താൾ:Ramarajabahadoor.djvu/15

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ലന്റെ ആവിർഭാവത്തെ പ്രതീക്ഷിച്ച് ദിവാൻജിയുടെ പ്രത്യേകസംരക്ഷണയിൽ താമസിക്കുന്നു. അക്കാലംവരെ രാജ്യത്തിലെങ്ങും വിശ്രുതിപ്പെട്ടിട്ടില്ലാത്തതും കുടകും മൈസൂരും തൊട്ടുകിടക്കുന്നതുമായ 'ബബ്ബില്ലപുരം' എന്ന മലവാരരാജ്യത്തിലെ സിംഹാസനാവകാശിയായുള്ള രാജകുമാരൻ പല മേനോക്കി അച്ഛന്മാരോടും മാടമ്പികളോടും ഭണ്ഡാരം മുതലായ രാജചിഹ്നങ്ങളോടും എത്തി, ആയിരത്തിഎട്ടു ദിവസത്തെ ശ്രീപത്മനാഭഭജനത്തിനായി മഹാരാജാവിന്റെ ബന്ധവായുള്ള അതിഥിയുടെ സ്ഥാനാവകാശങ്ങളോടെ താമസിക്കുന്നു.

സർവ്വപ്രകാരേണയും ധർമ്മരാജ്യത്തിൽ വ്യയലക്ഷ്മിയും ഭയയക്ഷിയും ഹിമവൽശൃംഗങ്ങളോളം ഉന്നതമായുള്ള ആകാരങ്ങളിൽ പ്രതിഷ്ഠിതങ്ങളായിരിക്കുന്ന ഈ ഘട്ടത്തിൽ ശ്രീമദനന്തപുരമാകുന്ന ലക്ഷ്മീസങ്കേതം ആനന്ദവിഭ്രാന്തികൊണ്ട് ഇളകി പൊടിപെടുന്നു. ആബാലവൃദ്ധം ജനബഹുലതയുടെ ആമോദകളകളവും അതു കേട്ടിട്ടിളകിപ്പറക്കുന്ന പക്ഷികളുടെ ക്രന്ദനങ്ങളും ക്ഷേത്രങ്ങളിൽ നടക്കുന്ന വിശേഷാൽപൂജകളുടെ നാഗസ്വരശംഖാദിഘോഷങ്ങളും ഗജവീരന്മാരുടെ മദം കൊണ്ടുള്ള കണ്ഠധ്വനികളും 'നഗരാ' എന്ന രാജചിഹ്നവാദ്യത്തിന്റെ 'ഏകതാള'മേളിപ്പുകളും അകമ്പടി സേവിക്കുന്ന പുള്ളിപ്പട്ടാളക്കാരുടെ പെരുമ്പറത്തകർപ്പുകളും ദിവാൻ എന്ന പുത്തൻസൃഷ്ടിയുടെ മഹനീയസ്വരൂപം കാണ്മാൻ കൂടുന്ന രസികകദംബത്തിന്റെ സരസവാദത്തകൃതികളും മഹാരാജാവിന്റെ പൊന്നുതിരുമേനി കണ്ടു തൊഴുന്ന പെൺകൂട്ടങ്ങളുടെ വായ്ക്കുരവാരവങ്ങളും കുലശേഖരാദി മണ്ഡപങ്ങളിൽനിന്നു പൊങ്ങുന്ന വേദധ്വനികളും ചേർന്ന്, അനന്തശയനനഗരം 'ശ്രീ വഞ്ചിമഹീമഹേന്ദ്രൻ ജയിപ്പൂതാക!' എന്ന ആശംസാപ്രാർത്ഥനകളെ വിഷ്ണുപദോന്മുഖമായി മുക്തകണ്ഠം സമർപ്പിക്കുന്നു. ഈ ഉന്മേഷവിലാസങ്ങൾക്കിടയിൽ, രാജപ്രസാദത്തിന്റെ പരിപൂർണ്ണതയും സ്ഥാനോന്നതിയും, സമ്പൽസമൃദ്ധിയും നിരുദാസീനമായി അനുഗ്രഹിച്ചിട്ടുള്ള ഒരു ഭവനം മാത്രം നിരുല്ലാസത്തിന്റെ പ്രത്യേകസങ്കേതമായി കാണപ്പെടുന്നു. ഇക്കാലത്ത് കാവേരിപ്രാന്തത്തോടു ചേർന്ന ഒരു മഹാനഗരമെന്നു തോന്നിപ്പോകുംവിധം ഗൃഹവസ്ത്രാദി വിശേഷങ്ങളുടെ അകേരളീയത്വംകൊണ്ടു രൂപാന്തരപ്പെട്ടിരിക്കുന്ന തിരുവനന്തപുരം നഗരത്തിന്റെ കിഴക്കേപ്രാകാരത്തിലുള്ള വടക്കേ അറ്റത്ത്, കോട്ടവാതിൽ കടന്ന് അകത്തോട്ടു പ്രവേശിച്ചാൽ, വടക്കുഭാഗത്തു കാണുന്ന അഗ്രഹാരങ്ങൾ നില്ക്കുന്ന പ്രദേശം 'അനന്തതീർത്ഥക്കര' എന്ന നാമം ധരിച്ച്, ഉത്ഭവത്തിൽ ശ്രീപത്മനാഭക്ഷേത്രത്തിനോടുള്ള സമകാലീനത്വംകൊണ്ട് വിശേഷിച്ചൊരു സുപ്രസിദ്ധിയുള്ള സ്ഥലമായിരുന്നു. ഈ പ്രദേശത്ത് ചില സർവ്വാധികാര്യക്കാരന്മാരുടെയും പല പ്രമാണികളുടെയും ഭവനങ്ങളും ചില രാജ്യകാര്യാലയങ്ങളും നിലകൊണ്ടിരുന്നു. കോട്ടയരുകിലുള്ള ഇടവഴിയോടു ചേർന്നു തെക്കേ അറ്റത്തു കാണുന്ന മതിൽക്കെട്ട് നന്തിയത്ത് ഉണ്ണിത്താന്റെ മകനായ ചിലമ്പിനഴിയത്ത് കേശവൻകുഞ്ഞ് ഉണ്ണി

"https://ml.wikisource.org/w/index.php?title=താൾ:Ramarajabahadoor.djvu/15&oldid=167983" എന്ന താളിൽനിന്ന് ശേഖരിച്ചത്