Jump to content

താൾ:Ramarajabahadoor.djvu/16

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ത്താന്റെ തലസ്ഥാനവസതിയെ വലയംചെയ്തിരുന്നു. ഈ പണ്ഡിതൻ നീട്ടെഴുത്തു പടിയിൽനിന്നു കയറി ഇപ്പോൾ രാജ്യഭണ്ഡാരകാര്യക്കാരൻ എന്ന ചുമതലയേറിയ ഉദ്യോഗം വഹിക്കുന്നു. ഭവനത്തിന്റെ ശുചിത്വവും അതിന്റെ ശില്പരസികത്വവും ഉണ്ണിത്താന്റെ ധനപൗഷ്കല്യവും വിചാരിച്ചു നഗരവാസികൾ ആ ഭവനത്തെ നന്തിയത്തുമഠം എന്നു വിളിക്കുന്നു. ഉണ്ണിത്താന്റെ പ്രാധാന്യം ഉദ്യോഗസ്ഥാനത്തിന്റെ വലിപ്പംകൊണ്ടല്ലായിരുന്നു. നായന്മാരിൽ വിശിഷ്ട ശാസ്ത്രീദ്വിജന്മാർക്കു തുല്യം സംസ്കൃതപാണ്ഡിത്യമുള്ള ഇദ്ദേഹത്തോടു മഹാരാജാവും തന്റെ കാവ്യരചനാശ്രമങ്ങളിൽ ഗുണദോഷാപേക്ഷകൾ ചെയ്യാറുണ്ട്. ആ മാഹാത്മ്യത്തെയും കവിഞ്ഞ, അച്ഛനാൽ കൊട്ടാരക്കര താലൂക്കിൽ നല്കപ്പെട്ട ഭൂമികളും ചിലമ്പിനഴിയംവക സ്ഥാവരജംഗമസ്വത്തുകളും അനന്തപത്മനാഭൻ പടത്തലവനിൽനിന്നു ദത്തനന്തരവളുടെ സ്ഥാനത്ത് തന്റെ ഭാര്യയ്ക്കു കിട്ടീട്ടുള്ള രാമവർമ്മത്തുഭവനവും അതോടു ചേർന്നുള്ള സ്വത്തുക്കളും കൈകാര്യംചെയ്യുന്ന ആളിന്റെ പ്രാധാന്യം ധനദന്റേതുതന്നെ ആയിരുന്നു.

നന്തിയത്തുമഠത്തിന്റെ പ്രവേശനദ്വാരം മുൻഭാഗത്തെ ഓരോ വശത്തും ഓരോ വെങ്കലചുവർവിളക്കോടുകൂടിയ ആനക്കൊട്ടിൽകൊണ്ട് അലംകൃതമായിരുന്നു. അകത്തോട്ടു കടന്നാൽ ആദ്യമായി കാണുന്നത് ചന്ത്രക്കാരന്റെ വാഴ്ചക്കാലത്ത് അദ്ദേഹത്തിന്റെ ഭവനത്തിൽ എന്നപോലെ അടിച്ചുവാരി മിനുസമാക്കീട്ടുള്ള ഒരു വലിയ മുറ്റമാണ്. തെക്കരുകിൽ മേനാച്ചാവടിയും വടക്കരുകിൽ സ്ത്രീകൾക്കും പുരുഷന്മാർക്കും വേർതിരിച്ചുള്ള കുളിപ്പുരകളോടുകൂടിയ നീരാഴിക്കെട്ടും പ്രധാന കെട്ടിടത്തിന്റെ ദ്വാസ്ഥന്മാരെന്നപോലെ നിലകൊള്ളുന്നു. മുറ്റത്തിന്റെ പടിഞ്ഞാറ്ററുതിയിൽ, പാർശ്വങ്ങൾ രണ്ടിലും ഒരോ കൊട്ടിയമ്പലത്തോടുകൂടിയ ചുവരുകളുടെ ഇടയ്ക്കായി ഊക്കനായ ഒരു എട്ടുകെട്ടു നിന്നിരുന്നത് അവിടെ താമസിക്കുന്ന കുടുംബത്തിന്റെ പ്രധാനമായുള്ള വാസനിലയമായിരുന്നു. ഈ മന്ദിരത്തിന്റെ തെക്കുകിഴക്കുമൂലയിൽ ആ രണ്ടു വശങ്ങളും തുറന്ന് ഇടനാടൻരീതിയിൽ കാണുന്ന തളത്തിന്റെ പടികളും മിഥുനക്കോൺസ്ഥൂണവും തട്ടിലെ പണികളും തളത്തിന്റെ ഇന്ദ്രശിലപ്രഭയും മയശില്പിയെക്കൊണ്ടുപോലും നാസികമേൽ വിരൽവയ്പിക്കും. ആ തളത്തിൽനിന്നു പടിഞ്ഞാറോട്ട് ഉണ്ണിത്താന്റെ ഗ്രന്ഥശാലയായ അടുത്ത മുറിയിലേക്കുള്ള ഒരു വാതിൽ മാത്രം തുറന്നുകാണുന്നത് നീക്കി, കെട്ടിന്റെ കിഴക്കുവശത്തുള്ള എല്ലാ വാതിലുകളും ബന്ധിച്ചിരിക്കുന്നത് കെട്ടിലമ്മമാർ താമസിക്കുന്ന ഭവനമാണെന്ന് അറിവുതരുന്നു.

ചിലമ്പിനഴിയം പെറ്റുള്ള ഈ ചെറുലങ്കയുടെ അന്തർഭാഗത്തു ശത്രുഭയംകൊണ്ട് രാജ്യമെങ്ങും വ്യാപിച്ചിരിക്കുന്ന പ്രഭാമാന്ദ്യം ശതഗുണീഭവിച്ചു കാണുന്നു. പടിഞ്ഞാറെക്കെട്ടിന്റെ വടക്കുഭാഗത്തുള്ള ഇടത്തളത്തിൽ നില്ക്കുന്ന വലിയ കട്ടിൽ ഒരു വ്യസനാക്രാന്തയുടെയോ രോഗിണിയുടെയൊ കിടപ്പിടമായിത്തീർന്നിരിക്കുന്നു. നഗരപ്രമോദത്തിന്റെ

"https://ml.wikisource.org/w/index.php?title=താൾ:Ramarajabahadoor.djvu/16&oldid=167994" എന്ന താളിൽനിന്ന് ശേഖരിച്ചത്