോന്നിരുന്നത്? അന്നു കണ്ട കൂട്ടം മുച്ചൂടും ആ കാലൻ ദിവാൻജി ഒരു അമുക്കാൽ തിന്നൊടുക്കി. എങ്കിലും പെരിഞ്ചക്കോടന്റെ കയ്യിൽ മറുകരുവൊണ്ടു; കിടുങ്ങണ്ടാ. എന്നുവച്ചാൽ ആ പെണ്ണേ, ഉണ്ണിത്താന്റെ മോളേ, ആ തമ്പുരാൻ കൊമരൻ നേരെ ചെന്നുകൊള്ളാണ്ടു പൊടകൊട മൊടക്കിയേച്ച് ഏതു പാതാളത്തിപ്പോയി എന്നു മൊതലാളിതന്നെ ഉത്തരം ചൊല്ലണം. തൊടക്കത്തിലേ മൊതലാളി തടയിട്ടവണ്ണം അന്തവും വന്നു കൂടി. വാലു കെളത്തിയപ്പോ ചാണോമിടാനെന്നു കണ്ടുകൂടാത്തവൻ എന്തു നിലം പേണി?"
ഗൗണ്ഡൻ: "എന്നയ്യാ! എന്ന ശൊല്ലറാംഗൾ? അജിതസിംഹൻ അന്ത ഉണ്ണിത്താനുടെ പൊണ്ണെ കല്യാണം ശെയ്യാവുടിക്കു പോയിട്ടീർകളാ? യാർ ശൊന്നാർ?"
പെരിഞ്ചക്കോടൻ: "കാട്ടിലും മേട്ടിലും കെടന്നു പണം പണം എന്നു പിടുങ്ങുന്ന കച്ചോടക്കാരനു കാര്യങ്ങൾ തിരിയുണ വഴി എങ്ങിനെറിയാം? നാടു മുച്ചൂടും മൊരശുകൊട്ടി അറിയിക്കണ വർത്ത്വാനം ഇക്കുഴിച്ചാണിയിൽ വന്നു കെടക്കണ തമുക്കയാന്റെ കാതിൽ എങ്ങനെത്തും?"
വിവാഹം വിഘ്നപ്പെട്ട വൃത്താന്തം തന്റെ ഉള്ളിൽ അങ്കുരിപ്പിക്കുന്ന വികാരം സന്തോഷമോ അസന്തോഷമോ എന്ന് ഉടനടി തീർച്ചയാക്കുന്നതിന` ഗൗണ്ഡനു സാധിച്ചില്ല. എങ്കിലും ഗാഢമായി ചിന്തിച്ചപ്പോൾ നിധിനഷ്ടത്തിൽ ചിലമ്പിനേത്തുവീട്ടുകാർ സംബന്ധിച്ചിട്ടില്ലെന്നു ബോദ്ധ്യപ്പെടുകയാൽ ഗൗണ്ഡൻ തന്റെ സന്തോഷത്തെ തുറന്നുതന്നെ പ്രകടിപ്പിച്ചു: "അച്ഛാബർ ബ്ർച്ഛ! അവൻ- അന്ത ഉണ്ണിത്താനാരെന്നവോ, പപ്പാനാട്ടം, എച്നം (യജ്ഞം) കിച്നം പണ്ണിനടക്കറ പൈത്തൻ. പോട്ടും അയ്യാ പോട്ടും. അവൻ പൊണ്ണു എപ്പടിയേ പോട്ടും. നമുക്കെന്ന?"
തന്റെ ഭാര്യാപുത്രിമാരോട് ആന്തരമായി ചെയ്തുകൊണ്ടുപോന്ന പ്രതിജ്ഞയെ നിരന്തരം സ്മരിച്ചുകൊണ്ടിരുന്ന പെരിഞ്ചക്കോടൻ ഗൗണ്ഡന്റെ സന്തോഷത്തെ ഹസ്തതാഡനത്താൽ അനുമതിക്കുന്നതിന് സന്നദ്ധനല്ലായിരുന്നു. എന്നു മാത്രമല്ലാ ഗൗണ്ഡന്റെ 'അവൻ' പ്രയോ