Jump to content

താൾ:Ramarajabahadoor.djvu/102

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ദിവാൻജി: (നാസികമേൽ ചൂണ്ടുവിരൽ വച്ചുകൊണ്ട്) "നോക്കണേ, ആകപ്പാടെ എന്ത് അനർത്ഥം! തിരുമനസ്സറിയിക്കുവാനും പാടില്ല, അറിയിക്കാതിരിപ്പാനും പാടില്ല. ആർക്കും കാണാൻ വഹിയാത്ത കോവിലും കെട്ടിപ്പാർത്തു. ഇപ്പോൾ പറയ്ക്കെഴുന്നെള്ളിച്ചു തുടങ്ങിയിരിക്കുന്നതു നമുക്കു വിനയ്ക്ക്. എന്നേ മാണിക്കഗൗണ്ഡാ! ചിലരുടെ കഥകളും ചില കാര്യങ്ങളും എവിടെച്ചെന്നു നിൽക്കും? ടിപ്പുസുൽത്താന്റെ മഹായോഗം നോക്കണേ."

കുഞ്ചൈക്കുട്ടിപ്പിള്ള: "ഇവിടുത്തെ മഹായോഗമോ? ചുറ്റിക്കറങ്ങിവന്ന് ചാകാൻ ഈ കണ്ണിൽത്തന്നെ ചാടിയല്ലോ."

ദിവാൻജി: "ഈ സ്ഥലം വിട്ടുപോകാൻ വിട്ടുകൂടാ. അങ്ങനെ പല മേളവും ചേരട്ടെ. എങ്കില്ലേ ഒരു ഉത്സവമാകൂ? ഒന്നുരണ്ടു പടിത്തരക്കാരെ കുഞ്ചൈക്കുട്ടിപ്പിള്ള തന്നെ ഏൽക്കണം. തിരുമേനിസൂക്ഷിപ്പും."

കുഞ്ചൈക്കുട്ടിപ്പിള്ള ശിരസ്സു നമിച്ച് ആജ്ഞകളുടെ നിർവഹണഭാരം സ്വീകരിച്ചു എന്നു ധരിപ്പിച്ചു.

നിദ്രയ്ക്കു മുമ്പുള്ള പ്രാർത്ഥനയ്ക്കായി ദിവാൻജി ശയ്യാമഞ്ചത്തിന്മേൽ യോഗാസനസ്ഥനാകുന്നു. പരിസരദേശത്തുള്ള പ്രാകാരരക്ഷികളുടെ സഞ്ചാരാരവങ്ങൾ മൃദുലമാകുന്നു. രായസക്കാരുടെ കൂർക്കങ്ങളും ദുസ്വപ്നക്കാരുടെ പേപറച്ചിലുകളും ഇടയ്ക്കിടെ, ആ അർദ്ധരാത്രിയുടെ പ്രശാന്തമാഹാത്മ്യത്തെ അനാദരിക്കുന്നു. മൂഷികസംഘങ്ങൾ മനുഷ്യാധികാരത്തെയും മന്ത്രിപ്രഭാവത്തെയും അലക്ഷ്യമാക്കി ശൃംഗാരകലഹങ്ങളും മറ്റും തട്ടിൻപുറത്തു തകൃതിയായി മേളിക്കുന്നു. ദിവാൻജിയുടെ ധ്യാനം പത്മാസനസ്ഥന്റെ സ്ഥിതിയിൽ മാനസപൂജാക്രിയയിലോട്ടും ഒരു മഹാകായന്റെ പാദങ്ങൾ കിഴക്കേക്കെട്ടിൽനിന്നു പടിഞ്ഞാറോട്ടുള്ള വാതിലിൽക്കൂടി നിദ്രാശാലയിലേക്കും തരണം ചെയ്യുന്നു. അഷ്ടാവധാനചതുരനായ ദിവാൻജിയുടെ ശ്രോത്രങ്ങൾ ആ ഭീമാകാരന്റെ പാദങ്ങളുടെ ലഘുപതനശബ്ദത്തെയും കേൾക്കുന്നു. മീശയും നെടുംതാടിയും ധരിച്ചുള്ള ഒരു അന്തകാകാരത്തെ കണ്ടപ്പോൾ ദിവാൻജി ആദരഭാവത്തിൽ മഞ്ചത്തിൽനിന്ന് എഴുന്നേറ്റ് താഴത്തിറങ്ങി അതിന്റെ പടിചാരിനിന്ന് "ആരവിടെ? മച്ചമ്പിക്കിരിക്കാൻ ഒരു പാ കൊണ്ടുവരട്ടെ!" എന്നൊരു ആജ്ഞകൊടുത്തു.

ആഗതൻ: "വേണ്ടാ വേണ്ടാ - നിന്നാൽ മതി. ധിവാന്മാരെ നുമ്പിൽ ഇരിപ്പാനും മറ്റുമുള്ള പെരുമ ഇക്കാട്ടുമാടനില്ല."

ദിവാൻജി: "എന്നാലും മച്ചമ്പി വന്നതു സന്തോഷമായി. ചിലതു പറഞ്ഞയപ്പാൻ തരം കിട്ടിയല്ലോ."

ആഗതൻ: "നോക്ക്, മൂപ്പ് എനിക്കാണ്. അതുകൊണ്ടു ചൊല്ലാനൊള്ളതു മൊറപ്പടി ഞാൻ ചൊല്ലിയേക്കാം. എന്റപ്പി ആളും പൊരുളും ഇല്ലാണ്ട് ഇത്തിരിയൊക്കെച്ചാണക്കയറു വാങ്ങുണു. നിന്റെ തമ്പുരാനും മാനത്തുനോക്കി നക്ഷത്രതിരെണ്ണുണു. നാമെന്തായാലും ഉറ്റവര്.

"https://ml.wikisource.org/w/index.php?title=താൾ:Ramarajabahadoor.djvu/102&oldid=167931" എന്ന താളിൽനിന്ന് ശേഖരിച്ചത്