Jump to content

താൾ:Ramarajabahadoor.djvu/149

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കൊണ്ടു ഹൃദയഭേരിയുടെ നഗരാവീക്കുകളാൽ ഉന്മിഷിതനാക്കപ്പെട്ടെ ഗൗണ്ഡൻ അല്പം വലുതായ ഒരു കൽക്കഷണത്തെ, അയാളുടെ മാർജ്ജാരനേത്രങ്ങളുടെ സഹായത്താൽ കണ്ടുപിടിച്ചു, വിലത്തിലോട്ടിട്ട് ആകാംക്ഷാജ്വരത്തിന് അധീനനായി, ദത്തശ്രവണനായി നിന്നു. വിനാഴിക-കൽക്കഷണം ഒരു മുനമ്പിന്മേൽ തടയുന്നു. വിനാഴിക-മറ്റൊരു മുനമ്പിന്മേൽ സംഘട്ടനംചെയ്യുന്ന ഒരു മന്ദ്രധ്വനി. വിനാഴിക-അതാ ഹാ! അത്യഗാധപ്രദേശത്തുനിന്ന് ഒരു -ഗൗണ്ഡൻ ചാമുണ്ഡി തുള്ളിത്തുടങ്ങിയിരിക്കുന്നു. ഒരു-ഗൗണ്ഡൻ വിലത്തിലോട്ടു ചായുന്നു-ലോഹധ്വനി വൃദ്ധൻ മരണോർദ്ധ്വനെന്നപോലുള്ള ഒരു നാസാക്രോശത്തോടെ വിലത്തിന്മേൽ അഷ്ടാംഗപ്രണാമവാൻ ആകുന്നു.

സ്വർഗ്ഗലബ്ധി, ത്രിലോകലബ്ധി, ഉത്സാഹിയായ പുരുഷനെ ജയലക്ഷ്മി ഉപേക്ഷിക്കയില്ല. വൃദ്ധൻ വാപൊത്തി, മീശയടക്കി മുമ്പോട്ടും പുറകോട്ടും ആഞ്ഞു, ഭ്രാന്തനെപ്പോലെ പൊട്ടിച്ചിരിച്ച് ഇടയ്ക്കിടെ കൈകൊട്ടുന്നു. ഈ വിഭ്രാന്തിനൃത്തം മേളിച്ചു നില്ക്കുന്നതിനിടയിൽ വൃദ്ധന്റെ ദക്ഷിണഭാഗത്തു താൻ ഉദയത്തിൽ അണിഞ്ഞിരുന്നതുപോലുള്ള ഒരു വേഷം നിലകൊള്ളുന്നു. ചിന്തയ്ക്കുള്ള നിമിഷം മാത്രം എങ്കിലും കഴിയുന്നതിനിടയിൽ വൃദ്ധന്റെ വടിവാൾ ഉറയിൽനിന്നു പുറത്തായി ചീറിത്തുടങ്ങുന്നു. ആ ചീറ്റം ദീർഘിച്ച് ആകാശത്തിൽ പല വൃത്തങ്ങളും ലേഖനം ചെയ്തിട്ടു ഖഡ്ഗം ദൂരത്തു വീഴുന്നു. അരയിലെ കൈത്തോക്ക് ആരനിമിഷംകൊണ്ടു പുറത്താകുന്നു. കൈലാസശിഖരംപോലെ ഗൗണ്ഡൻ തന്നെ ഉയർത്തപ്പെട്ടു, ദൂരത്തുള്ള കാട്ടുചെടികൾക്കിടയിൽ നിപതിതനുമാകുന്നു. നോവുകൾ കൂടാതെ രക്ഷപ്പെട്ടു, വീണടത്തുനിന്ന് ഉരുണ്ടുപിരണ്ട് എഴുന്നേറ്റു വിലത്തിന്റെ സമീപത്തു മടങ്ങി എത്തിയപ്പോൾ രംഗം ജനശൂന്യമായിരിക്കുന്നു. തന്റെ വിഭ്രമത്തെയും, സാഹസങ്ങളെയുംകുറിച്ചു തന്നത്താൻ ഭർത്സിച്ചുകൊണ്ടും നിശയെയും തിമിരകാളിയെയും മനശ്ശകലംകൊണ്ടു ചാമുണ്ഡിയെയും അനുഗ്രഹിച്ചും ജന്മോദ്ദേശ്യസാകല്യവും സാദ്ധ്യമായതുപോലെയുള്ള ഉന്മാദജ്വരത്താൽ വിറകൊണ്ടും വൃദ്ധൻ തന്റെ പാളയത്തിലേക്കു മടങ്ങി, കനകാഭ്രനിർമ്മാണം എന്ന ബ്രഹ്മാവും തുനിയാത്ത കർമ്മത്തെ മനസാ ആരംഭിച്ചും തുടർന്നും സൂര്യഭഗവാനേ മുന്നിട്ടു ശയ്യയിൽനിന്ന് എഴുന്നേല്ക്കുന്നു.

ഉദിച്ചപ്പോൾ പൂർവ്വോദയത്തിലെ വേഷത്തിൽത്തന്നെ ഗൗണ്ഡൻ മീനാക്ഷിഅമ്മയെ കണ്ടു തെക്കുവശത്ത് അഴിഞ്ഞുകിടക്കുന്ന പറമ്പിൽ തന്റെ പാളയം ഉറപ്പിക്കുന്നതിന് അനുമതി കിട്ടണമെന്നപേക്ഷിച്ചു. ഒന്നുകൂടി നോക്കിയിട്ടു വന്ന് ആവശ്യപ്പെട്ടാൽ വിരോധം ഇല്ലെന്ന് ആ മഹതി പറഞ്ഞപ്പോൾ ഗൗണ്ഡൻ അങ്ങോട്ടു നടന്നു. ഹ! ഹ! ഹ! ആശ്ചര്യമേ! ബ്രഹ്മാണ്ഡമഹാവസാദമേ! ശാശ്വതനാശോന്മുഖനായി പ്രയാണം ചെയ്ത് ഒടുങ്ങിയ കോന്തിയാശ്ശന്റെ ഉപാസനയാൽ സൃഷ്ടങ്ങളായ തക്ഷകകോടികൾ തന്നാൽ ദീർഘകാലപ്രാർത്ഥിതമായുള്ള നിധിയെ വലയംചെയ്തു രക്ഷിക്കുന്നു.

"https://ml.wikisource.org/w/index.php?title=താൾ:Ramarajabahadoor.djvu/149&oldid=167982" എന്ന താളിൽനിന്ന് ശേഖരിച്ചത്